എരമല്ലൂരിന്‍റെ നെഞ്ചിൽ കാഴ്ചകളുടെ 'നാഞ്ചിനാട്ട്'
text_fieldsഅരൂർ: എരമല്ലൂർ ഗ്രാമത്തിലെ കൗതുകക്കാഴ്ചയാണ് ശിൽപി രഘുനാഥന്റെ പരിസ്ഥിതി സൗഹൃദവാസസ്ഥലം. രഘുനാഥെൻറ അമ്മയുടെ നാട് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കാർഷിക ഗ്രാമമായ നാഞ്ചിനാടായിരുന്നു.
അതിെൻറ ഓർമക്കായി എരമല്ലൂർ തോട്ടപ്പള്ളി ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ഈ പുരയിടത്തിന് രഘുനാഥൻ പേരിട്ടിരിക്കുന്നത് 'നാഞ്ചിനാട്ട് ഫാം ഹൗസ്' എന്നാണ്. പുനലൂർ പേപ്പർ മില്ലിൽ ജീവനക്കാരനായിരുന്നു പിതാവ്. എരമല്ലൂരിൽ എത്തുന്നത് തികച്ചും യാദൃച്ഛികമായാണ്.
കലാപഠനം കഴിഞ്ഞ് സ്വസ്ഥമായി ശിൽപവേല ചെയ്യാൻ ഒരു സ്ഥലം ആവശ്യമായിരുന്നു. സുഹൃത്തായ ഫോർട്ട്കൊച്ചിക്കാരൻ കാശി ആർട്ട് ഗാലറി ഉടമ അനൂപിന് എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തിൽ ഒരുവീടുണ്ടായിരുന്നു. രഘുനാഥന് ആ വീട് താമസത്തിനായി അനൂപ് നൽകി.
2004 മുതൽ 2010വരെ കാക്കത്തുരുത്തുകാരനായി രഘുനാഥൻ അവിടെ താമസിച്ചു. ഗ്രാമീണജീവിതവും വിശുദ്ധിയും രഘുനാഥനെ തനി എഴുപുന്നകാരനാക്കി. ദ്വീപിന് അധികം അകലെയല്ലാതെ, എരമല്ലൂരിൽ 52 സെന്‍റ് സ്ഥലം സ്വന്തമായി വാങ്ങി. അവിടെ തെങ്ങുകളും വയലും കുളവും ഒരു ചെറിയ വീടും ഉണ്ടായിരുന്നു.
പൊക്കാളി കൃഷിയിൽ കീർത്തി കേട്ട സ്ഥലമായിരുന്നു. എന്നാൽ, മത്സ്യകൃഷിയിൽ ലാഭം കണ്ട് നെൽകൃഷി ഉപേക്ഷിച്ചവരായിരുന്നു കർഷകർ. പൊക്കാളി കൃഷിയുടെ ഗുണമേന്മ മനസ്സിലാക്കി നെൽകൃഷി നടത്താൻ ഇറങ്ങിത്തിരിച്ചു.
ചെട്ടിരിപ്പ് എന്ന മേന്മയേറിയ നെൽവിത്ത് ശാന്തിഗിരി ആശ്രമത്തിൽനിന്ന് വാങ്ങി വിതച്ചാണ് നൂറുമേനി കൊയ്തത്. എഴുപുന്ന പഞ്ചായത്തിലെ മികച്ച നെൽകർഷകെൻറ അവാർഡും വാങ്ങി.
പുരയിടത്തിലെ കുളത്തിൽ മീൻ കൃഷിയുമുണ്ട്. വീടിന് ചുറ്റുമുള്ള സ്ഥലത്ത് നിൽക്കുന്ന തെങ്ങിലെ തേങ്ങയും ഇത്തിരി മുറ്റത്തെ പച്ചക്കറി കൃഷിയും ആഹാരത്തിനൊപ്പം ചേർന്നു. 2016 ലാണ് വാങ്ങിയ സ്ഥലത്ത് വീടുവെക്കാൻ രഘുനാഥൻ തുനിഞ്ഞത്.
രണ്ടു മുറിയും വിസ്തൃതമായ തളവും കാറ്റും വെളിച്ചവും കേറുന്ന ഇടനാഴികളും വീടിനെ ശിൽപതുല്യമാക്കുന്നു. കനം കുറഞ്ഞ മേൽക്കൂരക്ക് വേണ്ടി സിമന്‍റിെൻറ ബോർഡുകളാണ് ഉപയോഗിച്ചത്.
പുരയിടത്തിൽ ഉണ്ടായിരുന്ന കുളം കേന്ദ്രീകരിച്ചാണ് വീടിെൻറ സിറ്റൗട്ട്. ഭൂമിയിൽ കമഴ്ത്തിവെച്ച 10000 ചിരട്ടകൾക്ക് മുകളിലാണ് വീട് ഇരിക്കുന്നത്. വയലുകളും തോടുകളും ചുറ്റിയുള്ള പരിസരം മുഴുവൻ കണ്ടൽക്കാടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.