സ്വതന്ത്ര ഇന്ത്യക്കും മുഹമ്മദ് കുട്ടിക്കും ജന്മദിനം ഒന്നുതന്നെ
text_fieldsപാവറട്ടി: സ്വതന്ത്ര ഇന്ത്യയുടെ 77 വയസ്സുതന്നെയാണ് മുഹമ്മദ് കുട്ടിക്കും. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്റ്റ് 15നാണ് മരുതയൂർ പുതുവീട്ടിൽ മുഹമ്മദ് കുട്ടിയുടെയും ജനനം. എന്നാൽ, സ്കൂളിൽ ചേർക്കാൻ വയസ്സ് തികയുന്നതിന് അധ്യാപകർ 02-03-1947 എന്ന് രജിസ്റ്ററിൽ ചേർത്തതോടെ പിന്നീടുള്ള ഔദ്യോഗിക രേഖകളിലല്ലാം ഇതായി ജനന തീയതി. നിരവധി തവണ യഥാർഥ തീയതിയായ 15-08-1947 എന്ന് തിരുത്താൻ സർക്കാർ ഓഫിസുകളിൽ അപേക്ഷ നൽകിയെങ്കിലും സ്കൂൾ സർട്ടിഫിക്കറ്റാണ് ആവശ്യപ്പെടുക.
എന്നാൽ, സ്കൂളിൽ ചേർത്താൻ വയസ്സ് തികക്കുന്നതിന് ജനന തീയതി മാറ്റിയതിനാൽ യാഥാർഥ ജനന തീയതിയാക്കാൻ സാധിച്ചില്ല. വലതുകാലിന് ചെറിയ വേദനയൊഴികെ പൂർണ ആരോഗ്യവാനായിരുന്ന മുഹമ്മദ് കുട്ടിക്ക് 25 വർഷം മുമ്പ് രണ്ട് കാലുകളുടെയും സ്വാധീനം പൂർണമായി നഷ്ടപ്പെട്ടു. അന്ന് മുതൽ കൈകൊണ്ട് തിരിച്ച് പ്രവർത്തിപ്പിക്കുന്ന പെഡൽ ഉപയോഗിച്ച് സഞ്ചരിക്കുന്ന മുച്ചക്ര വാഹനത്തിലാണ് യാത്ര. എന്നാൽ, ഓരോ സ്വാതന്ത്ര്യ ദിനമടുക്കുമ്പോഴും ജനന തീയതി 15-08-1947 എന്നാക്കാൻ എന്തെങ്കിലും മാർഗമുണ്ടോയെന്നന്വേഷിച്ച് സർക്കാർ ഓഫിസുകൾക്ക് മുന്നിൽ മുചക്ര വാഹനത്തിൽ വെയിലും മഴയും അവഗണിച്ച് എത്തും.
ഇന്നലെയും ജനനതീയതി ശരിയാക്കാൻ പാവറട്ടി പള്ളിനടയിലെ സി. എസ്.സിയിലേക്ക് മുഹമ്മദ് കുട്ടി എത്തി. ഔദ്യോഗിക രേഖകളിൽ ജനന തീയതി തിരുത്താൻ ആയില്ലെങ്കിലും എല്ലാ വർഷവും ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറ്റിസൺ ഫോറത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മുഹമ്മദ് കുട്ടിയുടെ ജന്മദിനമാഘോഷിക്കുക പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.