ഇരുചക്രവാഹനങ്ങളുടെ ഹാൻഡിൽ ഉയരം ക്രമീകരിക്കാൻ സംവിധാനം; പേറ്റൻറ് സ്വന്തമാക്കി യുവാവ്
text_fieldsകൊച്ചി: ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിൽ ഉയരം ക്രമീകരിക്കുന്നതിനുള്ള ഇലക്ട്രോണിക് വേരിയബിൾ റൈസ് ബാർ(ഇ.വി.ആർ.ബി) പേറ്റൻറ് സ്വന്തമാക്കി തൃക്കാക്കര സ്വദേശിയായ യുവ മെക്കാനിക്കൽ എൻജിനീയർ ഇ.കെ. ഹിസാം.
ഇരുചക്രവാഹനങ്ങളിൽ ഉയരത്തിനും ഇരിപ്പിനും അനുസരിച്ച് ഹാൻഡിൽ ക്രമീകരിക്കുന്നതിനുള്ള സംവിധാനമാണ് ഹിസാം അവതരിപ്പിച്ചത്. ഇരുചക്ര വാഹന ഉപഭോക്താക്കൾ നേരിടുന്ന നടുവേദനക്ക് ഇതിലൂടെ പരിഹാരം കാണാനാകുമെന്ന് ഹിസാം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓരോ ഇരുചക്ര വാഹനത്തിലും സീറ്റും ഹാൻഡിലും തമ്മിലുള്ള ഉയരവും അകലവുമാണ് റൈഡിങ് ആംഗിൾ നിശ്ചയിക്കുന്നത്. ഓരോ വ്യക്തിക്കും അവരുടെ ഉയരത്തിനും ഇരുപ്പിനും അനുസരിച്ച് റൈഡിങ് ആംഗിളും വ്യത്യസ്തമായിരിക്കും.
അനുയോജ്യമല്ലാത്ത റൈഡിങ് ആംഗിൾ ഇരുപ്പിനെ ബാധിക്കുകയും നടുവേദനക്ക് കാരണമാകുകയും ചെയ്യും. ഈ വ്യത്യാസമാണ് പല ഇരുചക്ര വാഹന ഉപഭോക്താക്കളെയും അവർക്കനുയോജ്യമായ റൈഡിങ് ആംഗിളുള്ള ഒരു നിശ്ചിത മോഡലിലേക്ക് മാത്രം ചുരുക്കപ്പെടുന്നത്.
ഇതിനൊരു പരിഹാരമാണ് തന്റെ കണ്ടുപിടിത്തമെന്നും ഹിസാം പറഞ്ഞു. ഹാൻഡിലിനും ഫോർക്കിനുമിടയിൽ ഘടിപ്പിക്കാവുന്ന ഇ.വി.ആർ.ബി സംവിധാനം വാഹനം ഓടിക്കുമ്പോൾ തന്നെ സ്വിച്ച് ഉപയോഗിച്ച് ഹാൻഡിലിന്റെ ഉയരം ക്രമീകരിക്കാൻ കഴിയും വിധത്തിലാണ്. മോട്ടോറിന്റെയും ഗിയറിന്റെയും സഹായത്തിലാണ് ഇതിന്റെ പ്രവർത്തനം.
5000 രൂപ ചെലവിൽ ഏതൊരു ഇരുചക്രവാഹനത്തിലും ഇത് ഘടിപ്പിക്കാനാകും. നിപ്പോൺ ഗ്രൂപ്പിന് കീഴിലെ ലെക്സോൺ ടാറ്റയിൽ ജോലിക്കാരനായ തനിക്ക് നിപ്പോൺ ടൊയോട്ട എം.ഡി ബാബു മൂപ്പനാണ് പേറ്റൻറിന് അപേക്ഷിക്കാനുള്ള പിന്തുണയും സാമ്പത്തിക പിന്തുണയും നൽകിയതെന്നും ഹിസാം കൂട്ടിച്ചേർത്തു. കാക്കനാട് അത്താണിയിൽ വർക്ക് ഷോപ്പ് ഉടമസ്ഥനായ കുഞ്ഞുമുഹമ്മദിന്റെയും സൗദയുടെയും മകനാണ് ഹിസാം. കാർഡിനാൾ ഹൈസ്കൂൾ, പൂക്കാട്ടുപടി കെ.എം.ഇ.എ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.