ഗിന്നസ് നേട്ടത്തിൽ റെകോർഡിട്ട് ഫായിസ് നാസർ
text_fieldsഗിന്നസ് വേൾഡ് റെകോർഡുകൾ വാരിക്കൂട്ടുകയാണ് മലയാളി പ്രവാസിയായ ഫായിസ് നാസർ. ആറു വർഷത്തിനിടെ ഇദ്ദേഹം സ്വന്തം പേരിൽ കുറിച്ചത് ഒൻപതു ഗിന്നസ് റെകോർഡുകളാണ്. 2019 സെപ്റ്റംബർ 13നായിരുന്നു ആദ്യ റെകോർഡ് നേട്ടം. ലോകത്ത് ഏറ്റവും കൂടുതൽ നേരം ഫ്രൈയിം പാനൽ വിരലിൽ കറക്കുന്ന വ്യക്തിയെന്ന നേട്ടമായിരുന്നു ആദ്യത്തേത്. ഒരു മണിക്കൂറും 12 സെക്കന്റും നേരമാണ് ഇദ്ദേഹം ഒറ്റ വിരലിൽ ഫ്രൈയിം പാനൽ കറക്കിയത്.
കണ്ണൂരിൽ തന്റെ നാടായ ചൊക്ലിയിൽ വെച്ചായിരുന്നു ഈ മിന്നും പ്രകടനം. സ്കൂൾ പഠന കാലത്ത് പുസ്തകം കൈകളിൽ ഇട്ട് ഏറെ നേരം കറക്കുന്നത് പതിവായിരുന്നു. അത് പിന്നീട് ലാപ്ടോപ്പ് പോലുള്ള മറ്റ് പല വസ്തുക്കളിലേക്കും വഴി മാറി. അന്നുമുതലെ ഗിന്നസിൽ ബുക്കിൽ ഇടം നേടുകയെന്നത് ഇദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. 27ാം വയസ്സിലാണ് ഫ്രയിം പാനലിൽ പ്രകടനം നടത്തുന്നതും ആദ്യ റെകോർഡ് നേടുന്നതും.
പിന്നീട് പ്രവാസിയായി അബൂദബിയിലേക്ക് ചേക്കേറേണ്ടി വന്നെങ്കിലും സ്വന്തം പേരിനൊപ്പം ഗിന്നസ് റെകോർഡുകളെ കൂട്ടിച്ചേർക്കുന്നതിൽ ഫായിസ് പ്രത്യേക സന്തോഷം കണ്ടെത്തുകയായിരുന്നു. അബൂദബിയിൽ ബന്ധുവിനൊപ്പം കച്ചവടത്തിൽ സജീവമായ ഇദ്ദേഹം ഏറെ നാളത്തെ പ്രയത്നത്തിനൊടുവിൽ 2022 ജനുവരി 29ന് രണ്ടാമത്തെ ഗിന്നസ് വേൾഡ് റെകോർഡ് അബൂദബിയിൽ വെച്ച് സ്വന്തമാക്കി. ലോകത്ത് ഏറ്റവും വേഗത്തിൽ ജൂസ് കുടിച്ചായിരുന്നു ആ നേട്ടം. 11.86 സെക്കന്റിനുള്ളിൽ 200 മില്ലി ലിറ്റർ കാപ്രി സൺ ജ്യൂസാണ് ഇദ്ദേഹം അധിവേഗത്തിൽ കുടിച്ചു തീർത്തത്.
ആ വർഷം തന്നെ ഏപ്രിൽ 19ന് മറ്റൊരു റെകോർഡ് കൂടി ഇദ്ദേഹം സ്വന്തം പേരിൽ ചേർത്തു. ഒരു മിനിറ്റിൽ 274 തവണ കൈത്തണ്ടയിൽ ഹുലാ ഹൂപ് (സർക്കസിൽ അരയിൽ ഇട്ട് കറക്കുന്ന വളയം) കറക്കിയാണ് വീണ്ടും റെകോർഡ് ബുക്കിൽ ഇടം നേടിയത്. ഈ നേട്ടവും അബൂദബിയിൽ വെച്ചായിരുന്നു. 2023 ഫെബ്രുവരി 14ന് ക്ലിമന്റെയ്ൻസ് (പ്രത്യേക തരം ഓറഞ്ച്) 30.39 സെക്കന്റിനുള്ളിൽ തൊലി കളഞ്ഞ് കഴിച്ചാണ് നാലാമത്തെ റെകോർഡ് സ്വന്തമാക്കിയത്. 2022 ഒക്ടോബർ എട്ടിന് 18 സെക്കന്റിനുള്ളിൽ കൈകളുടെ സഹായമില്ലാതെ ഒരു പഴം കഴിച്ച് അഞ്ചാമത്തെ റെകോർഡും സ്വന്തം പേരിലാക്കി.
എന്നാൽ, വൈകാതെ ഈ റെകോർഡ് മറ്റൊരാൾ മറികടന്നതോടെ വീണ്ടും കഠിന പ്രയത്നത്തിലൂടെ പഴം കഴിക്കുന്നതിനുള്ള 09.70 സെക്കന്റായി കുറച്ച് അത് മറികടന്നു. അതിനിടെ തന്റെ പേരിലുണ്ടായിരുന്ന കാപ്രിസൺ ജ്യൂസ് കുടിച്ച റെകോർഡ് യു.കെ സ്വദേശി തകർത്തതായി അറിഞ്ഞു. പിന്നാലെ 2023 മേയ് 16ന് 8.2 സെക്കന്റിനുള്ളിൽ മികച്ച പ്രകടനത്തിലൂടെ ആ റെകോർഡ് മറികടന്ന് വീണ്ടും തന്റെ പേരു തന്നെ ഗിന്നസ് ബുക്കിൽ ചേർത്തു. ആ വർഷം മേയ് 10ന് മറ്റൊരു റെകോർഡ് കൂടി ഇദ്ദേഹം തന്റെ പേരിലാക്കിയിരുന്നു. 80 ഗ്രാം വാട്ടർക്രസ് ഇല 37.68 സെക്കന്റിനുള്ളിൽ കഴിച്ചായിരുന്നു നേട്ടത്തിലേക്ക് നടന്നുകയറിയത്. തൊട്ടു പിന്നാലെ മേയ് 15ന് 500 ഗ്രാം ടൊമാറ്റോ കെച്ചപ്പ് വെറും 12.27 സെക്കന്റിനുള്ളിൽ അകത്താക്കി മറ്റൊരു ഗിന്നസ് വേൾഡ് റെകോർഡും കുറിച്ചു.
അതേസമയം, അധിവേഗ പ്രകടനത്തിലൂടെ റെകോർഡുകൾ തകർത്തെറിയുമ്പോഴും അതിന് പിന്നിൽ കഠിനമായ പ്രയ്തനം തന്നെയുണ്ടെന്നാണ് ഫായിസ് നാസർ പറയുന്നത്. ഇനിയും ഏറെ റെകോർഡുകൾ തനിക്ക് മുമ്പിൽ തകർന്നു വീഴാനുണ്ടെന്നും അതിനായുള്ള പരിശീലനത്തിനാണ് താനെന്നും ഫായിസ് പറയുന്നു. പിതാവ് അബ്ദുൽ നാസർ പുരാവസ്തുക്കൾ ശേഖരിക്കുന്നതിൽ അറിയപ്പെടുന്ന വ്യക്തിയാണ്. വീടിന് മുകളിൽ പുരാവസ്തുക്കളുടെ വൻ ശേഖരം തന്നെയുണ്ടിദ്ദേഹത്തിന്. ഫൗസിയ ആണ് ഫായിസിന്റെ മാതാവ്. ഭാര്യ ഫാത്തിമ ഷഹാന. മകൾ ഫാദിയ ഫായിസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.