ശാസ്ത്ര-ജ്യോതിശാസ്ത്ര മികവിലൂടെ ഇല്യാസ് പെരിമ്പലം
text_fieldsമഞ്ചേരി: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായ കെ. മുഹമ്മദ് ഇല്യാസ് എന്ന ഇല്യാസ് പെരിമ്പലം 2022-23 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും. യു.പി വിഭാഗത്തിൽ ഇല്യാസ് അടക്കം ഇത്തവണ സംസ്ഥാനത്തെ അഞ്ചുപേർക്കാണ് അവാർഡ്.
വിദ്യാലയത്തിനകത്തും പുറത്തുമുള്ള ശാസ്ത്ര-ജ്യോതിശാസ്ത്ര രംഗങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്. ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ വരെ കുട്ടികളെ പങ്കെടുപ്പിച്ച് വിജയം നേടിക്കൊടുക്കാൻ ഇല്യാസിന് സാധിച്ചിട്ടുണ്ട്. അധ്യാപകർക്കുള്ള ശാസ്ത്ര പഠനോപകരണ മത്സരത്തിൽ മൂന്നു തവണ വിജയിയായിട്ടുണ്ട്.
അഞ്ഞൂറിലധികം പരീക്ഷണങ്ങൾ ചെയ്യാവുന്ന ഒരു ഹോം ലാബ് സ്വന്തമായുണ്ട്. ഇതിലെ സ്വയം നിർമിച്ച ഉപകരണങ്ങളാണ് സ്വന്തം ക്ലാസുകളിൽ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ‘സയൻസ് മലയാളം’ യൂട്യൂബ് ചാനലിലൂടെയും വിക്ടേഴ്സ്-ഫസ്റ്റ് ബെൽ ക്ലാസുകളിലൂടെയും കേരളത്തിലെ പ്രൈമറി ശാസ്ത്രാധ്യാപകർക്ക് സുപരിചിതനാണ് ഇല്യാസ്. കഥ പറയും നക്ഷത്രങ്ങൾ, മാജിക്കിലൂടെ ശാസ്ത്രം പഠിക്കാം, മാനത്തേക്കൊരു കിളിവാതിൽ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്.
പത്രങ്ങളിൽ ധാരാളം ശാസ്ത്ര-ജ്യോതിശാസ്ത്ര ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഒട്ടേറെ ശാസ്ത്രാധ്യാപക പരിശീലനങ്ങളിൽ സംസ്ഥാനതല റിസോഴ്സ് പേഴ്സനായി പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ സംസ്ഥാന എസ്.എസ്.എയുടെ ഗലീലിയോ അവാർഡ്, 2015ൽ ഓൾ ഇന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ അവാർഡ്, 2015 ൽ സംസ്ഥാന പി.ടി.എയുടെ മികച്ച അധ്യാപകനുള്ള അവാർഡ് എന്നിവയും ലഭിച്ചു. പെരിമ്പലം സ്വദേശി പരേതനായ കാവുങ്ങൽ മുഹമ്മദ് മാസ്റ്ററുടെയും ചെറുകപ്പള്ളി സൈനബയുടെയും മകനാണ് ഇല്യാസ്. ഭാര്യ: ഹബീബ തണ്ടായത്ത്. മക്കൾ: ബാസിത് (സോഫ്റ്റ് വെയർ എൻജിനീയർ), വാരിസ് (അധ്യാപകൻ), ഇഖ്ബാൽ, ഹസീബ് (ഇരുവരും വിദ്യാർഥികൾ). മരുമകൾ: നാജിയ (ബി.ഡി.എസ് ഹൗസ് സർജൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.