പഴയകാല സംഗീത ഉപകരണങ്ങളുമായി ഹബീബിന്റെ കച്ചവടം
text_fieldsഹബീബ് സംക്രാന്തി ഗ്രാമഫോണുമായി വഴിയരികിൽ
പന്തളം: പഴയകാല സംഗീത ഉപകരണമായ ഗ്രാമഫോണുമായി ഹബീബ് സംക്രാന്തിയുടെ സഞ്ചരിക്കുന്ന കച്ചവടം. കഴിഞ്ഞ 30 വർഷമായി ബൈക്കിലാണ് ഹബീബ് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വഴിയോരക്കച്ചവടത്തിനായി സംഗീത ഉപകരണവുമായി എത്തുന്നത്.
കോട്ടയം സംക്രാന്തി, വാഴക്കാലയിൽ ഹബീബ് വർഷങ്ങൾക്ക് മുമ്പ് ഇലക്ട്രോണിക് കച്ചവടവുമായി ബന്ധപ്പെട്ട വീടുകളിൽനിന്ന് ശേഖരിക്കുന്ന ഇലക്ട്രോണിക് സാധനങ്ങൾ വിറ്റുവരുന്നതിനിടയാണ് ഒരുവീട്ടിൽനിന്ന് സംഗീത ഉപകരണം ലഭിച്ചത്. ഇത് മറ്റൊരാൾക്ക് മറിച്ചുവിറ്റ് ലാഭം കിട്ടിയതോടെയാണ് പഴയ സംഗീത ഉപകരണങ്ങൾ ശേഖരിച്ച് വഴിയോരങ്ങളിൽ വിൽക്കാൻ തീരുമാനിച്ചത്.
ലിബറോ ബൈക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ രണ്ടു ബൈക്ക് വേണ്ടിവന്നു. ബൈക്കിന്റെ പിൻസീറ്റിൽ സംഗീത ഉപകരണങ്ങൾ പ്രത്യേകം തയാറാക്കിയാണ് കച്ചവടം നടത്തുന്നത്. സംഗീത ഉപകരണങ്ങൾ കൂടാതെ 100വർഷത്തിലേറെ പഴക്കമുള്ള ടെലിസ്കോപ്പ്, മണ്ണെണ്ണ വിളക്കിൽ തെളിയിക്കുന്ന ഫോൺ, പഴയ കാലത്തെ നമ്പർ കറക്കുന്ന ഫോൺ തുടങ്ങി നിരവധി ഉപകരണങ്ങളും ഹബീബ് വിൽപനക്കായി ശേഖരിച്ചിട്ടുണ്ട്.
സംഗീത ഉപകരണങ്ങൾ സിനിമ ഷൂട്ടിങ്ങിനായി വാടകക്ക് നൽകിയിട്ടുണ്ട് ഹബീബ്. കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച ഗ്രാമഫോൺ ഹബീബ് വാടകക്ക് നൽകിയതാണ്. രാജഭരണ കാലത്ത് രാജാക്കന്മാർ ഉപയോഗിക്കുന്ന ചെറിയ കത്തികളും ഹബീബിന്റെ ശേഖരണത്തിലുണ്ട്. റാഹിലയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. ഈ കച്ചവടത്തിലൂടെ സ്വന്തമായി വീടുവെച്ചതായും പെൺമക്കളെ കല്യാണം കഴിച്ച് അയച്ചതായും ഹബീബ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.