കാനായിയിലേക്ക് വരൂ, അഞ്ച് ഗാന്ധിയെ കാണാം
text_fieldsപയ്യന്നൂർ: രാജ്യം സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോൾ ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ ഒരുങ്ങുന്നത് അഞ്ച് ഗാന്ധിശിൽപങ്ങൾ. വിവിധ സ്ഥലങ്ങളിലേക്കുള്ള ഗാന്ധിശിൽപങ്ങളാണ് കാനായിയിൽ ഒരുങ്ങുന്നത്.
ഇരുപത്തിയൊമ്പതാമത്തെ ഗാന്ധിശിൽപമാണ് ഇപ്പോൾ ഉണ്ണി നിർമിക്കുന്നത്. ആദ്യമായി ഉണ്ണിയുടെ ഗാന്ധി ശിൽപം പിറന്നത് പയ്യന്നൂർ പൊലീസ് സ്റ്റേഷനു മുന്നിലാണ്. പെരുമ്പയിൽ പൊലീസ് വാഹന പരിശോധനക്കിടയിൽ അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ സുധാകരൻ ഇരുചക്രവാഹനം പരിശോധിച്ചതാണ് ഗാന്ധിശിൽപത്തിന്റെ പിറവിക്ക് ഇടയായതെന്ന് ഉണ്ണി പറഞ്ഞു. ബുക്കും പേപ്പറും കൈയിൽ ഇല്ലാത്തതിനാൽ വണ്ടിക്ക് പിഴയിട്ടു. ഒറജിനൽ ബുക്കും പേപ്പറും കൊണ്ട് സ്റ്റേഷനിലേക്ക് വരാനും പറഞ്ഞു. പിറ്റേന്നാൾ സ്റ്റേഷനിലെത്തിയപ്പോഴാണ് ഉണ്ണി ശിൽപിയാണെന്ന് സി.ഐ അറിഞ്ഞത്. അന്ന് സി.ഐ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനു മുന്നിൽ മഹാത്മാഗാന്ധിപ്രതിമ നിർമിച്ചത്.
പോട്ട്റെയിറ്റ് ശിൽപങ്ങൾ ചെയ്ത് പരിചയമില്ലാത്തതിനാൽ അൽപം ഭയമുണ്ടായിരുന്നു. എന്നാൽ തികഞ്ഞ ആത്മവിശ്വാസവുമായി ആദ്യമായി ഗാന്ധിശിൽപം ചെയ്തു. അത് നന്നാവുകയും ചെയ്തു. അങ്ങനെ ചെയ്ത ആ ഗാന്ധിശിൽപം ജീവിതത്തിലെ വഴിത്തിരിവായതായി ഉണ്ണി കാനായി പറഞ്ഞു. സുധാകരന്റെ ആവശ്യപ്രകാരം തളിപ്പറമ്പ്, ആലക്കോട്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലും ഉണ്ണിയുടെ ഗാന്ധിശിൽപങ്ങൾ ഇടം കണ്ടു. ഇതിനു ശേഷം കേരളത്തിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഉണ്ണിയുടെ കൈയൊതുക്കം കൊണ്ട് സമ്പന്നമായ മഹാത്മാഗാന്ധി ശിൽപങ്ങൾ ഉണ്ടായി.
ഇപ്പോൾ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് ബസ് സ്റ്റാൻഡിലേക്ക് പത്തടി ഉയരമുള്ള മെറ്റൽ ഗ്ലാസ് ഗാന്ധിശിൽപവും ഭീമനടി വരക്കാട് ഹയർ സെക്കൻഡറി സ്കൂൾ, ചെറുപുഴ യു.പി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള ശിൽപവും മാതമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ 93 എസ്.എസ്.എൽ.സി ബാച്ചിന് വേണ്ടി ഫൈബർ ഗ്ലാസിൽ നിർമിക്കുന്ന ഗാന്ധിശിൽപവും പണിപ്പുരയിൽ അന്തിമഘട്ടത്തിലാണ്. കൂട്ടത്തിൽ ഒരു ഗാന്ധിശിൽപം ഈ ഡിസംബറിൻ പൊലീസ് ജീവിതത്തിൽനിന്ന് വിരമിക്കുന്ന ഡിവൈ.എസ്.പി സുധാകരൻ ജോലി ചെയ്യുന്ന കാസർകോട് എസ്.പി ഓഫിസിലേക്ക് വേണ്ടിയും നിർമിച്ചു.
കേരളത്തിലെ വെങ്കലത്തിൽ പണിത ഏറ്റവും വലിയ മഹാത്മാഗാന്ധിശിൽപം കാസർകോട് കലക്ടറേറ്റിൽ നിർമിച്ചതും ഉണ്ണി കാനായിയാണ്. ഇതിനു പുറമെ തിരുവനന്തപുരത്തെ ശ്രീനാരായണ ഗുരു ശിൽപം, തലശ്ശേരിയിലെ ഡോ. അബ്ദുൾ കലാം ശിൽപം തുടങ്ങി നൂറുകണക്കിന് ശിൽപങ്ങൾ ഉണ്ണിയുടേതായിട്ടുണ്ട്. വിനേഷ് കെയക്കീൽ, സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, ബിജു കൊയക്കീൽ എന്നിവരാണ് ഉണ്ണികാനായിയുടെ സഹായികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.