ഹസൻ മാഷ് പൊളിയാ, കളറായി സ്കൂൾ ചുവരുകൾ
text_fieldsമൂവാറ്റുപുഴ: വിശ്രമജീവിതത്തിൽ ഒതുങ്ങിക്കൂടാതെ ചുവരുകളിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുകയാണ് ഹസൻമാഷ്. റിട്ടയർമെന്റ് ജീവിതത്തിന്റെ സിംഹഭാഗവും വിദ്യാലയങ്ങളുടെ ചുവരുകൾ ചിത്രങ്ങൾ വരച്ച് മനോഹരമാക്കാൻ മാറ്റിവെച്ചിരിക്കുകയാണ് ഹസൻ മാഷ് എന്ന പള്ളിച്ചിറങ്ങര കോട്ടേപറമ്പിൽ കെ.എം. ഹസൻ. മൂന്നു പതിറ്റാണ്ടുകാലത്തെ ചിത്രകലാ അധ്യാപനത്തിനുശേഷം നാലു വർഷം മുമ്പാണ് പേഴക്കാപ്പിള്ളി ഗവ. ഹൈസ്കൂളിൽനിന്ന് അദ്ദേഹം വിരമിച്ചത്. താൻ പഠിച്ച പേഴക്കാപ്പിള്ളി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യാനായത് മഹാഭാഗ്യമാണെന്ന് അദ്ദേഹം പറയുന്നു.
സ്കൂളും കുട്ടികളെയും വിട്ടുപോകാൻ ആഗ്രഹമില്ലാത്ത അദ്ദേഹത്തിന് കുട്ടികളുടെ ഇഷ്ടങ്ങൾ നന്നായറിയാം. അദ്ദേഹത്തിന്റെ കൈകളിലൂടെ ചുവരുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളും വന്യമൃഗങ്ങളും പ്രകൃതിയെയുമൊക്കെ നിരവധി സ്കൂൾ ചുവരുകളിൽ നിറഞ്ഞിട്ടുണ്ട്. മിക്കവാറും സൗജന്യമായാണ് ചിത്രരചന നടത്തുന്നത്.
വിരമിച്ച ശേഷം ഇതുവരെ മുപ്പതോളം സ്കൂളുകളുടെ ചുവരുകൾ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുണ്ട്. സ്കൂളുകൾക്ക് പുറമെ മദ്റസ ക്ലാസ് റൂമുകൾ, ആതുരാലയങ്ങൾ, ബഡ്സ് സ്കൂളുകൾ, തട്ടേക്കാട് പക്ഷി സങ്കേതം എന്നിവിടങ്ങളിലും ഇദ്ദേഹത്തിന്റെ കരവിരുതിൽ മനോഹര ചിത്രങ്ങൾ വിരിഞ്ഞു.
കാർട്ടൂൺ ചിത്രരചനയുടെ നൂറാം വാർഷിക ദിനാചരണ ഭാഗമായി പേഴക്കാപ്പിള്ളി ഗവ.ഹൈസ്കൂളിൽ മാഷിന്റെ നേതൃത്വത്തിൽ 10 കാർട്ടൂൺ രചയിതാക്കൾ ചേർന്ന് കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 കഥാപാത്രങ്ങളെ ചുവരിൽ പകർത്തിയത് ശ്രദ്ധേയമായിരുന്നു. ബോബനും മോളിയും മായാവിയും കുട്ടൂസനും തുടങ്ങി മലയാള ആനുകാലികങ്ങളിലെ മുഴുവൻ കാർട്ടൂൺ കഥാപാത്രങ്ങളെയും ഉൾക്കൊള്ളിച്ചായിരുന്നു കാർട്ടൂൺ സമർപ്പണം.
ലഹരിക്കെതിരെ ജില്ലയിലെ വിവിധ കോളജുകളിലും സ്കൂളുകളിലും സംഘടിപ്പിച്ച ‘വരയൊരുലഹരി’ പരിപാടിയിലും ചിത്രങ്ങളും കാരിക്കേച്ചറുകളും സൗജന്യമായി വരച്ചു. 2018ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിന് കേരളം മുഴുവൻ കാരിക്കേച്ചർ വരച്ച് പ്രവർത്തനം നടത്തിയതിനും നേതൃത്വം നൽകി.
സംസ്ഥാന അധ്യാപക കലാവേദി അവാർഡ്, ഗുരുശ്രേഷ്ഠ അവാർഡ്, 2005ലെ സംസ്ഥാന സ്കൂൾ കലോത്സവ ലോഗോ അവാർഡ്, 2006ലെ സംസ്ഥാന അറബി കലോത്സവ ലോഗോ അവാർഡ്, 2018ലെ ജവഹർലാൽ നെഹ്റു നാഷനൽ സയൻസ് എക്സിബിഷൻ ലോഗോ അവാർഡ് അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.