കരുതലിന്റെ ചിറകുകൾ
text_fieldsഒരു തലവേദന വന്നാൽ ഡോക്ടറുടെ അടുത്തേക്ക് വാഹനത്തിൽ യാത്രപോലും നമുക്ക് വളരെ ബുദ്ധിമുട്ടായി അനുഭവപ്പെടും. അപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിനെ ചികിത്സകൾക്കായി സ്ഥിരമായി ആശ്രയിക്കുന്ന നിർധന രോഗികളുടെ മാസത്തിൽ പത്തു തവണയോളം ദൂരെ പോയി തിരിച്ചുവരുന്ന യാത്രയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ആരോഗ്യം അനുദിനം മോശമാവുന്ന സാഹചര്യത്തിൽ ഈ യാത്രകൾ അവർക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതായിരിക്കില്ല. മലബാറിലെ അഞ്ചു ജില്ലകളിൽനിന്നും വരുന്ന അർബുദരോഗികൾക്കും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേമാകുന്ന പാവപ്പെട്ട രോഗികൾക്കും ലുക്കീമിയ ബാധിച്ച കുട്ടികൾക്കും നാലഞ്ചു മാസം വരുന്ന അവരുടെ ചികിത്സാ കാലയളവിൽ മെഡിക്കൽ കോളേജിനു സമീപംതന്നെ സൗജന്യ ഭക്ഷണത്തോടൊപ്പമുള്ള താമസസൗകര്യമൊരുക്കുന്ന സന്നദ്ധ സേവന സംഘമാണ് ഹെൽപിങ് ഹാൻഡ്സ്. അവരുടെ സ്വപ്നപദ്ധതിയാണ് മെഡിക്കൽ കോളജിനടുത്തുള്ള കെയർ ഹോം.
കീമോതെറപ്പിപോലുള്ള ചികിത്സകൾ ചെയ്യുന്ന സമയത്ത് രോഗികളുടെ രോഗപ്രതിരോധശേഷി വളരെ കുറവായിരിക്കും. ഈ സമയത്ത് വിദൂര ഇടങ്ങളിൽനിന്നു വരുന്ന രോഗികൾക്ക് യാത്രചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇൗ ഒരു ആശയമാണ് മെഡിക്കൽ കോളജിനടുത്ത് ആശ്വാസകേന്ദ്രമെന്ന നിലയിൽ സ്നേഹസൗധം നിർമിക്കാൻ ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബ്ൾ ട്രസ്റ്റിനെ പ്രേരിപ്പിച്ചത്. വിഷമംപിടിച്ച സാഹചര്യത്തിൽ രോഗികൾക്ക് കൗൺസലിങ് നൽകാൻ കൗൺസലർമാരും ഇവിടെയുണ്ടാവും. രോഗികൾക്ക് അവരുടെ രോഗത്തിനനുസൃതമായ ഭക്ഷണം വൃത്തിയുള്ള സാഹചര്യത്തിൽ പാചകംചെയ്ത് സൗജന്യമായി നൽകും.
രോഗികൾക്ക് ആശ്വാസമാകുന്ന കരുതലിെൻറയും സ്നേഹത്തിന്റെയും ഒരു സൗധമാണ് ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബ്ൾ ട്രസ്റ്റ് മെഡിക്കൽ കോളജിനടുത്ത് നിർമിച്ചത്. എന്നാൽ, കേവലം ഇതിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഈ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. സമൂഹത്തിലെ അവശതയനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും സഹായമേകാനുള്ള പതിമൂന്നോളം പദ്ധതികൾ ഇവർ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
മരുന്നിൽ നിന്ന് തുടക്കം
ജീവകാരുണ്യരംഗത്ത് ഹെൽപിങ് ഹാൻഡ്സ് 25 വർഷം പൂർത്തിയാക്കുകയാണ്. നിർധന രോഗികൾക്ക് മരുന്ന് നൽകി തുടങ്ങിയ പ്രസ്ഥാനമാണ് ഇന്ന് കോഴിക്കോടിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ തലയുയർത്തിനിൽക്കുന്നത്. പി.വി.എസ് ആശുപത്രിയിൽ വന്നു മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചാണ് ഒരു പറ്റം യുവാക്കൾ 25 വർഷംമുമ്പ് ജീവകാരുണ്യരംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ആദ്യം ചെറിയ രീതിയിൽ തുടങ്ങിയ പ്രവർത്തനങ്ങൾ പതിയെ വലുതാവുകയായിരുന്നു. ഡോക്ടർമാരുടെയും മറ്റും സഹായത്തോടെ പി.വി.എസിൽ വരുന്ന ദരിദ്രർക്ക് മരുന്ന് നൽകുന്ന പ്രവർത്തനം ക്രമേണ മെഡിക്കൽ കോളജിലേക്കും വീടുകളിൽ രോഗിയായി കിടക്കുന്ന പാവപ്പെട്ടവരിലേക്കും വ്യാപിപ്പിച്ചു. ദിവസവും മെഡിക്കൽ കോളജ് വാർഡുകളിലെത്തി മരുന്ന് വാങ്ങാൻ കഴിയാത്തവരെ കണ്ടെത്തി ഹെൽപിങ് ഹാൻഡ്സ് വളൻറിയർമാർ അവർക്ക് മരുന്നിനും ഭക്ഷണത്തിനുമുള്ള ടോക്കണുകൾ നൽകുന്നു. ഈ ടോക്കണുകൾ ഉപയോഗിച്ച് സമീപത്തെ ഹെൽപിങ് ഹാൻഡ്സ് മെഡിക്കൽ ഷോപ്പിൽനിന്ന് അവർക്ക് സൗജന്യമായി മരുന്ന് വാങ്ങാം. അതുപോലെ രാവിലെയും വൈകീട്ടത്തെയും ഭക്ഷണവും ഹെൽപിങ് ഹാൻഡ്സ് കൗണ്ടറിൽനിന്ന് ഫ്രീയായി ഈ ടോക്കണുള്ളവർക്കു ലഭിക്കും. കോഴിക്കോട് ബീച്ച് ആശുപത്രിയിലും ദിനേന ഭക്ഷണവിതരണം നടത്തിവരുന്നു. ആഴ്ചയിലൊരിക്കൽ ലേഡീസ് വിങ് പ്രവർത്തകർ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ പോയി ഭക്ഷണം പാകംചെയ്തു നൽകുന്നുണ്ട്.
ഒന്നിലൊതുങ്ങുന്നില്ല കാരുണ്യസ്പർശം
ഒരു പദ്ധതിയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ സംഘടനയുടെ കാരുണ്യസ്പർശം. സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും സഹായമെത്തിക്കുന്നതിനായി വിവിധ പദ്ധതികളാണ് ഹെൽപിങ് ഹാൻഡ്സ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. വാട്ടർബെഡ് മുതൽ എൻ.ഐ.വി വരെ ആവശ്യാനുസരണം നിർധന രോഗികൾക്ക് നൽകുന്നതിനായി DILSE (Distribution of Life saving Equipment) പ്രോജക്ടുണ്ട്. KEE (Kidney earlier evalution) എന്ന പേരിൽ വൃക്കരോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനുള്ള പദ്ധതിയും നിലവിലുണ്ട്. ഇതിനായി ലബോറട്ടറി സൗകര്യമുള്ള രണ്ടു വാനുകളിൽ പോയി ആളുകളെ പരിശോധനക്കു വിധേയമാക്കുകയാണ് ചെയ്യുന്നത്.
കേരളത്തിലുടനീളം അഞ്ഞൂറിലധികം ക്യാമ്പുകൾ സംഘടിപ്പിച്ച് ജനങ്ങളുടെ വൃക്കരോഗനിർണയം നേരത്തേ നടത്തി ആയിരക്കണക്കിന് ആളുകളെ വൃക്ക നഷ്ടപ്പെടുന്നതിൽനിന്നു രക്ഷപ്പെടുത്താൻ കഴിഞ്ഞത് നൂറുകണക്കിന് ഡയാലിസിസ് സെന്റർ തുടങ്ങുന്നതിനേക്കാൾ മഹത്തരമായി ഹെൽപിങ് ഹാൻഡ്സ് പ്രവർത്തകർ കരുതുന്നു. ആരോഗ്യബോധവത്കരണവും രക്തദാനസേനയും മറ്റു പ്രവർത്തനങ്ങളാണ്. നിരവധി ആരോഗ്യ ബോധവത്കരണ എക്സിബിഷനുകളും നടത്തി.കോഴിക്കോട് നഗരത്തിലെ വിവിധ ആശുപത്രി വാർഡുകളുടെ നവീകരണം പല ഘട്ടങ്ങളിൽ ഹെൽപിങ് ഹാൻഡ്സ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ്, കോട്ടപ്പറമ്പ് ആശുപത്രി, കുഷ്ഠരോഗ ആശുപത്രി, കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെല്ലാം വിവിധ സമയത്ത് നവീകരണപ്രവർത്തനങ്ങൾ സംഘടന ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സഹായമെത്തിക്കുന്ന സേനയാണ് ഹെൽപിങ് ഹാൻഡ്സിന്റെ വളൻറിയർ വിഭാഗം. മെഡിക്കൽ കോളജിലെയും ബീച്ച് ആശുപത്രിയിലെയും വനിത വാർഡുകളിൽ സഹായമെത്തിക്കാൻ ലേഡീസ് വിങ്ങും പ്രവർത്തിക്കുന്നുണ്ട്. നിർധന കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ നിർമിച്ചുനൽകുന്ന റൂഫ് എന്ന പദ്ധതിയും സംഘടനയുടെ നേതൃത്വത്തിൽ മുന്നോട്ടുപോകുന്നു. സൗജന്യ ആംബുലൻസ് സേവനവുമെല്ലാം ഹെൽപിങ് ഹാൻഡ്സിനു കീഴിൽ നടന്നുവരുന്നുണ്ട്. 10 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയയും സഹൃദയ എന്ന പേരിൽ സംഘടന ചെയ്തുകൊടുത്തിരുന്നു. മുന്നൂറിലധികം കുട്ടികൾക്കാണ് ഇതിന്റെ സൗകര്യം ലഭിച്ചത്. സർക്കാർ ഈ രംഗത്ത് ഇടപെട്ടുതുടങ്ങിയതോടെ പദ്ധതി ഹെൽപിങ് ഹാൻഡ്സ് താൽക്കാലികമായി നിർത്തി.
നിർധന രോഗികൾക്ക് സഹായമഭ്യർഥിച്ച് ഹെൽപിങ് ഹാൻഡ്സിനെ സമീപിക്കാം. പക്ഷേ, ആരെങ്കിലും ഹെൽപിങ് ഹാൻഡ്സിൽ സഹായത്തിന് അപേക്ഷ നൽകിയാൽ സംഘടനയുടെ ടീം അവരുടെ നാട്ടിൽ പോയി സഹായത്തിന് അർഹതയുണ്ടെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അതു നൽകൂ. കാരണം, ഹെൽപിങ് ഹാൻഡ്സിനെ സാമ്പത്തികമായി സഹായിക്കുന്നവരുടെ ഒരു രൂപപോലും പാഴായിപ്പോകരുതെന്ന് പ്രവർത്തകർക്ക് നിർബന്ധബുദ്ധിയുണ്ട്. മതമോ ജാതിയോ വർഗമോ വർണമോ നോക്കാതെ ദരിദ്രർക്ക് സഹായം നൽകുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുൻനിർത്തിയാണ് ഹെൽപിങ് ഹാൻഡ്സിന്റെ പ്രവർത്തനം. ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുക എങ്കിൽ ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കുമെന്ന ദൈവിക വചനം അടിസ്ഥാനമാക്കി സാമ്പത്തികമായും മറ്റും സഹായിക്കുന്ന സുമനസ്സുകളുടെ സഹായത്തോടെ ഹെൽപിങ് ഹാൻഡ്സ് നിശ്ശബ്ദം പ്രവർത്തനം തുടരുകയാണ്.
helpinghandskee@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.