ഐ.ഡി എവർ ഫ്രഷ്
text_fieldsപ്രകൃതി ദുരന്തങ്ങൾ മനുഷ്യനെ വേട്ടയാടുമ്പോൾ അതിജീവനത്തിന്റെ ചില കഥകൾ കേൾക്കുന്നത് ആത്മവിശ്വാസവും ജീവിതം തിരിച്ചുപിടിക്കാനുള്ള ഉൾക്കരുത്തും സമ്മാനിക്കും. പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന വയനാട്ടിൽ നിന്നു തന്നെ അത്തരമൊരു അതിജീവനത്തിന്റെ മനോഹരമായ കഥ പറയുകയാണ് പി.സി മുസ്തഫയെന്ന യുവ സംരംഭകൻ. ആറാം ക്ലാസിൽ പഠനം നിർത്തി കൂലിപ്പണിക്കിറങ്ങിയിടത്ത് നിന്ന് 100 കോടിയലധികം വരുമാനമുള്ള കമ്പനിയുടെ ഉടമയിലേക്കുള്ള ആ കഥ വയനാട്ടുകാർക്ക് മാത്രമല്ല, അതിജീവിക്കാൻ ആഗ്രഹിക്കുന്ന ഏത് മനുഷ്യനേയും പ്രചോദിപ്പിക്കുന്നതാണ്. 2005ൽ കാൽലക്ഷം രൂപക്ക് ബംഗൂരുവിൽ തുടങ്ങിയ ഭക്ഷ്യ സ്റ്റാർട്ടപ്പായ ഐ.ഡി ഫ്രഷ് ഫുഡ് ഇന്ന് 10 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യമായി മാറിയതിന് പിന്നിൽ തോൽവി വഴങ്ങാത്ത മുസ്തഫയുടെ ഉൾകരുത്തുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഉപഭോക്തൃ ബ്രാൻഡായി മാറിയിരിക്കുന്നു ഇന്ന് ഐ.ഡി ഫ്രഷ്. ഇഡ്ലി, ദോശ മാവ് വില്പനയിൽ നിന്നാരംഭിച്ച് റൊട്ടിയും പനീറും പൊറോട്ടയും ചപ്പാത്തിയും കൂടാതെ ശുദ്ധമായ തൈരും ഫിൽട്ടൽ കോഫിയും ബ്രഡും അങ്ങനെ പ്രിസർവേറ്റീവ്സ് ഇല്ലാത്ത നിരവധി ഉത്പന്നങ്ങൾ ഇന്ന് കമ്പനി വില്പന നടത്തുന്നുണ്ട്.
പഠനത്തിൽ പിന്നിലായിരുന്നെങ്കിലും കണക്കിൽ ഏറെ തൽപരനായിരുന്നു മുസ്തഫ. ആറാം തരത്തിൽ തോറ്റതോടെ പഠിത്തം നിർത്തിയ മുസ്തഫ പിതാവിനൊപ്പം കൂലിപ്പണിക്ക് പോയി. പിന്നീട് ജൂനിയര്‍ വിദ്യാർഥികൾക്കൊപ്പം പഠനം തുടര്‍ന്ന മുസ്തഫ 7ാം ക്ലാസിലും 10ാം തരത്തിലും ഒന്നാമനായി. ഇവിടെ നിന്നാരംഭിക്കുന്നു മുസ്തഫയുടെ അതിജീവനത്തിന്റെ തുടക്കം. എന്‍ജിനിയറിങ് എന്ട്രന്സില് കേരളത്തിൽ 63ാം സ്ഥാനം നേടിയ മുസ്തഫ കോഴിക്കോട് എൻ.ഐടിയില്‍ നിന്ന് ബിരുദവും നേടി. ദുബൈയിലെയും യൂറോപ്പിലേയും ജോലിക്ക് ശേഷം 2003ൽ ബംഗളൂരുവിൽ തിരിച്ചെത്തിയ മുസ്തഫ ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ബിസിനസ് മാനേജ്മെന്റ് കോഴ്സ് ചെയ്തു. ഈ സമയത്താണ് ഐഡി ഫ്രഷ് ഫുഡ്സിന്റെ പിറവി.
ബംഗളൂരുവിൽ 2005 ലാണ് 25,000 രൂപ നിക്ഷേപത്തിൽ ഇഡ്ലി, ദോശ മാവ് നിര്‍മാണ യൂണിറ്റായി ഐഡി ഫ്രഷ് ഫുഡ്സ് ആരംഭിക്കുന്നത്. കസിൻസായ ഷംസുദ്ദീന് ടികെ, ടികെ ജാഫര്‍, അബ്ദുള്‍ നസീര്‍, ടിഎ നൗഷാദ് എന്നിവരുടെ കൂടെയായിരുന്നു സംരംഭത്തിന്റെ തുടക്കം. പഠനം കഴിഞ്ഞ ശേഷം 2007 ലാണ് ഐഡി ഫ്രഷ് ഫുഡ്സിൽ സി.ഇ.ഒ ആയി മുസ്തഫ ചുമതലയേല്‍ക്കുന്നത്. ഇതേ വർഷം ബംഗളൂരു ഹൊസ്കോട്ടെ വ്യവസായ മേഖലയിൽ കമ്പനി പ്ലാന്റ് ആരംഭിച്ചു. ഇന്നിത് 15,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്ലാന്റാണ്.
2010 ൽ മലബാർ പൊറോട്ടയുടെ നിർമാണം ആരംഭിച്ചു. 2012ൽ ഹൈദരാബാദ് മുംബൈ എന്നിവിടങ്ങളിലേക്കും 2013 ൽ ദുബൈയിലേക്കും മലബാർ പൊറോട്ടയുടെ ഐഡി ഫ്രഷ് ഫുഡും വ്യാപിച്ചു. 2016 ൽ കൊച്ചിയിലേക്ക് എത്തിയ കമ്പനി ഇതേ വർഷം ഉടുപ്പിയിൽ നിന്ന് ഇഡ്ലി മാവ് പുറത്തിറക്കി. ഓരോ വർഷവും വരുമാനത്തിൽ വമ്പൻ കുതിപ്പുമായി മുന്നേറുന്ന ഐഡി ഫ്രഷിൽ 2022ൽ രണ്ട് വമ്പൻ കമ്പനികൾ ചേർന്ന് 507 കോടിയുടെ മൂലധന നിക്ഷേപം നടത്തി.
ഐ.ടിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഐ.ഡി ഫ്രഷ് ഫുഡ്സിനെ ലോകോത്തര ബ്രാൻഡായി മാറ്റാനുള്ള പുതുവഴികൾ തേടുകയാണിന്ന് ഇദ്ദേഹം. പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന തന്റെ നാടിന് സർവ പിന്തുണയും വാഗ്ദാനം ചെയ്യുന്ന ഇദ്ദേഹം പക്ഷെ, ഒരിക്കലും അത് പുറം ലോകമറിയണമെന്ന് ആഗ്രഹിക്കുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ മലയോര നിവാസികൾക്ക് മറ്റാരേക്കാളും ഉൾക്കരുത്തുണ്ടെന്നാണ് മുസ്തഫയുടെ അഭിപ്രായം. ജി.സി.സിയിലടക്കം ഫ്രഷ് ഫുഡ് വ്യവസായ രംഗത്തെ അനന്ത സാധ്യതകളും അതോടൊപ്പമുള്ള വെല്ലുവിളികളും ഇവിടെ പങ്കുവെക്കുകയാണ് മുസ്തഫ...
സൗദി അറേബ്യയിൽ പുതിയ ഫാക്ടറി
ജി.സി.സി മാർക്കറ്റുകളിലേക്കുള്ള ഉത്പന്നങ്ങൾ മുഴുവൻ നിർമിക്കുന്നത് അജ്മാനിലെ ഫക്ടറിയിലാണ്. അതുകൊണ്ടു തന്നെ യു.എ.ഇയിലും ഒമാനിലും മാത്രമാണ് നിലവിൽ ഫ്രഷ് ഉത്പന്നങ്ങൾ നൽകാൻ കഴിയുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് ഫ്രോസൺ ആയിട്ടാണ് വിതരണം ചെയ്യുന്നത്. വിപണിയോട് ചേർന്നു തന്നെ ഫാക്ടറി വരുന്നതാണ് കൂടുതൽ സൗകര്യം. കാരണം ചരക്ക് നീക്കത്തിന് വരുന്ന ചെലവും കാലതാമസവും ഒരു വെല്ലുവിളിയാണ്. സൗദി അറേബ്യയിലേത് വലിയ വിപണിയാണ്. ഇവിടത്തെ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ബിസിനസ് വ്യാപിക്കുകയും ചെയ്യുന്നതിനായി പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് തീരുമാനം. ഇതു വഴി ഉത്പാദന ചെലവ് കുറക്കാനും സൗദി വിപണിയിലേക്ക് എളുപ്പത്തിൽ ചരക്ക് നീക്കത്തിനും സാധിക്കും. അതോടൊപ്പം ഉപഭോക്താക്കൾക്ക് ഫ്രഷ് ഉത്പന്നങ്ങൾ ലഭ്യമാക്കാനും കഴിയും. ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ഈ വർഷം തന്നെ സൗദി പ്ലാന്റ് ആരംഭിക്കാനാണ് പദ്ധതി.
ഇ-കോമേഴ്സിലേക്ക് ചുവട്മാറ്റം
ഇന്ത്യയിലുള്ള ബിസിനസിന്റെ 40 ശതമാനം വരുമാനവും വരുന്നത് ഇകൊമേഴ്സിലൂടെയാണ്. യു.എ.ഇയിൽ വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഇകൊമേഴ്സ് വഴിയുള്ളത്. എന്നാൽ, യു.എ.ഇ മാർക്കറ്റിൽ ഇകോം കേന്ദ്രീകരിച്ചുള്ള വ്യാപാരത്തിന് വലിയ അവസരമാണ് കാണുന്നത്. സ്വിഗ്ഗി, ഇൻസ്റ്റമാർട്ട്, സെപ്റ്റോ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഇ-കൊമേഴ്സ് വഴിയുള്ള ബിസിനസ് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കൾക്ക് മിനിറ്റുകൾക്കുള്ളിൽ ഉത്പന്നങ്ങൾ എത്തിക്കാൻ കഴിയുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. നാലു വർഷം മുമ്പ് ഇന്ത്യയിൽ ഇ-കൊമേഴ്സിൽ നിന്ന് പ്രതിമാസത്തെ വരുമാനം 50 ലക്ഷമായിരുന്നു. എന്നാൽ, ഇപ്പോഴത് 20 കോടിയായി വർധിച്ചു. ആ സ്ട്രാറ്റജിയാണ് യു.എ.ഇയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഇ-കൊമേഴ്സ് വ്യാപിപ്പിക്കുന്നതിനായി പ്രത്യേക ടീം തന്നെ രൂപീകരിക്കും. നിലവിൽ 2,500 തൊഴിലാളികളാണുള്ളത്. സൗദിയിൽ പ്ലാന്റ് വരുന്നതോടെ ഇനിയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. നിലവിൽ റീട്ടെയ്ൽ ഔട്ട്ലറ്റ് തുടങ്ങാൻ പ്ലാനില്ല.
ഐ.ഡി റൺസ് ഓൺ ഐ.ടി
എല്ലാ ബിസിനസുകളിലും അതിന്റെതായ വെല്ലുവിളികൾ ഉണ്ടെങ്കിലും ഭക്ഷ്യ ഉത്പാദന മേഖലയിൽ അതിനേക്കാൾ പതിൻമടങ്ങാണ് വെല്ലുവിളികൾ. പ്രത്യേകിച്ച് പ്രിസർവേറ്റീവ്സ് ഉപയോഗിക്കാതെ പ്രകൃതിദത്തമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഫ്രഷ് ഫുഡ് മേഖലയിൽ. ഇത് മടികടക്കാൻ സാങ്കേതിക വിദ്യകളുടെ ഉപയോഗം വളരെ പ്രധാനമാണ്. നിലവിൽ പ്രതിദിനം എല്ലാ വിപണികളിലുമായി ഏതാണ്ട് 50,000 സ്റ്റോറുകളിലാണ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഈ 50,000 സ്റ്റോറുകളിലായി 10 പ്രോഡക്ടുകളാണ് വിതരണം ചെയ്യുന്നത്. അതായത് അഞ്ചു ലക്ഷം കോംബിനേഷനുകൾ വിതരണം ചെയ്യുന്നുണ്ട്. ഇങ്ങനെ വിതരണം ചെയ്യുന്ന പ്രോഡ്കടുകളിൽ സെയിൽ, റിട്ടേൺ, ക്യാഷ് കലക്ഷൻ, ക്യാഷ് സെറ്റിൽമെന്റ് എന്നിവ ഉണ്ടാകും. അങ്ങനെ വരുമ്പോൾ പ്രതിദിനം 20 ലക്ഷം ഇടപാടുകൾ നടത്തേണ്ടി വരും. എല്ലായിപ്പോഴും 20 ലക്ഷം ഇടപാടുകൾ കൃത്യമായി നടന്നില്ലെങ്കിൽ ബിസിനസ് നടത്താനാവില്ല. ഇവിടെയാണ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടി വരിക. ഇത് വലിയ ഒരു വെല്ലുവിളിയാണ്.
അവസരങ്ങളുടെ വാതിൽ തുറന്ന് കോവിഡ്
ലോകത്തെ എല്ലാ സ്ഥാപനങ്ങൾക്കും ഒരു പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്നത് വാസ്തവമാണ്. എന്നാൽ, ഐ.ഡി ഫ്രഷിനെ സംബന്ധിച്ച് കോവിഡും അവസരങ്ങളായിരുന്നു. കാരണം കോവിഡ് കാലത്ത് ഉപഭോക്താക്കൾ ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ജഗ്ഗ് ഫുഡുകളിൽ നിന്ന് മാറ്റം അവർ ആഗ്രഹിച്ചിരുന്നു. റസ്റ്റാറന്റുകൾ അടഞ്ഞുകിടക്കുന്നതിനാൽ പുറത്തുപോയി ഭക്ഷണം കഴിക്കാനുള്ള ഓപ്ഷൻസ് കുറവായിരുന്നു. ഈ സാഹചര്യത്തിൽ പല ഉത്പന്നങ്ങളും ഉപഭോക്താക്കൾ വീട്ടിൽ പരീക്ഷിക്കാൻ തുടങ്ങി. അങ്ങനെയാണ് ഐ.ഡിയുടെ പൊറാട്ട ഹിറ്റായി മാറുന്നത്. ഇകോം ബിസിനസും കോവിഡ് സമയങ്ങളിൽ സൂപ്പർ ഹിറ്റായി മാറി. സ്വിഗ്ഗിയുടെ ഉത്പന്നങ്ങളുടെ ലിസ്റ്റിൽ ഐ.ഡി ഉൾപ്പെടുത്തിയിരുന്നു.
ഐ.പി.ഒയിലേക്ക്
ഐ.ഡി നിലവിൽ 4000 കോടിയുടെ ബ്രാന്റായി മാറിക്കഴിഞ്ഞിരിക്കുന്നു. അതു കൊണ്ടു തന്നെ അടുത്ത രണ്ടര വർഷത്തിനുള്ളിൽ പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) നടത്താനാണ് പദ്ധതി. യൂനികോണായി ഐ.പി.ഒയിലേക്ക് കടക്കാനാണ് പ്ലാൻ. ഇന്ത്യയിലായിരിക്കും ഐ.പി.ഒ സംഘടിപ്പിക്കുക. അതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ലോകം നോക്കിക്കാണുന്ന ഒരു ഐ.പി.ഒ ആയിരിക്കും അത്. 2027 മാർച്ചോടെ ഐ.പി.ഒ പ്രഖ്യാപിക്കനാവുമെന്നാണ് പ്രതീക്ഷ. നിലവിൽ അഞ്ചു ഫാക്ടറികളിലായി 2,500 ജീവനക്കാരാണ് ഐ.ഡിക്കുള്ളത്. അജ്മാൻ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. ഇത് കൂടാതെയാണ് സൗദി അറേബ്യ, കൊൽക്കത്ത, ആന്ധ്രപ്രദേശ്, കേരള, തമിഴ്നാട് എന്നിവിടങ്ങളിൽ പുതിയ ഫാക്ടറികൾ നിർമിക്കാൻ തയ്യാറെടുക്കുന്നത്. ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, യു.എസ്, യു.കെ, അയർലണ്ട്, സിംഗപ്പൂർ എന്നീ 10 രാജ്യങ്ങളിലായി 75 നഗരങ്ങളിൽ ഐ.ഡിയുടെ ഉത്പന്നങ്ങൾ ലഭ്യമാണ്. നിലവിലുള്ള 50,000 സ്റ്റോറുകളിലെ സാന്നിധ്യം പത്തു വർഷത്തിനുള്ളിൽ രണ്ട് ലക്ഷം സ്റ്റോറുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ചീഫ് ഓപറേറ്റിങ് ഓഫിസറെ നിയമിച്ചിരിക്കുകയാണ്.
നിലവിൽ മാർക്കറ്റിലുള്ള ഒരു ഉത്പന്നത്തെ അങ്ങനെ തന്നെ കോപ്പി ചെയ്യുന്ന രീതിക്ക് പകരം വിത്യസ്തമായ ആശയങ്ങൾ ഉള്ളവർക്ക് ബിസിനസ് മേഖലയിൽ വിജയിക്കാനാവുമെന്ന് ഉറപ്പാണ്. പുതിയ സംരംഭകരോട് പറയാനുള്ളതും അതു തന്നെയാണ്. ആശയങ്ങളുടെ വ്യതിരക്തത ഉണ്ടെങ്കിൽ മാത്രം ബിസിനസിലേക്ക് ഇറങ്ങുക. കാഷ് ഉണ്ടാക്കാൻ നിരവധി വഴികളുണ്ട്. പക്ഷെ, ബിസിനസിലൂടെ ഉണ്ടാക്കുന്ന പണത്തെ നാളെ അടുത്ത തലമുറയോട് അഭിമാനത്തോടെ പറയാനാവണം.
പുതിയ സാധ്യതകൾ
ഐ.ഡി ഫ്രഷിന്റെ ഉത്പന്നങ്ങൾക്ക് ജി.സി.സി വിപണിയിൽ കൂടുതൽ സാധ്യതകൾ ഉണ്ടെന്നാണ് മനസിലാക്കുന്നത്. ഇത് മുന്നിൽകണ്ട് വിപണിയിൽ പുതിയ ഉത്പന്നങ്ങൾ ഇറക്കാനാണ് ആദ്യ പദ്ധതി. ഇന്ത്യയിൽ സൂപ്പർ ഹിറ്റായി മാറിയ ചട്നിയുടെ നാല് രുചിഭേദങ്ങൾ ജി.സി.സി വിപണിയിലും ഉടൻ ഇറക്കും. കൂടാതെ ഇവിടത്തെ വിപണിക്ക് അനുയോജ്യമായ മറ്റ് നിരവധി ഉത്പന്നങ്ങൾ പുതുതായി ഇറക്കാനാണ് പദ്ധതി. പ്രിസർവേറ്റീവ്സോ രാസവസ്തുക്കളോ ചേർക്കാത്ത, നൂറു ശതമാനം പ്രകൃതിദത്തമായ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുകയെന്നതാണ് ഐ.ഡി ഫ്രഷിന്റെ ബിസിനസിലെ തത്വശാസ്ത്രം. ഈ ആശയത്തിന് കീഴിൽ നിൽക്കുന്ന ഉത്പന്നങ്ങൾ മാത്രമേ ഐ.ഡി ഫ്രഷ് വിപണിയിലെത്തിക്കൂ. ബിസിനസ് പുതിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്നതാണ് രണ്ടാമത്തെ പദ്ധതി. നിലവിൽ ഐ.ഡി ഫ്രഷ് യു.എ.ഇയിൽ ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിടുകയാണ്. പിന്നാലെ ഒമാൻ, സൗദി എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇപ്പോൾ ഖത്തറിലും ബഹ്റൈനിലും വിതരണം തുടങ്ങിയിട്ടുണ്ട്. ഖത്തറിൽ തുടങ്ങിയിട്ട് ഏതാണ്ട് ഒമ്പത് മാസമായി. ഇനി കുവൈത്തിലാണ് വിതരണം ആരംഭിക്കാൻ പോകുന്നത്. അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിലെ വിപണികളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നതാണ് മൂന്നാമത്തെ പദ്ധതി.
സൗദിയിൽ ഉത്പാദനം ഉണ്ടെങ്കിലും കുറഞ്ഞ അളവിലാണ്. ഏതാണ്ട് 2000 സ്റ്റോറുകളിലാണ് ഐ.ഡി ഫ്രഷ് ഉത്പന്നങ്ങൾ ലഭ്യമായിട്ടുള്ളത്. എന്നാൽ, സൗദി വിപണിയെന്നത് ഏതാണ്ട് 50,000 സ്റ്റോറുകൾ ഉൾകൊള്ളുന്നതാണ്. ഈ സാധ്യത ഉപയോഗപ്പെടുത്താൻ ഈ വർഷം തന്നെ സൗദിയിലെ ഐ.ഡി ഫ്രഷ് ലഭ്യമാകുന്ന സ്റ്റോറുകളുടെ എണ്ണം 10,000ത്തിലെക്കുകയെന്നതാണ് ലക്ഷ്യം. ഇതേ തന്ത്രം തന്നെയാണ് യു.എ.ഇയിലും പയറ്റുന്നത്. നിലവിൽ യു.എ.ഇയിലെ ഏറ്റവും പ്രധാന സ്റ്റോറുകളിൽ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. 6500 സ്റ്റോറുകളിലാണ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. രണ്ട് മാസത്തിനുള്ളിൽ അത് 10,000 ആയി ഉയർത്തുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.