കുട്ടികൾക്ക് സഹായം; ‘ജബലു’കൾ താണ്ടി നാസർ ഹുസൈൻ
text_fieldsദുബൈ: കുട്ടികൾക്ക് ചികിത്സ സഹായം എത്തിക്കുക എന്ന ലക്ഷ്യവുമായി മലപ്പുറം മേലാറ്റൂർ സ്വദേശി നാസർ ഹുസൈൻ താണ്ടിയത് 1500 മീറ്ററിലേറെ ഉയരമുള്ള മൂന്ന് മലനിരകൾ. റാസൽഖൈമയിലെ ജബൽ ജൈസ് (1934 മീ.), ജബൽ യബാന (1525), ജബൽ റഹാബ (1545) എന്നിവയാണ് 25 മണിക്കൂറിൽ ഒറ്റക്ക് മറികടന്നത്.
66.32 കിലോമീറ്ററായി 5110 മീ. ഉയരത്തിലേക്കാണ് ഒറ്റ ദിവസംകൊണ്ട് നാസർ കയറിയിറങ്ങിയത്. റാസൽഖൈമയിലെ 12 ഡിഗ്രി തണുപ്പിലായിരുന്നു നാസറിന്റെ പ്രയാണം. ജലീലിയ ഫൗണ്ടേഷൻ വഴി കുട്ടികൾക്ക് ചികിത്സ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘ന്യൂ ഇയർ ചലഞ്ച് വി.1’ എന്ന പേരിലാണ് ചലഞ്ച് സംഘടിപ്പിച്ചത്.
രാവിലെ ഏഴിന് സുഹൃത്ത് സെയ്ദിനൊപ്പം വാദി ബിയിൽനിന്നാണ് പ്രയാണം തുടങ്ങിയത്. അഞ്ച് കി.മീ. വരെ സെയ്ദ് ഒപ്പമുണ്ടായിരുന്നു. മുമ്പും ഈ മലനിരകളിലൂടെ സംഘമായി ഹൈക്കിങ് നടത്തിയയാളാണ് നാസർ. അതിനാൽതന്നെ, അപരിചിതമായിരുന്നില്ല യാത്രയെന്ന് നാസർ പറയുന്നു. പക്ഷേ, ഒറ്റക്കുള്ള യാത്ര പ്രത്യേക അനുഭൂതിയായിരുന്നു. കൃത്യ സമയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ യാത്ര വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിരുന്നു.
ജലീലിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ചികിത്സ നൽകാൻ ലക്ഷ്യമിട്ട് നടത്തുന്ന ‘ഫറ’ പദ്ധതിയിലേക്ക് ഫണ്ട് നൽകാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രഥമലക്ഷ്യം. ആദ്യ യാത്ര കഴിഞ്ഞപ്പോൾ തന്നെ 2000 ദിർഹമിലേറെ സംഭാവന ലഭിച്ചു. 30 ദിവസത്തിനുള്ളിൽ പരമാവധി തുക സംഭാവന ചെയ്യുക എന്നതാണ് ലക്ഷ്യം. ഹൈക്കിങ്ങിനുപിന്നാലെ മറ്റുപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. യാത്രയിലുടനീളം സമൂഹമാധ്യമങ്ങളിലൂടെ സഹായാഭ്യർഥന ജനങ്ങളിലേക്കെത്തിക്കും. പണം നേരിട്ട് ജലീലിയ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് എത്തുന്നത്.
യു.എ.ഇയിലെ ആരോഗ്യ മേഖലയിലെ പഠനത്തിനും സഹായങ്ങൾക്കുമായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം രൂപംനൽകിയ ജീവകാരുണ്യ സ്ഥാപനമാണ് അൽ ജലീലിയ ഫൗണ്ടേഷൻ. യു.എ.ഇയിലെ സാഹസിക വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും നാസറിന്റെ യാത്രക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.