ശശി പറയുന്നു, അരനൂറ്റാണ്ട് പിന്നിടുന്ന തൊഴിലാളി ജീവിതം
text_fieldsതൃക്കരിപ്പൂർ: കൊറോണയുടെ രണ്ടാംവരവിൽ ബാങ്കുകൾ എ.ടി.എമ്മുകളിലെ കാവൽക്കാരെ വേണ്ടെന്നുവെച്ചപ്പോൾ പ്രതിസന്ധിയിലായത് തൃക്കരിപ്പൂർ തങ്കയത്തെ നീരിടിൽ ശശിയാണ്. ‘ഒമ്പതുവർഷമായി ചെയ്തുവന്നജോലി ഒരു മാർച്ച് 31ന് മതിയാക്കി പോയ്ക്കൊള്ളാൻ അവർ പറഞ്ഞു. എന്താ ചെയ്യ!’ അച്ഛന്റെ വിയോഗത്തിന് ശേഷം ആറാംക്ലാസിൽ പഠിത്തംനിന്നു. പതിമൂന്നു വയസ്സുമുതൽ തയ്യൽ പരിശീലിച്ചു. അക്കാലത്ത് ബീഡിതെറുപ്പാണ് പ്രധാന തൊഴിൽ. അങ്ങനെ ബീഡിക്ക് നൂലുകെട്ടാൻ പരിശീലിച്ചു. ആഴ്ചയിൽ 75 പൈസയായരിന്നു കൂലി. അതാണ് ആദ്യത്തെ വേതനം.
കക്കുന്നംഭാഗത്ത് ഒരു പീടികക്കോലായിൽ ഇരുന്നാണ് തൊഴിലാളികളുടെ ബീഡിതെറുപ്പ്. സ്വകാര്യ കമ്പനികളായ മഹാലക്ഷ്മി, ഭാരത് എന്നിവക്കുവേണ്ടി പണിയെടുക്കാൻ തുടങ്ങിപ്പോൾ ആഴ്ചയിൽ കിട്ടിയിരുന്ന അഞ്ചുരൂപ വലിയ തുകയായിരുന്നു. ഒരു കുടുംബത്തിന് സുഖമായി കഴിഞ്ഞുകൂടാൻ അത് തികയുമായിരുന്നു.
1980 ൽ കേരള ദിനേശ് ബീഡിയിൽ ചേർന്നു. 25 വർഷം അങ്ങനെ കടന്നുപോയി. അതിനിടയിൽ വിവാഹിതനായി, മക്കളുണ്ടായി. ദിനേശിൽ നിന്ന് പിരിയുമ്പോൾ 930 രൂപയായിരുന്നു വേതനം. അന്നും ഇന്നും അതിൽനിന്ന് കിട്ടുന്ന പെൻഷൻ പ്രതിമാസം 150 രൂപയാണ്. അന്ന് കാര്യങ്ങളൊക്കെ നടത്തിയിരുന്നു. ഉപ്പുതൊട്ടു കർപ്പൂരംവരെ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിച്ചപ്പോൾ ജീവിതം വീണ്ടും ദുസ്സഹമായി. പിന്നെ പയ്യന്നൂരിലെ ബേക്കറിയിൽ ജോലിനോക്കി. ഭൂട്ടാൻ ലോട്ടറി പ്രചാരത്തിലിരുന്ന സമയം.
ഒരു വർഷം കഴിഞ്ഞപ്പോൾ പയ്യന്നൂരിലെ ലോട്ടറി കടയിൽ കേറി. മകന് കോവിഡ് ബാധിച്ച് കുടുംബം ഒരുമാസത്തിലേറെ വീട്ടിൽ കഴിയേണ്ടിവന്ന സമയത്ത് ആ പണിയും പോയി. പിന്നീട് തൃക്കരിപ്പൂർ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് ലോട്ടറി സ്റ്റാളിൽ പണിയെടുത്തു. കാര്യങ്ങൾ നേരെ ആവുമെന്ന പ്രതീക്ഷ കൈവന്നപ്പോൾ സർക്കാർ അന്യസംസ്ഥാന ലോട്ടറി നിരോധിച്ചു.
പിന്നീടാണ് സെക്യൂരിറ്റി ഏജൻസിയുമായി ബന്ധപ്പെട്ട് കാവൽ കുപ്പായം അണിയുന്നത്. ഫെഡറൽ ബാങ്കിലും മറ്റൊരു സ്വകാര്യ സ്ഥാപനത്തിലുമായി ഒമ്പത് വർഷം. കൊറോണക്കിടയിൽ ബാങ്കുകൾ കാവൽക്കാരെ പടിക്കുപുറത്താക്കി. തൃക്കരിപ്പൂരിലെ പ്രധാന പാതയോരത്ത് ഇപ്പോൾ വീണ്ടും ലോട്ടറികടയിൽ അയാളുണ്ട്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അരനൂറ്റാണ്ട് വിയർപ്പൊഴുക്കിയെങ്കിലും ഒന്നും ഉണ്ടാക്കിയിട്ടില്ല, അതിൽ നിരാശയുമില്ലെന്ന് ഈ 65കാരൻ പറയുന്നു.
ഭാര്യക്ക് ദിനേശിൽ തന്നെയാണ് ജോലി. മക്കളെയൊക്കെ നന്നായി പഠിപ്പിച്ചു. എല്ലാ പ്രതിസന്ധികളിലും കൂടെ നിൽക്കുന്നത് ഏട്ടനാണ്. അമ്മവഴി കിട്ടിയ അഞ്ചുസെൻറിൽ ബ്ലോക്ക് പദ്ധതിയിൽ ഒരു കൂരവെച്ചു തുടങ്ങിയിട്ടുണ്ട്, പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.