വിസ്മയക്കാഴ്ചയായി കേശവൻ നായരുടെ അതിഥികൾ
text_fieldsമൂവാറ്റുപുഴ: നേരം പരപരാവെളുക്കുമ്പോൾ മൂവാറ്റുപുഴ കിഴക്കേക്കര പാലപ്പിള്ളി വീട്ടുമുറ്റത്ത് ഒരുപറ്റം അതിഥികളെത്തും. ഒന്നും രണ്ടുമല്ല, മുന്നൂറോളം പ്രാവുകളും അത്രത്തോളം തന്നെ കാക്കകളുമാണ് വീട്ടുടമസ്ഥൻ എൺപതുകാരനായ കേശവൻ നായരുടെ ആതിഥ്യം സ്വീകരിക്കാൻ എത്തുന്നത്. പുലർച്ച ഇവർക്കുള്ള ഭക്ഷണവും തയാറാക്കി വീട്ടുവരാന്തയിലെ ചാരുകസേരയിൽ കേശവൻ നായർ കാത്തിരിപ്പുണ്ടാകും. സമയം രാവിലെ 6.15 ആകുന്നതോടെ ഭക്ഷണസഞ്ചിയുമായി അദ്ദേഹം എണീക്കും.
ശേഷം അതിമനോഹരമായ കാഴ്ചക്കാണ് നാട് സാക്ഷ്യം വഹിക്കുക. കേശവൻ നായർ നൽകുന്ന അരിമണികൾ കൊത്തിത്തിന്നാൻ പ്രാവിൻകൂട്ടം വീട്ടുമുറ്റത്തേക്ക് പറന്നിറങ്ങും. പിന്നെ കലപിലശബ്ദത്തോടെ അദ്ദേഹം നൽകുന്ന അരിയും ഗോതമ്പും കൊത്തിതിന്നും. രണ്ടു വർഷമായി ഒരുദിവസം പോലും മുടങ്ങാതെ ഇദ്ദേഹം തുടരുകയാണ് ഈ സത്പ്രവൃത്തി. പ്രാവുകൾ ഭക്ഷണം തിന്ന് മടങ്ങുമ്പോൾ കാക്കകളുമെത്തും. എല്ലാവർക്കും സ്നേഹം നിറച്ച ധാന്യങ്ങൾ നൽകി പുഞ്ചിരിതൂകി കേശവൻ നായരും നിൽക്കും. ആവോളം അരിയും ഗോതമ്പും നൽകുന്നതിനാൽ ഒരു ദിവസം ദിനേന നാലു കിലോ ധാന്യമാണ് പക്ഷികൾക്കായി അദ്ദേഹം നൽകുന്നത്.
കോവിഡ് കാലത്താണ് അദ്ദേഹം ഇത് തുടങ്ങിയത്. മാറിവന്ന കാലാവസ്ഥക്ക് ഒന്നും അദ്ദേഹത്തിന്റെ പുലർകാലത്തുള്ള ഈ പ്രവൃത്തിയെ പിന്തിരിപ്പിക്കാനായില്ല. ദിവസവും ആറുമണിക്ക് മുമ്പ് വീടിന് മുന്നിലെ വൈദ്യുതി ലൈനിൽ പ്രാവിൻകൂട്ടം സ്ഥാനം പിടിച്ചിട്ടുണ്ടാകും. കേശവൻ നായർ സഞ്ചിയിൽനിന്ന് അരിമണികൾ മുറ്റത്ത് വിതറയിടുമ്പോൾ ഇദ്ദേഹത്തെ ഒരു നിമിഷംനോക്കിയശേഷം ഇവ ഒരു മണിപോലും ബാക്കിവെക്കാതെ തിന്നുതീർക്കും. പിന്നെ മുറ്റത്ത് വട്ടമിട്ടു പറന്ന് ആദ്യം ഇരുന്നപോലെ വൈദ്യുതി ലൈനിൽ വീണ്ടും വരിവരിയായിരിക്കും. മടങ്ങിയ പക്ഷിക്കൂട്ടം ഉച്ചഭക്ഷണത്തിനായി 12.15ഓടെ വീണ്ടുമെത്തും.
പേഴക്കാപ്പിള്ളിയിൽ പ്രവർത്തിച്ചിരുന്ന രേവതി മാച്ച് വർക്സിലെ ജീവനക്കാരനായിരുന്നു കേശവൻ നായർ. വാർധക്യപെൻഷൻ ലഭിക്കുന്നതിൽനിന്ന് ഒരു വിഹിതം മാറ്റിവെച്ചാണ് പക്ഷികൾക്ക് ആഹാരമൊരുക്കുന്നത്. മരണം വരെ ഇത് തുടരാനാകണമെന്ന പ്രാർഥനയാണ് അദ്ദേഹത്തിനുള്ളത്.
കർഷകൻ കൂടിയായ ഇദ്ദേഹം മുമ്പ് വീടിനു സമീപത്തെ റോഡ് പുറമ്പോക്കിൽ അടക്കം കപ്പയും പച്ചക്കറി കൃഷിയും ചെയ്തുവന്നിരുന്നു. വിളവ് എടുക്കുമ്പോൾ ഇതിൽനിന്നുള്ള വിഹിതം വിൽപന നടത്താതെ അയൽവാസികൾക്ക് അടക്കം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.