സമാധാന സന്ദേശം പകർന്ന് 48 രാജ്യങ്ങള്‍ താണ്ടി ഇന്ത്യന്‍ എൻജിനീയര്‍ യു.എ.ഇയില്‍
text_fieldsറാസല്‍ഖൈമ: സമാധാന സന്ദേശം വിളംബരം ചെയ്ത് സൈക്കിളിലും കാല്‍നടയായും 48 രാജ്യങ്ങള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ യുവാവ് റാസല്‍ഖൈമയില്‍.
മഹാത്മ ഗാന്ധിയുടെയും ബുദ്ധന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്രയില്‍ നിന്നുള്ള 32കാരനായ എൻജിനീയര്‍ സോനാവാന് 2016 നവംബര്‍ 18ന് വാര്‍ധയിലെ ഗാന്ധി ആശ്രമത്തില്‍നിന്നാണ് യാത്ര ആരംഭിച്ചത്. പാകിസ്താന്, അഫ്ഗാനിസ്താന്, ഉസ്ബകിസ്താന്‍, തായ്ലൻഡ്, വിയറ്റ്നാം, ചൈന, ജപ്പാന്, യു.എസ്, മെക്സികോ, കോസ്റ്ററീക, കൊളംബിയ, ദക്ഷിണാഫ്രിക്ക, റുവാണ്ട, യുഗാണ്ട, സുഡാന്, ഈജിപ്ത്, ഇംഗ്ലണ്ട്, അയര്‍ലൻഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സോനാവാന് യു.എ.ഇയിലെത്തിയത്.
25,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ താന്‍ 15,400 കിലോമീറ്റര്‍ കാല്‍നടയായുമായാണ് 48 രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതെന്ന് സോനാവാന് പറഞ്ഞു.
ബുധനാഴ്ച റാസല്‍ഖൈമ മ്യൂസിയം കോമ്പൗണ്ടില്‍നിന്ന് കാല്‍നട ആരംഭിച്ച സോനാവാന് ആഗസ്റ്റ് 15ന് അബൂദബി ഇന്ത്യന്‍ എംബസിയിലെത്തി ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഉമ്മുല്‍ഖുവൈന്‍, അജ്മാന്, ഷാര്‍ജ, ദുബൈ എമിറേറ്റുകള്‍ കടന്ന് അബൂദബിയിലെത്തുന്ന യാത്രയില്‍ ‘ലോക സമാധാനവും സൗഹൃദ പ്രസ്ഥാനവും’ എന്ന ആശയമാണ് യുവാവ് ഉയര്‍ത്തുന്നത്. കഴിഞ്ഞ യാത്രകളില്‍ മഹാത്മ ഗാന്ധിയുടെയും ബുദ്ധന്റെയും നെല്‍സണ്‍ മണ്ടേലയുടെയും ജീവിത സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലായിരുന്നു ഊന്നല്‍.
ഗാന്ധിയുടെയും ബുദ്ധന്റെയും അഹിംസയുടെയും സത്യത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഇദ്ദേഹം ഭൗതിക-അക്കാദമിക് ജീവിതം ഉപേക്ഷിക്കുകയായിരുന്നു. ഗാന്ധി മുന്നോട്ടുവെച്ച അഹിംസ കാലാവസ്ഥ വ്യതിയാനത്തിലും പരിസ്ഥിതി സംരക്ഷണത്തിലേക്കും കൂടി ശ്രദ്ധക്ഷണിക്കുന്നതാണെന്നും സോനാവാന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.