വിരൽ തുന്നിച്ചേർക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി; എങ്കിലും നിഥീഷ് ഹാപ്പിയാണ്...
text_fieldsനേമം: പൊലീസിന്റെ സന്മനസ്സ് അഭിനന്ദനാർഹമെങ്കിലും അവരുടെ ശ്രമവും ഒടുവിൽ അസ്ഥാനത്തായി. വാഹനാപകടത്തിൽപെട്ട യുവാവിന്റെ കൈവിരൽ തുന്നിച്ചേർക്കാനായില്ല.
തിരുവനന്തപുരം രാജാജിനഗർ സ്വദേശി നിഥിനാണ് (27) ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ തമ്പാനൂർ എസ്.എം.വി സ്കൂളിന് സമീപത്ത് അപകടത്തിൽപെട്ടത്. മുന്നേപോകുകയായിരുന്ന കാറിന്റെ പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് നിഥീഷിന്റെ വലതു കൈയിലെ നടുവിരൽ നഷ്ടമായത്.
അപകടത്തെതുടർന്ന് പേടിച്ചുപോയ യുവാവ് ബൈക്കുമെടുത്ത് സ്ഥലം വിട്ടെങ്കിലും സ്ഥലത്തെത്തിയ തമ്പാനൂർ എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ അനിൽകുമാർ എന്നിവർ ചേർന്ന് കാറിന്റെ ഇൻഡിക്കേറ്ററിനുള്ളിൽനിന്ന് കണ്ടെത്തിയ വിരൽ ഐസിലിട്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അപകടത്തിൽ വിരൽ നഷ്ടപ്പെട്ട യുവാവിനെ കണ്ടതോടെ ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. കൈവിരൽ ചതഞ്ഞുപോയതാണ് തുന്നിച്ചേർക്കാൻ സാധിക്കാതെ വന്നതിന് കാരണമായത്. അതോടെ പൊലീസിന്റെ പ്രതീക്ഷയും അസ്ഥാനത്താകുകയായിരുന്നു.
ദുബൈയിലെ ഹോട്ടലിൽ ജോലിചെയ്യുന്ന നിഥീഷ്, കുറച്ചുനാൾ മുമ്പാണ് നാട്ടിലെത്തിയത്. 28ന് തിരികെ പോകാനിരിക്കെയാണ് അപകടമുണ്ടായത്. വിരൽ നഷ്ടപ്പെട്ട സങ്കടം ഉണ്ടെങ്കിലും കേസൊന്നും ഉണ്ടാകാതെ തിരികെ ജോലിസ്ഥലത്തെത്താൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ യുവാവ്. കുറച്ചുദിവസത്തിനുശേഷം യുവാവിന് ആശുപത്രി വിടാനാകും.
അതേസമയം യുവാവിന്റെ അവസ്ഥ ഇന്നോവ കാറിന്റെ ഉടമക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാകുമെന്നതിനാൽ യുവാവിനെതിരേ നടപടികൾക്ക് സാധ്യതയില്ലെന്നും തമ്പാനൂർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.