ഇതാ, 'ഇൻക്രഡിബ്ൾ കുമ്പളങ്ങ'
text_fieldsഅജ്മാന്‍: സാജിദ പാഷയുടെ അടുക്കളത്തോട്ടത്തില്‍ ഇത്തവണ വിളഞ്ഞത് വമ്പന്‍ കുമ്പളങ്ങകൾ. ഷാർജയിലെ അൽ അസ്റയിലെ ഇവരുടെ വില്ലയിലെ അടുക്കളത്തോട്ടത്തില്‍ വിളഞ്ഞ കുമ്പളങ്ങകള്‍ തൂക്കത്തില്‍ കേമന്മാരാണ്. ഏറ്റവും വലുതിന് തൂക്കം 12 കിലോ 300 ഗ്രാം. 15ഓളം കുമ്പളങ്ങകളാണ് ഇത്തവണ ലഭിച്ചത്. ഒരു വള്ളിയില്‍ നിന്നും ലഭിച്ച ഏഴെണ്ണത്തിന് പതിവില്‍കവിഞ്ഞ തൂക്കമായിരുന്നു. നെയ്കുമ്പളം വിഭാഗത്തില്‍പ്പെട്ടതാണ് ഇവ. നെയ്കുമ്പളത്തെ വൈദ്യകുമ്പളം എന്നും പറയും. ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളതിനാലാണ് ഈ പേര് വന്നത്. വാത-പിത്ത രോഗങ്ങളുടെയും ആമാശയരോഗത്തിന്‍റെയും ചികിത്സക്ക് ഇത് ഉത്തമമാണെന്ന് പറയപ്പെടുന്നു.
മുറിവുണ്ടായാല്‍ ഇതിന്‍റെ ഇല ചതച്ചുകെട്ടി രക്തമൊലിപ്പ് നിര്‍ത്താം. കൂശ്മാണ്ഡാസവം, കൂശ്മാണ്ഡഘൃതം, ദശ സ്വാരസഘൃതം, വാശാദികഷായം തുടങ്ങിയ ഔഷധങ്ങളില്‍ നെയ്കുമ്പളം പ്രധാന ചേരുവയാണ്. രക്തസമ്മർദം, പ്രമേഹം, ദുര്‍മേദസ്സ് എന്നിവക്കും മരുന്നായി ഉപയോഗിക്കാറുണ്ട്. ദിവസവും വെറും വയറ്റില്‍ നെയ്കുമ്പളങ്ങയുടെ നീര് കഴിക്കുകയാണ് വേണ്ടത്. ശരീരം തണുപ്പിക്കുവാനും ഇത് ഏറെ നന്നാണ്. ജൈവവളം മാത്രം ഉപയോഗിച്ച് നടത്തിയ കൃഷിക്ക് നല്ല ഫലമാണ് കിട്ടിയതെന്ന് സാജിദ പാഷ പറയുന്നു. വീട്ടിലെ ആവശ്യങ്ങൾക്ക് തന്‍റെ അടുക്കളത്തോട്ടത്തിലെ വിഭവങ്ങളെ മാത്രമാണ് സാജിദ ആശ്രയിക്കുന്നത്.
വിളവുകള്‍ പരമാവധി സുഹൃത്തുകള്‍ക്ക് വിതരണം ചെയ്യുന്ന പതിവുമുണ്ട്. മത്തങ്ങ, കുമ്പളങ്ങ, തണ്ണിമത്തൻ, വഴുതന, തക്കാളി, വിവിധതരം മുളകുകൾ, ചീരകൾ, മുള്ളങ്കി, കാബേജ്, വെള്ളരി, ഷമാം, കയ്പക്ക, പപ്പായ, കറിവേപ്പ്, നാരങ്ങ, അഗസ്തി ചീര, തുളസി, പുതിന, പനിക്കൂർക്ക, സപ്പോട്ട, പീച്ചിങ്ങ, കൂസ, വിവിധ തരം പയറുകൾ, മുരിങ്ങ തുടങ്ങിയവ തന്‍റെ വീട്ടുമുറ്റത്ത് നട്ടുവളർത്തിയിട്ടുണ്ട് ഇവർ. അടുത്തിടെ അന്തരിച്ച ചരിത്രകാരന്‍ പ്രഫ. ഡോക്ടർ കമാൽ പാഷയുടെയും ഹഫ്സ പാഷയുടെയും മകളാണ് സാജിദഷ. മാതാവും പിതാവും പകർന്നുതന്ന കൃഷിപാഠങ്ങളാണ് സാജിദ അടുക്കളത്തോട്ടത്തില്‍ പരീക്ഷിക്കുന്നത്. ലീഗൽ കൺസൽട്ടന്‍റായ ഈസാ അനീസാണ് ഭർത്താവ്. ഷാർജയിലെ പ്രവാസിശ്രീ പ്രവർത്തക കൂടിയാണ് സാജിദ പാഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.