ഹച്ചികോ
text_fieldsടോക്യോ ഇംപീരിയൽ യൂനിവേഴ്സിറ്റിയിലെ പ്രഫസർ ഒരു നായ്ക്കുഞ്ഞിനെ ഓമനിച്ചുവളർത്തി. സ്നേഹപൂർവം അയാൾ അവനെ 'ഹച്ചി' എന്നു വിളിച്ചു. അവർ തമ്മിലുള്ള സൗഹൃദം ഹൃദയംകൊണ്ടുള്ളതായിരുന്നു. പിരിഞ്ഞിരിക്കാൻ പറ്റാത്തവിധം കൂട്ടുകാരായി ഇരുവരും. വളർന്നപ്പോൾ ഹച്ചി ജോലിക്കുപോകുന്ന പ്രഫസറെ അനുഗമിച്ചു. ട്രെയിൻ കയറുന്നതുവരെ അവൻ പ്രഫസറുടെ കാലിൽ മുട്ടിയുരുമ്മി തൊട്ടടുത്തുണ്ടാവും. വൈകീട്ട് ജോലികഴിഞ്ഞുമടങ്ങി ട്രെയിനിറങ്ങുന്ന സ്ഥലത്ത് കൃത്യമായി കാത്തുനിൽക്കും. പതിവുപോലെ അന്നും പ്രഫസറെ യാത്രയാക്കി ഹച്ചി മടങ്ങി. അദ്ദേഹം തിരികെവരുന്ന സമയമായപ്പോഴേക്കും അവൻ സ്റ്റേഷനിലെത്തി പതിവ് കാത്തിരിപ്പ് തുടർന്നു. പക്ഷേ, പ്രഫസർ എത്തിയില്ല. ഹച്ചി ക്ഷമയോടെ കാത്തിരിപ്പുതുടർന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും അയാൾ വന്നില്ല. സെറിബ്രൽ ഹെമറേജിനെ തുടർന്ന് പ്രഫസർ മരിച്ചത് ഹച്ചിക്ക് അറിയില്ലായിരുന്നു. ചുറ്റുമുള്ളവർ സങ്കടത്തോടെ അവന്റെ കാത്തിരിപ്പിനെ നോക്കിക്കൊണ്ടേയിരുന്നു. അനാഥനായ ഹച്ചിയെ സംരക്ഷിക്കാൻ പ്രഫസറുടെ സഹായി എത്തി. എന്നാൽ, പ്രഫസർ മാത്രമായിരുന്നു അവന്റെ മനസ്സിൽ. ഹച്ചി വീണ്ടും സ്റ്റേഷനിലെത്തി കാത്തിരുന്നു. അദ്ദേഹം തിരികെയെത്തിയിരുന്ന നേരമടുക്കുമ്പോൾ അവന്റെ കണ്ണുകളിൽ പ്രതീക്ഷ നിറയും. വാക്കുകൾക്കൊണ്ട് വിവരിക്കാനാകാത്ത സ്നേഹബന്ധത്തിന്റെ പ്രതീകമായിരുന്നു ഹച്ചിയുടെ കാത്തിരിപ്പ്. 12ാം വയസ്സിൽ ഈ ലോകത്തോടു വിടപറയുന്നതുവരെ ഹച്ചി അവന്റെ ആ കാത്തിരിപ്പു തുടർന്നു... കുറച്ചുപേർക്കെങ്കിലും അറിയാതിരിക്കില്ല ഹച്ചികോ എന്ന നായ്ക്കുഞ്ഞിന്റെ കഥ. ഹച്ചികോയോടുള്ള ആദരസൂചകമായി ജപ്പാനിലെ റെയിൽവേ സ്റ്റേഷന് ഉൾപ്പെടെ ആ നായ്ക്കുട്ടിയുടെ പേര് നൽകി.
ജപ്പാനിലെ കഥപോലെ കേരളത്തിലുമുണ്ടൊരു ഹച്ചികോ. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി സ്വദേശികളായ പ്രജീഷ്, ജംഷീർ, നൗഷാദ്, അഖിൽ എന്നിവരാണ് ഈ 'ഹച്ചികോ'ക്ക് പിന്നിൽ. ആ കഥ...
*****
താമരശ്ശേരിയിൽ നിന്നായിരുന്നു പ്രജീഷിന് രാവിലെതന്നെവന്ന കോൾ. മറ്റൊന്നും ചിന്തിക്കാതെ ജംഷീറിന്റെ സാരഥിയായ ഓട്ടോവാനുമായി ഓമശ്ശേരിയിൽനിന്ന് നാലുപേരും താമരശ്ശേരിയിലേക്ക് തിരിച്ചു. റോഡരികിലെ ഓടയിലെ ടണലിൽ കൈകാലുകൾ അനക്കാനാകാതെ നിസ്സഹായയായി കിടക്കുകയായിരുന്നു ഒരു നായ്. പ്രസവിച്ച് ദിവസങ്ങൾക്കുള്ളിലാണ് അപകടം. പാലുകുടിക്കുന്ന ആറോളം കുഞ്ഞുങ്ങൾ ഓടയുടെ മറ്റൊരിടത്തും. നാൽവർസംഘം കുഞ്ഞുങ്ങളെ ആദ്യം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പിന്നീട് അപകടത്തിൽപ്പെട്ട നായെ രക്ഷിക്കാനുള്ള ശ്രമം. മീറ്ററുകളോളം തലകുനിച്ച് നടന്നുവേണം നായുടെ അടുത്തെത്താൻ. അപകടം സംഭവിച്ചിട്ട് ദിവസങ്ങളായിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ല. അമ്മയുടെ അടുത്തെത്തി കുഞ്ഞുങ്ങൾ പാലുകുടിച്ച് മടങ്ങും. അപകടത്തിന്റെ പരിക്കുകൂടി ആയതോടെ എല്ലും തോലും മാത്രമായി ആ ജീവി. ആദ്യം ജീവൻ നിലനിർത്താൻ വെള്ളം നൽകി. പിന്നീട് തുണിയിലാക്കി ചുമന്ന് ടണലിന് പുറത്തെത്തിച്ചു. ജീവൻ രക്ഷിക്കാൻ ഉടൻതന്നെ തൊട്ടടുത്ത മൃഗാശുപത്രിയിലും. എന്നാൽ, ഗ്ലൂക്കോസ് പോലും നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്ന് അവർ പറയുന്നു. തുടർന്ന് അവർ പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് വിളിച്ചു. നായ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് എഴുതിനൽകിയതിനുശേഷമാണ് ഡോക്ടർ പ്രാഥമിക ചികിത്സയെങ്കിലും നൽകാൻ തയാറായത്. മനുഷ്യന്റെ ക്രൂരതക്കിരയായ ഒരു ജീവനാണല്ലോ അതും...
ആ നാലുപേർ
നാട്ടിൽ ഒരുമിച്ച് കളിച്ചുവളർന്നവർ. എന്തിനും ഏതിനും ആദ്യം ഓടിയെത്തുന്ന ചെറുപ്പക്കാർ. പ്രദേശത്തെ നാൽക്കവലയിൽ രാത്രി വൈകിയും ഇവരുണ്ടാകും. പ്രദേശത്തുകാർ ഏത് ആവശ്യത്തിനും ആദ്യം വിളിക്കുക ഇവരെയായിരിക്കും, ഓമശ്ശേരി പരിസരത്ത് ഇവർ ഉണ്ടാകുമെന്ന വിശ്വാസത്തിൽ. നാട്ടിലെ ഏതു ദുരന്തമുഖത്തും ഈ ചെറുപ്പക്കാൻ ഓടിയെത്തും. രക്ഷാപ്രവർത്തനങ്ങളിൽ സ്വന്തം ജീവൻപോലും വകവെക്കാതെ മുന്നിൽ നിൽക്കും. ക്രിക്കറ്റ്, ഫുട്ബാൾ ടൂർണമെന്റുകളിലും സജീവ സാന്നിധ്യം.
വാഹനമിടിച്ചു കിടക്കുന്ന നായ്ക്കളെയും പൂച്ചകളെയും രക്ഷിക്കുന്നതിൽ ആദ്യം പങ്കാളിയായത് പ്രജീഷായിരുന്നു. മറ്റൊരു സംഘത്തിനൊപ്പമായിരുന്നു പ്രവർത്തനം. എന്നാൽ, ലാഭം മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞതോടെ പ്രജീഷ് അത് വിടാൻ തീരുമാനിച്ചു. എല്ലാം അവസാനിപ്പിക്കാം എന്ന തോന്നൽ തുടങ്ങിയപ്പോഴാണ് നാട്ടിൽ വാഹനമിടിച്ച് പരിക്കേറ്റ ഒരു നായ്ക്കുട്ടി കിടക്കുന്നുവെന്ന വിവരം ലഭിച്ചത്. പലരെയും വിളിച്ചെങ്കിലും ആരും സഹായിക്കാൻ വന്നില്ല. ഒടുവിൽ പരിസരത്തെതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. എല്ലാം അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽനിന്ന് 'പുതിയ തുടക്കം'. ഊർജമായി സ്വന്തം കളിക്കൂട്ടുകാരും. ഇതോടെ പ്രജീഷ്, ജംഷീർ, നൗഷാദ്, അഖിൽ എന്ന കൂട്ടുകെട്ട് പിറന്നു. കൂട്ടുകെട്ടിന് ഒരു പേരിടണം. എതിർശബ്ദങ്ങളോ മറ്റു അഭിപ്രായങ്ങളോ ഇല്ലാതെ പേരിട്ടു... 'ഹച്ചികോ'. ഇതിനേക്കാൾ ചേരുന്ന മറ്റൊരുപേരെന്താണ്!?
ഇന്ന് ഹച്ചികോ നാലംഗ സംഘമല്ല. കേരളത്തിൽ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് പേർ ഈ 'വീണ്ടെടുക്കലി'ന്റെ ഭാഗമാകുന്നുണ്ട്. പലപ്പോഴായി നായ്ക്കൾ അപകടത്തിൽപെടുമ്പോൾ വിളിച്ചറിയിച്ച പതിനായിരത്തോളം പേരുടെ നമ്പർ ഇവരുടെ പക്കലുണ്ട്, അപകടത്തിൽപെടുന്ന ജീവികളോട് കരുണ കാണിക്കുന്നവർ. ഇവരെ ഉൾപ്പെടുത്തി ഓരോ ജില്ലകൾക്കായി വാട്സ്ആപ് ഗ്രൂപ്പുകൾ തയാറാക്കി. ഇതിലെ അംഗങ്ങൾ സ്വയം വളന്റിയർമാരായി. എല്ലാ ജില്ലകളിലെയും രക്ഷാപ്രവർത്തനം കോഴിക്കോട്ടുനിന്ന് ഈ നാലംഗ സംഘം നിയന്ത്രിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ തങ്ങളുടെ 'സാരഥി'യെ ഒപ്പം കൂട്ടി കേരളത്തിലെവിടെയായാലും രക്ഷാപ്രവർത്തനത്തിന് ഇവരെത്തും. 14 ജില്ലകളിലെയും വളന്റിയർമാരെ 'റെസ്ക്യൂ ഓപറേഷ'നായി വിടുമ്പോഴും വില്ലനാകുന്നത് സാമ്പത്തികമാണ്.
മറ്റു തൊഴിലുകൾ ഉപേക്ഷിച്ച് സ്വന്തം തൊഴിലുകളിലേക്ക് തിരിഞ്ഞവരാണ് ഈ നാലംഗ സംഘം. ജോലിയെ ബാധിക്കാതെ റെസ്ക്യൂ മിഷനുകളിൽ പങ്കെടുക്കാനായി സ്വയം തൊഴിലുകൾ കണ്ടെത്തുകയായിരുന്നുവെന്നതാണ് വസ്തുത. പ്രജീഷിന് ടൈൽസിന്റെ ജോലിയാണ്. ജംഷീർ മാർക്കറ്റിങ്ങിലും നിഷാദ് ഇന്റർലോക് ജോലിയും ചെയ്യുന്നു. അഖിലിന് ട്രാവൽസ് ബിസിനസാണ്. രാവിലെ ആളുകൾ നടത്തം തുടങ്ങുമ്പോൾ മുതൽ ഇവർക്ക് വിളി വന്നുതുടങ്ങും. പിന്നീട് നാലുപേരും കൂടി രക്ഷാപ്രവർത്തനത്തിന്. മടങ്ങിയെത്തി ജോലിസ്ഥലത്തേക്കും.
ജീവനുപേക്ഷിക്കുന്ന കുറ്റിക്കാടുകൾ
''കോഴിക്കോട് സൈബർ പാർക്കിനടുത്ത് 18 നായ്ക്കുഞ്ഞുങ്ങളെ ചാക്കിൽകെട്ടി ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവമുണ്ടായി. മൂന്നാംദിവസമാണ് ഇക്കാര്യം അറിയുന്നത്. അതിനുമുമ്പ് പ്രദേശവാസികൾ എല്ലാ സർക്കാർ സംവിധാനങ്ങളെയും വിവരമറിയിച്ചിരുന്നു. ആരും തിരിഞ്ഞുനോക്കിയില്ല. ഒരു പ്രദേശവാസി വല ഉപയോഗിച്ച് അവിടെത്തന്നെ ഒരുകൂട് ഒരുക്കിയിരുന്നു. കൗതുകം മറ്റൊന്നായിരുന്നു, ആ പ്രദേശത്ത് അലഞ്ഞുനടക്കുന്ന നായ്ക്കളെല്ലാം ആ കുഞ്ഞുങ്ങൾക്ക് കാവൽ നിൽക്കുന്നുണ്ടായിരുന്നു രാത്രിയും പകലും. കണ്ണുപോലും തുറക്കാത്തവയായിരുന്നു ആ കുഞ്ഞുങ്ങൾ. ഞങ്ങൾ കുഞ്ഞുങ്ങളെ കൊണ്ടുപോന്നു. ശേഷം എല്ലാ കുഞ്ഞുങ്ങളെയും ഓരോരുത്തരായി ഏറ്റെടുത്തു. ദത്തെടുക്കാൻ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഒരാൾക്ക് ഒരു നായ്ക്കുട്ടിയെ കൊടുത്താൽ അവരെ കൃത്യമായി ഫോളോ ചെയ്യും. ഒരുമാസമോ രണ്ടുമാസമോ കൂടുമ്പോൾ അവയുടെ ഫോട്ടോകളും വിഡിയോകളും ചോദിച്ച് വാങ്ങും. അവർ നല്ലരീതിയിൽതന്നെ അതിനെ നോക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണത്. ഇനി ചോദിച്ചിട്ട് തരുന്നില്ലെങ്കിൽ അവരുടെ അടുത്തേക്ക് ബന്ധപ്പെട്ട ജില്ലയിലെ സന്നദ്ധപ്രവർത്തകരെ അയക്കും.
പേവിഷബാധയുള്ളതെന്ന് പറയുന്ന നായ്ക്കളെയും രക്ഷപ്പെടുത്താറുണ്ട്. ഇതിനായി ക്യാച്ച്നെറ്റ് ഉപയോഗിക്കും. പക്ഷേ, അത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ ഒരുപാധിവെക്കും. അങ്ങനെ രക്ഷപ്പെടുത്തുന്നവയെ ഡോക്ടർ വന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം അവർതെന്ന ഏറ്റെടുക്കണം എന്ന്. ഡോക്ടർക്ക് വേണമെങ്കിൽ ദയാവധം നടത്താം, അല്ലാതെ കൊല്ലാൻ നാട്ടുകാരെ ഞങ്ങൾ അനുവദിക്കില്ല. പേപ്പട്ടി എന്ന് നമ്മൾ പറയുന്ന മിക്ക നായ്ക്കൾക്കും ആ അസുഖം ഉണ്ടാവാറില്ല. ആളുകൾ അങ്ങോട്ട്പോയി കൂട്ടമായി ആക്രമിക്കുമ്പോൾ പലപ്പോഴും അവ സ്വയരക്ഷക്കുവേണ്ടി അക്രമസ്വഭാവം കാണിക്കുന്നതാണ്. പിന്നീടവ പേടിച്ച് ഓടി കണ്ണിൽ കാണുന്നവരെ കടിക്കും. പേവിഷബാധയേറ്റ നായ്ക്കൾക്ക് അങ്ങനെ ഓടിനടക്കാൻ കഴിയില്ല'' -അവർ പറയുന്നു.
എന്തിനാണ് മൃഗസംരക്ഷണ വകുപ്പ്?
കേരളത്തിൽ എന്തിനാണൊരു മൃഗസംരക്ഷണ വകുപ്പ്? അസൗകര്യങ്ങളുടെ കേന്ദ്രമാണ് മൃഗാശുപത്രികൾ. ഒരു ജില്ലയിൽപോലും ഷെൽട്ടൽ ഹോമില്ല. പരിക്കേറ്റ ജീവികളെ പാർപ്പിക്കുന്നതാണ് പ്രധാന പ്രശ്നം. ഇപ്പോൾ രക്ഷപ്പെടുത്തിയശേഷം ഏതെങ്കിലും സന്മനസ്സുള്ളവരുടെ വീടുകളിൽ ഭക്ഷണവും വെള്ളവും നൽകാനായി ഏൽപിക്കുകയാണ് പതിവ്. ചികിത്സയും കുത്തിവെപ്പുകളും മറ്റും ഹച്ചികോ ലഭ്യമാക്കും. ഇവയെ സംരക്ഷിക്കുന്നതിനായി ഷെൽട്ടർ ഹോം നിർമിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് ഹച്ചികോ പറയുന്നു. അതിനായി സ്ഥലവും പണവും വേണം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
മൃഗാശുപത്രികളിൽ അവശ്യസേവനങ്ങളെങ്കിലും ലഭ്യമാക്കണമെന്നാണ് ഇവരുടെ മെറ്റാരു ആവശ്യം. പ്രാഥമിക ചികിത്സ ലഭ്യമാക്കാൻപോലും ഒരിടത്തും സംവിധാനമില്ല. മുറിവിൽ വെച്ചുെകട്ടാനുള്ള പഞ്ഞിപോലുമുണ്ടാകാറില്ലെന്നതാണ് യാഥാർഥ്യം. പരിക്കേറ്റ നായെ കൊല്ലാനാണ് ഏവരുടെയും ആദ്യശ്രമം. എന്നാൽ, അതിനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി സർക്കാർ സംവിധാനങ്ങൾപോലും മുന്നോട്ടുവരാറില്ല. മൃഗസംരക്ഷണ വകുപ്പിലെ അധികൃതരും വിവിധ ഫണ്ടുകളും എന്തിനാണെന്നാണ് ഇവർ ഉയർത്തുന്ന േചാദ്യം. കഴിഞ്ഞ ഒന്നര മാസം മാത്രം ഒന്നരലക്ഷത്തോളം രൂപയാണ് ഇവർക്ക് റെസ്ക്യൂവിനും അവയുടെ സംരക്ഷണത്തിനുമായി ചെലവുവന്നത്. നാലുപേരുടെയും ജീവിതസമ്പാദ്യമാണ് ഈ തുക. സർക്കാർ സംവിധാനത്തിലെവിടെയും മൃഗാശുപത്രികളിൽ അഡ്മിറ്റ് സംവിധാനമില്ല. ഇവയുടെ സംരക്ഷണത്തിനുവേണ്ടിയുള്ള മൃഗസംരക്ഷണവകുപ്പും മന്ത്രിയും മറ്റ് അധികൃതരും നോക്കുകുത്തിയാകുന്നു. ദത്ത് നൽകുന്ന ജീവികൾക്ക് കൃത്യമായി ലൈസൻസ് എടുപ്പിക്കാറുണ്ട് ഹച്ചികോ. പക്ഷേ, അതിലും കാണാം സർക്കാറിന്റെ അനാസ്ഥ. ലൈസൻസ് എടുത്തുകഴിഞ്ഞാൽ പിന്നീട് അതിനെ പരിശോധിക്കാനുള്ള സംവിധാനംപോലും നിലവിലില്ല. ഒരാൾ ആദ്യം ലൈസൻസ് എടുത്ത് പിന്നീട് അതിനെ ഉപേക്ഷിച്ചാൽ അതിനെതിരെ നടപടി സ്വീകരിക്കാറില്ല. പല ഡോക്ടർമാരും നല്ലരീതിയിൽ സഹകരിക്കുന്നുണ്ട്. എങ്കിലും മൃഗസംരക്ഷണവകുപ്പ് ഉണർന്നേ പറ്റൂ -അവർ പറയുന്നു.
കൂടെയില്ലെങ്കിൽ പിന്നെ...
നാട്ടിൽ കോവിഡ് രക്ഷാപ്രവർത്തനങ്ങളിലും സജീവ പങ്കാളികൾകൂടിയാണിവർ. എല്ലാറ്റിനും കൂട്ടായി വീട്ടുകാർ അവർക്കൊപ്പമുണ്ട്. പ്രജീഷ് പി.കെ അരീക്കൽ എന്ന നാട്ടുകാരുടെ കുട്ടാമന്റെ വീട്ടിൽ അമ്മയും പെങ്ങളും അമ്മൂമ്മയുമുണ്ട്. ജംഷീറിന്റെ വീടും ഓമശ്ശേരിയിലാണ്. കൂട്ടിന് ഭാര്യയും മകളും. നൗഷാദ് മുക്കം പഞ്ചായത്തിലാണ്, ഭാര്യയും രണ്ട് മക്കളുമുണ്ട്. ട്രാവൽസ് നടത്തുന്ന അഖിൽ ചന്ദ്രന്റെ വീട്ടിൽ ഭാര്യയും കുഞ്ഞും കൂട്ടിനുണ്ട്. ഹച്ചികോ അവരുടെ പല രക്ഷാപ്രവർത്തനങ്ങളുടെയും വിഡിയോകൾ യൂട്യൂബ് ചാനലായ 'hachiko animal rescue' -യിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ, മനുഷ്യരെ രക്ഷിക്കുന്ന വിഡിയോകളൊന്നും ഇതിൽ ഉൾപെടുത്താറില്ല.
പൊട്ടിച്ചുകളഞ്ഞ 'ജെസി'യുടെ മുഖം
''ചില അനുഭവങ്ങളുണ്ട്. അത് മനസ്സിൽ വല്ലാത്ത നീറ്റലുണ്ടാക്കും. ഈയിടെ കോഴിക്കോട് കുണ്ടായിത്തോടിൽ ഒരു നായ്ക്കുട്ടിയുടെ മുഖം സ്ഫോടക വസ്തുവെച്ച് തകർത്ത സംഭവമുണ്ടായി. മനുഷ്യന്റെ ക്രൂരത വെളിവാക്കുന്ന ഒന്നായിരുന്നു അത്. പടക്കംപോലുള്ള എന്തോ ഒന്ന് കഴിക്കാൻ കൊടുത്തതാണ്. ഭക്ഷണം നൽകിയതാണെന്ന ധാരണയിൽ അത് കടിച്ച നായ്ക്കുഞ്ഞിന്റെ മുഖം പൊട്ടിച്ചിതറി. മൂക്കിന്റെ മുകൾഭാഗം മുതൽ നാവും പല്ലുമടക്കം തകർന്നുപോയി. വേദന സഹിക്കാതെ അത് ഓടിനടക്കുന്നതുകണ്ട സ്ത്രീയാണ് വിവരം അറിയിക്കുന്നത്. ആർക്കും ഒരു തവണ മാത്രമേ ആ നായ്ക്കുട്ടിയുടെ മുഖത്തേക്ക് നോക്കാനാകൂ. വെറും രണ്ടു മാസം മാത്രമായിട്ടേ ഉണ്ടാകൂ അതിനപ്പോൾ. പിന്നീട് പൂക്കോട് വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. ഒരുമാസം തുടർച്ചയായി അതിനെയുംെകാണ്ട് ആശുപത്രിയിലേക്ക് ഓടേണ്ടിവന്നു. കോഴിക്കോടുനിന്ന് ദിവസവും രാവിലെ നായ്ക്കുട്ടിയുമായി വയനാട് പൂക്കോടെത്തും. ചികിത്സക്കു ശേഷം ഉച്ചയോടെ മടങ്ങും. തിരികെ കോഴിക്കോടെത്തി അതിനെ സംരക്ഷിക്കുന്ന സ്ത്രീയുടെ അടുത്തെത്തിക്കും. വെറ്ററിനറി സർവകലാശാലയിൽപോലും കിടത്തിച്ചികിത്സയില്ലാത്തതാണ് ഇൗ ഓട്ടപ്പാച്ചിലിന്റെ പ്രധാന കാരണം. ഗുരുതര പരിക്കേറ്റ ജീവികൾക്കെങ്കിലും കിടത്തിച്ചികിത്സ ലഭ്യമാക്കിയാൽ ഇവ ഒഴിവാക്കാനാകും. പരിക്കേറ്റ നായ്ക്കുട്ടിയെ പിന്നീട് ഒരു വീട്ടുകാർ ഏറ്റെടുത്തു. ഇപ്പോഴും പക്ഷേ, അതിന് മൂക്കില്ല. അതിനാൽ, ഭക്ഷണം കൊടുത്തശേഷം മൂക്കിന്റെ ഭാഗത്തെ ദ്വാരത്തിൽ കുടുങ്ങിയ ഭക്ഷണം മാറ്റിക്കൊടുക്കണം. ഇടക്കിടെ ശ്വാസം കിട്ടാതാവും. ഇപ്പോൾ എല്ലാം ശരിയായിവന്നു. ഞങ്ങളവൾക്ക് 'ജെസി' എന്ന് പേരിട്ടു'' -ഹച്ചികോ സംഘം പറയുന്നു.
ഇപ്പോഴുമുണ്ട് മരണത്തിന്റെ ആ ഗന്ധം
''ദിവസങ്ങളോളം മണ്ണിലും ചളിയിലും പൊതിഞ്ഞുകിടന്ന മൃതദേഹങ്ങൾ. കാലുറപ്പിക്കാനാകാത്ത ചളി. ചവിട്ടിനിൽക്കുന്ന മണ്ണിനടിയിൽ പോലും മനുഷ്യജീവനുകളുണ്ടോയെന്ന ഭയം. മനസ്സിനെ മുറിപ്പെടുത്തുന്നതായിരുന്നു കവളപ്പാറയിലെ ഓരോ നിമിഷവും. 15ഓളം മൃതദേഹങ്ങളാണ് കവളപ്പാറ ഉരുൾപൊട്ടൽ മേഖലയിൽനിന്ന് കണ്ടെത്തിയത്. 42 ദിവസമായിരുന്നു രക്ഷാപ്രവർത്തനം. പൊലീസിനും നാട്ടുകാർക്കും സന്നദ്ധപ്രവർത്തകർക്കുമൊപ്പം 'ഹച്ചികോ'യുമുണ്ടായിരുന്നു അവിടെ. ഒരു നെടുവീർപ്പിലൂടെ മാത്രമേ അവിടത്തെ ഓരോ നിമിഷവും ഓർത്തെടുക്കാനാകൂവെന്ന് ഹച്ചികോ സംഘം പറയുന്നു. മണ്ണിലും ചളിയിലും കുതിർന്ന മൃതദേഹങ്ങളുടെ ഗന്ധം ഇടക്കിടെ മൂക്കിലേക്ക് ഇരച്ചുകയറും. മനുഷ്യശരീരങ്ങൾക്ക് പല ഗന്ധമാണ്. മണ്ണിൽ കിടന്നവർക്ക് വേറെ, വെള്ളത്തിൽ കിടന്നവർക്ക് മറ്റൊന്ന് അങ്ങനെയങ്ങനെ. കഠിനമായിരുന്നു രക്ഷാപ്രവർത്തനം. അരയോളം മുങ്ങുന്ന ചളിയായിരുന്നു പ്രദേശം നിറയെ. ചവിട്ടിനിൽക്കാൻ സ്ഥലം ഒരുക്കുകയായിരുന്നു ആദ്യം. പിന്നീട് മണ്ണിനടിയിലെ മനുഷ്യർക്കായി പാറപൊട്ടിച്ചും മണ്ണുനീക്കിയും മരങ്ങൾ മാറ്റിയും തിരച്ചിൽ. കവളപ്പാറയിൽ മാത്രമല്ല, പുത്തുമല ദുരന്തമേഖലയിലും ഹച്ചികോ ഓടിയെത്തിയിരുന്നു. അവിടെയും സ്ഥിതി ഇതുതന്നെ.
പ്രകൃതിദുരന്തമോ വാഹനാപകടമോ എന്തിനും ഹച്ചികോ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തും. 2018ലെയും 2019ലെയും പ്രളയത്തിൽ നാലുപേരും നാടിന്റെ മുക്കിലും മൂലയിലും സാന്നിധ്യമറിയിച്ചിരുന്നു. ഫയർഫോഴ്സിന്റെ സിവിൽ ഡിഫൻസിന്റെ ഭാഗം കൂടിയാണ് പ്രജീഷ്. പുഴയിലും വെള്ളച്ചാട്ടത്തിലും ഒഴുക്കിൽപെട്ട് കാണാതായവർക്കുള്ള തിരച്ചിലിന്റെയും ഭാഗമാകാറുണ്ട് ഹച്ചികോ. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങൾ ഇവിടങ്ങളിൽനിന്ന് മരവിച്ച മനസ്സോടെ എടുക്കേണ്ടിവരാറുണ്ടെന്നും ഹച്ചികോ സംഘം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.