Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമലയാളികളുടെ കുതിരകളി

മലയാളികളുടെ കുതിരകളി

text_fields
bookmark_border
Royal Stallions Members
cancel
camera_alt

റോയൽ സ്റ്റാലിയൻസ് അംഗങ്ങൾ

പ്രവാസ ജീവിതത്തിലെ ഒഴിവു വേളകളിൽ കുതിര സവാരിയിൽ ആവേശം കണ്ട് സ്വപ്നങ്ങൾ തേടിപിടിക്കുന്ന ഒരു കൂട്ടം മലയാളികളുണ്ട് ദുബൈയിൽ. കുതിരകളെ സ്നേഹിച്ചും പരിചരിച്ചും കുതിരപ്പുറത്ത് ഓട്ട മത്സരങ്ങളുമായി അവരീ രംഗത്ത് പടയോട്ടം നടത്തുകയാണ്. കൂട്ടായ്മകൾക്കൊട്ടും പഞ്ഞമില്ലാത്ത ഗൾഫിൽ ‘റോയൽ സ്റ്റാലിയൻസ്’ എന്ന പേരിൽ രൂപം കൊണ്ട മലയാളി കുതിര സവാരി കൂട്ടായ്മ മറ്റുള്ളവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

സാഹസിക പ്രവർത്തനങ്ങളിൽ തൽപരരായ നിരവധി പ്രവാസികൾ ഗൾഫ് ജീവിത കാലത്ത് കുതിരയോട്ടം ശീലിക്കാൻ ശ്രമിക്കുന്ന പ്രവണത അടുത്തിടെ കൂടി വരുന്നത് കൊണ്ട് തന്നെ കുതിരസവാരി പരിശീലിപ്പിക്കുന്ന നിരവധി മികച്ച സ്ഥലങ്ങൾ ദുബൈയിലുണ്ട്. ഒറ്റക്കും കൂട്ടമായും ഹോഴ്സ് റൈഡ് പഠിക്കുന്ന വ്യത്യസ്ത രാജ്യക്കാർ യു.എ.ഇ യിൽ ഒട്ടേറെ ഉണ്ടെങ്കിലും മലയാളികൾക്ക് മാത്രമായി ഒരു ഹോഴ്സ് റൈഡ് ക്ലബ് ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യത്തേതായിരിക്കും. കുതിരയോട്ട മേഖലയെ ഇഷ്ടപെടുന്ന മലയാളികൾക്ക് കൂടുതൽ പരിചയപ്പൊടാനും പ്രോത്സാഹനം നൽകാനും പുതിയ റൈഡർമാരെ ഈ രംഗത്തേക്ക് വാർത്തെടുക്കാനുമാണ് ‘റോയൽ സ്റ്റാലിയൻസ്’ കൂട്ടായ്മയുടെ ശ്രമം .

ജോലി തിരക്കിനിടയിലെ ഒഴിവു ദിനങ്ങളിലെല്ലാം ദുബൈയിലെയും ഷാർജയിലെയും മരുഭൂമിയിലും അനുവദിച്ച ഊടു വഴികളിലുമെല്ലാം കുതിരയുമായി ഓട്ടത്തിലാണിവർ. 2022ൽ ഒരു ഒഴിവുസമയ വിനോദമായി യു.എ.ഇ യിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന എട്ടുപേർ ചേർന്ന് ആരംഭിച്ചതാണ് കൂട്ടായ്മ. കുതിരയോട്ടത്തോടുള്ള ഇഷ്ടമാണ് ഇവരെ ഒന്നിപ്പിച്ചത്. ജനപ്രിയ ഹോബിയെന്ന നിലയിലും പ്രൊഫഷണൽ കായിക വിനോദമെന്ന നിലയിലും കുതിര സവാരിയോട് ഏറെ ആരാധനയായിരുന്നു ഇവർക്ക്. ദുബൈയിൽ തന്നെ നിരവധി പ്രഫഷണലുകളും അമച്വർമാരും തുടക്കക്കാരും കുതിരസവാരി നടത്തുന്ന വിവിധ സ്ഥലങ്ങളിലെത്തിച്ചേരാറുണ്ട്. ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മൽസരത്തിനും വേദിയാകാറുള്ളത് ദുബൈയാണ്. ഇവിടുത്തെ ഭരണാധികാരികളും കുതിരസവാരിയെയും കുതിരയോട്ടത്തെയും ഇഷ്ടപ്പെടുന്നവരും പ്രോൽസാഹിപ്പിക്കുന്നവരുമാണ്.

വിവിധ അന്താരാഷ്ട്ര പരിപാടികളിലും മൽസരങ്ങളിലും ദുബൈയിലെ കുതിരയോട്ട ടീമുകൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാറുമുണ്ട്. ഇതിൽ നിന്നെല്ലാം ആകൃഷ്ടരയാണ് മലയാളികളായ അക്ഷയ് ഉത്തമൻ, കാസർഗോട്ടുകാരായ ഹാരിസ് കെ.ബി.ടി, കമറു, മുഹ്സിൻ ഏറൻതൊടി, നൗഫൽ ചുണ്ടം പറ്റ, ആരിഫ് മലപ്പുറം, എൻ.കെ ഹിജാസ് പുത്തനത്താണി, ബിജു ഇട്ടിര തൃശൂർ എന്നിവർ ചേർന്ന് ‘റോയൽ സ്റ്റാലിയൻസ്’ പടയോട്ട സംഘത്തിന് തുടക്കം കുറിച്ചത്. കുതിര സവാരി പഠിക്കണമെന്ന സ്വപ്നം വർഷങ്ങളായി മനസ്സിൽ താലോലിച്ചു നടന്നിരുന്ന ഇവർ സംഘടിക്കുകയായിരുന്നു. 25ൽ പരം അംഗങ്ങളുണ്ടിപ്പോൾ കൂട്ടായ്മയിൽ. അതിൽ കുടുംബമായി വരുന്നവർ വേറെയും. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കുതിരയോട്ട കൂട്ടായ്മയുടെ ഭാഗമാകാൻ എത്തിയത്.

കുതിരസവാരി ഇവർക്കിപ്പോൾ ആവേശം മാത്രമല്ല, ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഒഴിവു ദിനങ്ങളാകാൻ കാത്തിരിക്കുന്നവരാണ് ഇവരെല്ലാവരും. കാരണം ഞായറാഴ്ചകളും മറ്റു അവധി ദിനങ്ങളിലുമാണ് ഇവരുടെ കുതിരയോട്ട കൂടിക്കാഴ്ചകൾ. പൊതുവെ അവധി ദിനങ്ങളിൽ ഉറങ്ങി തീർക്കുന്ന പ്രവാസികളിൽ നിന്നും വ്യത്യസ്തമായി അന്നേ ദിവസം ഇവർ അതിരാവിലെ എഴുന്നേൽക്കും. പുലര്‍ച്ചെ അഞ്ചു മണിയോടെ സംഘം ദുബൈയിലോ ഷാര്‍ജയിലോ ഉള്ള കുതിരപ്പന്തിയിലെത്തും. പിന്നെ കുതിരകളെ തയാറാക്കുന്ന തിരക്കാണ്. എല്ലാവരും സജ്ജമായി കഴിഞ്ഞാല്‍ കുതിരപ്പന്തിയിലെ ചെറിയ ട്രാക്കില്‍ അൽപനേരം ചെറിയ വാം അപ്പ്. സവാരിക്ക് പൊരുത്തപ്പെടാനുള്ള സമയമാണിത്. പിന്നെ സംഘമായി മരുഭൂമിയിലെ ട്രാക്കിലേക്ക്. വിദഗ്ദ പരിശീലനം നൽകിയ കുതിരകളാണ് ഓരോന്നും. ട്രെയിനറുടെ നിര്‍ദേശം കിട്ടിയാല്‍ കുതിച്ച് പായും. അത്യാവശ്യം പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ കുതിരപ്പുറത്ത് അതിവേഗത്തില്‍ കുതിച്ച് പായാന്‍ സാധിക്കൂ.

പന്തിയിൽനിന്ന് കുതിരകളെ വാടകക്കെടുത്താണ് ട്രാക്കിലിറക്കുക. സ്ഥിരം ഒരേ കുതിരകളെ തന്നെ വാടകക്ക് സ്വന്തമാക്കി റൈഡ് ചെയ്യുന്നവരും ഉണ്ട്. ഒരു വര്‍ഷത്തോളമായി കുതിരയോട്ടത്തില്‍ സജീവമായതിനാല്‍ ഇവിടെയുള്ള ഓരോ കുതിരയെയും ഇവര്‍ക്കറിയാം. കുതിരകൾക്ക് ഇവരെയും. ബിഗ്ബോസും റമദാനുമെല്ലാം ഇവർക്കിടയിലെ താര കുതിരകളാണ്. ഈ കൂട്ടായ്മയിലെ അംഗങ്ങൾ പോലെ തന്നെയാണ് ഓരോ കുതിരകളും .ഇളം കാറ്റിൽ താളാത്മകമായ കുളമ്പടി ശബ്ദങ്ങളോടെ ഒരുമിച്ചു കുതിരപ്പുറത്ത് യാത്ര ചെയ്യുന്നത് മനോഹരമായൊരു കാഴ്ചയും അനുഭവവും നൽകുന്നു.

പെരുന്നാളും ഓണം ക്രിസ്മസ്സും വിഷുവും എന്നുവേണ്ട വിശേഷ ദിവസങ്ങൾ എന്ത് തന്നെ ആയാലും ആഘോഷങ്ങൾക്ക് ഹരം പകരാൻ കുതിരകളും കൂട്ടിനുണ്ടാകും ഇവർക്കൊപ്പം . ഇക്കഴിഞ്ഞ ഓണം മരുഭൂമിയിൽ കുതിര പന്തയം നടത്തിയാണ് ഇവർ കെങ്കേമ മാക്കിയത്. ഓണാക്കോടിയിൽ മുണ്ടും ഷർട്ടുമിട്ട് ആനകൾക്ക് പകരം കുതിരപ്പുറത്തേറി ആർപ്പോ വിളി മുഴക്കി. അടുത്തിടെ കടലോരത്തുകൂടി നടത്തിയ കുതിരയോട്ടവും ശ്രദ്ദേയമായിരുന്നു. ഈ രംഗത്ത് പുതിയ ആക്റ്റീവിറ്റികൾക്കു തുടക്കമിടാനുള്ള ഒരുക്കത്തിലാണിവർ. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക പരിശീലനവും നൽകി വരുന്നുണ്ട്.

കാണുമ്പോൾ ആവേശവും ആകര്‍ഷകവുമാണെങ്കിലും അത്ര എളുപ്പമല്ല, കുതിരസവാരി. മാസങ്ങളുടെ പരിശീലനം കൊണ്ടാണ് ഇവര്‍ ഇത്രയും അനായാസതയോടെ കുതിരയുടെ കടിഞ്ഞാൺ നിയന്ത്രിക്കുന്നത്. ഒപ്പം കൃത്യമായ ഭക്ഷണശീലങ്ങൾ പിന്തുടര്‍ന്ന് ശരീരഭാരം ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്. തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ട് തോന്നുമെങ്കിലും താൽപര്യമുള്ളവർ വളരെ പെട്ടെന്ന് തന്നെ ഇതിന്‍റെ ആവേശത്തിലേക്ക് വഴിമാറും.

കുതിരയോട്ടത്തിന്‍റെ ഓരോ നിമിഷങ്ങളും പുതിയ വെല്ലുവിളികളും വിജയങ്ങളും കൊണ്ടുവരുന്നതായി കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. പഠനത്തിനിടക്ക് കുതിരപ്പുറത്ത് നിന്ന് വീണ അനുഭവമമൊക്കെ കൂട്ടായ്മയിലെ എല്ലാവർക്കുമുണ്ട്. എന്നാൽ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിനിടയിൽ അപകടങ്ങൾ സ്വഭാവികമാണെന്നാണ് ഇവർ പറയുന്നത്. സ്വപ്നങ്ങൾ തേടിപ്പിടിക്കാനുള്ള നിശ്ചയദാർഢ്യവും ആത്മ ധൈര്യവുമാണ് ഈ കായികയിനത്തിന് വേണ്ടതെന്ന് ഇവർ അടിവരയിടുന്നു.

പലരും കുടുംബമായിട്ടാണ് കുതിരസവാരിക്ക് എത്തുന്നത്. ഞായറാഴ്ചകളിലെ കുതിരസവാരി ക്ലബ്ബ് അംഗങ്ങളെ സംബന്ധിച്ച് ഒഴിവാക്കാനാവാത്ത ഒന്നായി കഴിഞ്ഞിരിക്കുന്നു. യു.എഴഇയില്‍ ഒട്ടേറെ മലയാളികളാണ് ഇപ്പോൾ കുതിരയോട്ടത്തില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് നല്ലൊരു മാതൃക സമ്മാനിക്കുകയാണ് ‘റോയല്‍ സ്റ്റാലിയൻസ്’. മത്സരങ്ങളുടെ ആവേശത്തിനപ്പുറം ഉത്തരവാദിത്തമുള്ള സവാരിക്കും കുതിര സംരക്ഷണത്തിനും ഈ കൂട്ടായ്മ വലിയ പ്രാധാന്യം നൽകുന്നുണ്ട്. പുതിയതായി കുതിരയോട്ടത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് വിലയേറിയ മാർഗ്ഗനിർദേശങ്ങളും നൽകുന്നു.

എല്ലാ പ്രായത്തിലുമുള്ള റൈഡർമാർക്കും അനായാസം പരിശീലനം നേടാവുന്ന കുതിരയോട്ട കേന്ദ്രങ്ങളാണ് റോയൽ സ്റ്റാലിയൻസ് അംഗങ്ങൾ തെരെഞ്ഞെടുക്കാറ്. വിശാലമായ റൈഡിങ് ഏരിയ, നന്നായി പരിപാലിക്കുന്ന തൊഴുത്ത് എന്നിങ്ങനെ എല്ലാ കാര്യങ്ങളും പരിശോധിച്ചതിനുശേഷം ആണ് കുതിരയോട്ട കേന്ദ്രം തിരഞ്ഞെടുക്കുന്നത്. ഇത് പരിശീലനത്തിന് എത്തുന്നവർക്ക് ഏറെ സുരക്ഷയും ആത്മ ധൈര്യവും പകരാറുണ്ട്. മാത്രവുമല്ല കൂട്ടായ്മയിലൂടെ റൈഡർമാരുടെ കഴിവുകൾ വർദ്ധിപ്പിക്കുകയും അവർക്ക് കുതിരകളുമായി ആഴത്തിലുള്ള ഒരു ബന്ധം വളർത്തുകയും ചെയ്യുന്നു . ജമ്പിങ് മത്സരങ്ങളും ട്രയൽ റൈഡുകളും പോലെയുള്ള ആവേശകരമായ ഇവന്‍റുകളാണ് കൂട്ടായ്മയുടെ അടുത്ത ലക്ഷ്യമെന്ന് കൂട്ടായ്മക്ക് തുടക്കം കുറിച്ച വരിലൊരാളായ റൈഡർ ഹാരിസ് കെ.ബി.ടി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

സ്മാർട്ട്ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും കാലത്ത് ഒരു ഔട്ട്ഡോർ ഹോബി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ദുബൈയിൽ കുതിര സവാരി ഏവർക്കും ആവേശംപകരുന്ന ഔട്ട്ഡോർ ആക്ടിവിറ്റിയാണെന്ന് ഉറപ്പു പറയാനാകുമെന്ന് റൈഡറും ആർ.ജെയുമായ അക്ഷയ് പറയുന്നു. കുതിരസവാരിയിൽ പ്രാവീണ്യം നേടുന്നതിന് കുറുക്കുവഴികളൊന്നുമില്ല. വിദഗ്ധരുടെ മേൽനോട്ടത്തിൽ പതിവ് പരിശീലനമാണ് വഴി. അതീവ താൽപര്യമുള്ളവർക്ക് മാത്രമേ ഈ രംഗത്ത് മികവ് പുലർത്താൻ കഴിയുകയുള്ളു.

തുടക്കത്തിൽ കേൾക്കുന്ന ആരും അത്രയധികം ഇതിനോട് താല്പര്യം കാണിക്കാറില്ല. എന്നാൽ പിന്നീട് പഠിച്ചും മനസ്സിലാക്കിയും കടന്നു വരുന്നവരാണ് കൂടുതലും. കുതിര സവാരി ഏറെ ചിലവേറിയ കായികയിനമാണെന്നത് കൊണ്ടും പേടി കാരണവും മാറി നിൽക്കുന്നവരും ഉണ്ട്. കുതിരയെ മണിക്കൂറിന് വാടകക്ക് എടുക്കാനും കുതിര ഓട്ടത്തിനുള്ള ഉടയടകൾക്കും മറ്റു സാധന സാമഗ്രികൾക്കും നല്ല തുക ചിലവഴിക്കണമെന്നത് കൊണ്ടും പലരും ഈ കായികയിനത്തിനോട് ആഗ്രഹമുണ്ടെങ്കിലും മാറി നിൽക്കുന്നു. താല്പര്യമുള്ളവർക്ക്‌ കുറഞ്ഞ ചിലവിൽ പരിശീലനം നൽകി ഈ രംഗത്തേക്ക് കൂടുതൽ മലയാളികളെ ആകൃഷ്ഠരാക്കുക എന്ന ആശയാവും ‘റോയൽ സ്റ്റാലിയൻസി’ന്‍റെ മുന്നിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayaliUAEHorse Play
News Summary - Horse Play By Malayali's
Next Story