‘ഞാൻ ഈ നഗരവുമായി പ്രണയത്തിലായി’
text_fieldsറിയാദ്: റിയാദ് നഗരജീവിതത്തെ കുറിച്ചും രാജ്യത്തിെൻറ സാംസ്കാരിക സമ്പന്നതയെ കുറിച്ചും സൗദി ലുലു ഗ്രൂപ് ഡയറക്ടർ ഷഹീം മുഹമ്മദ് സൗദി പ്രസ് ഏജൻസിയുമായി പങ്കുവെച്ച അഭിപ്രായങ്ങളും അനുഭവങ്ങളും ശ്രദ്ധേയമായി. വലിയ പ്രാധാന്യം നൽകിയാണ് ഒരു ഇന്ത്യൻ പ്രവാസിയുടെ അഭിമുഖം സൗദി അറേബ്യയുടെ ഒൗദ്യോഗിക വാർത്ത ഏജൻസി പങ്കുവെച്ചത്. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പിൻ ചെയ്തുവെച്ചാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.
ജീവിക്കാൻ ഒരു നഗരം തിരഞ്ഞെടുക്കാൻ അവസരമുണ്ടായാൽ റിയാദാണ് തിരഞ്ഞെടുക്കുകയെന്നു പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ജീവിക്കുന്ന നഗരത്തിലാണ് ജീവിക്കുന്നത് എന്നതിൽ അഭിമാനമുണ്ടെന്നും താൻ ഈ നഗരവുമായി പ്രണയത്തിലായെന്നും അദ്ദേഹം തുടരുന്നു.
പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടത്. എങ്ങനെ റിയാദിൽ അതിജീവിക്കുന്നു എന്ന ചോദ്യമായിരുന്നു മുൻകാലങ്ങളിൽ വിദേശ രാജ്യത്തുനിന്ന് ഉയർന്നിരുന്നത്. എന്നാൽ, എങ്ങനെ റിയാദിലേക്ക് എത്താൻ കഴിയുമെന്നാണ് അവർ ഇപ്പോൾ അന്വേഷിക്കുന്നത്. 40 കിലോമീറ്റർ തെക്കും കിഴക്കും പടിഞ്ഞാറും വടക്കും സഞ്ചരിച്ചാലും നിങ്ങൾ ഈ മനോഹര നഗരത്തിനുള്ളിൽതന്നെയായിരിക്കും. ഈ പരന്ന നഗരത്തിൽ ലഭിക്കുന്ന സമാധാനാന്തരീക്ഷം എല്ലാ അർഥത്തിലും ഞങ്ങൾ ആസ്വദിക്കുന്നുണ്ട്. ഏത് രാത്രിയിലും കുടുംബത്തിനും കുട്ടികൾക്കും ഇറങ്ങിനടക്കാനുള്ള സുരക്ഷിതത്വം ഈ നഗരം നൽകുന്നുണ്ടെന്നും ഷഹീം അഭിമുഖത്തിൽ പറയുന്നു.
വിനോദ വിസ്മയ വിജ്ഞാന പരിപാടികൾ ആസ്വദിക്കാൻ വാരാന്ത്യങ്ങളിൽ നഗരം വിടേണ്ട അവസ്ഥ ഇപ്പോഴില്ല. റിയാദ് സീസൺ ഉൾപ്പെടെ നിരവധി കലാവേദികൾ ഈ നഗരത്തിൽ തന്നെ അരങ്ങേറുന്നുണ്ട്. റിയാദ് നഗരത്തിന് വേനൽചൂട് പിടിക്കുമ്പോൾ തണുപ്പിക്കാൻ അൽബാഹ പോലുള്ള നഗരങ്ങളും ഈ രാജ്യത്തിനകത്തുണ്ടെന്നും ഷഹീം കൂട്ടിച്ചേർത്തു. നിക്ഷേപ കമ്പനി എന്ന നിലയിൽ ഈ രാജ്യത്തെ ഞങ്ങളുടെ ജാലകം സൗദി നിക്ഷേപ മന്ത്രാലയമാണ്.
മന്ത്രാലയത്തിൽനിന്നും ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും മികച്ച സേവനമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. നിക്ഷേപ വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൃത്യസമയത്ത് പ്രതികരിക്കുകയും ആശയക്കുഴപ്പമുള്ള വിഷയങ്ങളിൽ കൃത്യമായി ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന രാജ്യത്തിെൻറ പ്രഫഷനലിസത്തിെൻറയും കാര്യക്ഷമതയുടെയും പ്രതിബിംബമാണ് മന്ത്രാലയം. നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരും അവർക്ക് നേതൃത്വം നൽകാൻ ഊർജസ്വലനായ നിക്ഷേപമന്ത്രിയുമുണ്ടെന്നതാണ് ഈ വകുപ്പിനെ സൃഷ്ടിപരമാക്കുന്നത്.
ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണ് ഈ രാജ്യത്തിനുള്ളത്. അവർ ഈ രാജ്യത്തിെൻറ പുരോഗതിക്ക് ഊന്നൽ നൽകുന്നുണ്ട്. സ്ഥിരതയുള്ള സാമ്പത്തിക സമ്പദ് വ്യവസ്ഥയാണ് സൗദിയുടേത്. കിരീടാവകാശിയുടെ പരിവർത്തന പദ്ധതിയായ വിഷൻ-2030 പ്രഖ്യാപിച്ചതോടെ സമ്പദ് വ്യവസ്ഥ കൂടുതൽ ബലപ്പെട്ടു. കോവിഡ് കാലത്ത് എല്ലാ മേഖലകളിലും അതിവേഗ ഡിജിറ്റൽ സംവിധാനങ്ങൾ കൊണ്ടുവന്ന ചടുലമായ നീക്കം അഭിനന്ദിക്കേണ്ടതാണ്.
സഹപ്രവർത്തകരായ സ്വദേശി തൊഴിലാളികളുടെ ഉൽപാദനശേഷിയെക്കുറിച്ചും പരസ്പര ബഹുമാനത്തിെൻറ ആഴത്തെ കുറിച്ചും ഷഹീം പറയുന്നു. മുതിർന്ന പൗരന്മാരെയും പ്രായംചെന്ന മനുഷ്യരെയും സൗദി യുവത്വം പരിചരിക്കുന്നത് സൗദി അറേബ്യയിൽനിന്ന് കണ്ടുപഠിക്കേണ്ട സംസ്കാരമാണെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.