ഇവിടെയുണ്ട്, 'ലോകകപ്പ് ട്രോഫി'യുമായി ഒരു ബൈക്ക് മെക്കാനിക്ക്
text_fieldsകൽപറ്റ: കടയുടമയും മെക്കാനിക്കുമായ ടി.എ. ഷെരീഫ് ഇരുചക്രവാഹനങ്ങൾ നന്നാക്കി കൊടുക്കുന്നതിന്‍റെ തിരക്കിലായിരിക്കും എപ്പോഴും. എന്നാൽ, ഇദ്ദേഹം വെറുമൊരു മെക്കാനിക്ക് മാത്രമല്ല. ചിത്രം വരയും കൊത്തുപണിയുമെല്ലാം ചെറുപ്പം മുതതേ കൂടെകൊണ്ടുനടക്കുന്ന നിശബ്ദ കലാകാരനുമാണ്.
ഫുട്ബാളിനെ ജീവവായുപോലെ സ്നേഹിക്കുന്ന വൈത്തിരി കോളിച്ചാൽ തട്ടാരകാടൻ ഷെരീഫ് ഖത്തറിൽ നടക്കുന്ന ലോകകപ്പിന്‍റെ ആവേശവുമായി ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ തയാറാക്കിയ ലോകകപ്പ് ട്രോഫിയുടെ വലിയ മാതൃക ആരെയും ആകർഷിക്കും.
ജീവിതവഴിയിൽ മെക്കാനിക്കായി മാറിപ്പോയെങ്കിലും ചിത്രകലയെ ഷെരീഫ് കൈവിട്ടിരുന്നില്ല. തനിക്ക് സാധിക്കാതെ പോയത് തന്‍റെ മക്കളായ മുഹമ്മദ് അൻഷിഫ്, മുഹമ്മദ് യാസിൻ, ഫാത്തിമ നയനൂസ് എന്നിവരിലൂടെ യഥാർഥ്യമാക്കുകയാണ് ഷെരീഫ് ഇപ്പോൾ. പെൻസിൽ ഡ്രോയിങ്, പെയിന്‍റിങ് തുടങ്ങിയ വിവിധ മത്സരങ്ങളിൽ ഇവർ നേടിയ മെഡലുകളും ട്രോഫികളുമായി വീട്ടിലെ അലമാരി നിറഞ്ഞിട്ടുണ്ട്. ലോകകപ്പ് ട്രോഫിയുടെ മാതൃകയുണ്ടാക്കുന്നതിനായി പിതാവിന് കൂട്ടായി ഇവരുമുണ്ടായിരുന്നു.
ഒരാഴ്ച സമയമെടുത്ത് മാവിൻ തടിയിലാണ് ലോകകപ്പ് ട്രോഫിയുടെ മാതൃക പൂർത്തിയാക്കിയത്. വർക്ക്ഷോപ്പിലെ ജോലി കഴിഞ്ഞ് രാത്രി 12 വരെയും രാവിലെ ആറു മുതൽ എട്ടുവരെയുമുള്ള സമയത്തിലാണ് ട്രോഫി നിർമാണം. മെറ്റാലിക് ഗോൾഡ്, മെറ്റാലിക് ഗ്രീൻ എന്നീ സ്പ്രേ പെയിന്‍റുകളാണ് ഉപയോഗിച്ചത്. ഒരു മീറ്ററിൽ താഴെയാണ് ട്രോഫിയുടെ ഉയരം. നാലു കിലോയാണ് ഭാരം.
ഷെരീഫിന്‍റെ കലാസൃഷ്ടികൾക്ക് പൂർണ പിന്തുണയുമായി ഭാര്യ ബുഷ്റ ഷെരീഫും കൂടെയുണ്ട്. ഇഷ്ട ടീമായ പോർച്ചുഗൽ ഇത്തവണ കപ്പുയർത്തുമെന്നാണ് ഷെരീഫ് ഉറപ്പിച്ചുപറയുന്നത്. ഫിഗോ, ഡെക്കോ തുടങ്ങിയവരുടെ കളിയഴക് കാണാൻ തുടങ്ങിയതുമുതൽ പോർച്ചുഗലാണ് ഇഷ്ട ടീം. ഇപ്പോൾ ക്രിസ്റ്റ്യാനോ റോണാൾഡോയുടെ നേതൃത്വത്തിലുള്ള പോർചുഗൽ ലോകകപ്പിൽ മുത്തമിടുന്നതും കാത്തിരിക്കുകയാണ് ഷെരീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.