ഇന്റർനാഷനൽ വാട്ടർ കളർ ഫെസ്റ്റിവൽ: ഇന്ത്യക്ക് അഭിമാനമായി സുധീഷ്
text_fieldsവാടാനപ്പള്ളി (തൃശൂർ): സ്പെയിനിലെ കൊർഡോവയിൽ നടന്ന ഇന്റർനാഷനൽ വാട്ടർ കളർ ഫെസ്റ്റിവലിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച ചേറ്റുവ സ്വദേശി സുധീഷ് മൂന്നാം സ്ഥാനം നേടി നാടിനഭിമാനമായി. ദി പ്രോൺസ് (ചെമ്മീൻ) പെയിന്റിങ് വരച്ചാണ് നേട്ടം കൈവരിച്ചത്. ഒറിജിനൽ ചെമ്മീനിനെ വെല്ലുന്ന തരത്തിലാണ് സുധീഷ് വരച്ചത്. 200ൽ അധികം രാജ്യങ്ങളിലെ ആർട്ടിസ്റ്റുകളാണ് ഫെസ്റ്റിവലിൽ പങ്കെടുത്തത്.
ഇന്ത്യക്ക് വേണ്ടി സുധീഷ് മാത്രമാണ് മത്സരത്തിൽ പങ്കെടുത്തത്. ലോകമെമ്പാടുമുള്ള വാട്ടർകളർ ആർട്ടിസ്റ്റുകളുടെ സംഘടനയായ ഇന്റർനാഷനൽ വാട്ടർ കളർ സൊസൈറ്റിയാണ് എക്സിബിഷൻ നടത്തിയത്.
ഈ ചിത്രം കഴിഞ്ഞ മാസം തുർക്കിയിലെ ഇസ്തംബൂളിൽ നടന്ന എക്സിബിഷനിലും പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം അർജന്റീനയിൽനിന്ന് ഇന്റർനാഷനൽ വാട്ടർകളർ സൊസൈറ്റി അവാർഡ്, ഇന്റർനാഷനൽ വാട്ടർകളർ സൊസൈറ്റി ഇന്ത്യ ബിനാലേ അവാർഡ്, ഓസ്ട്രേലിയൻ ആർട്ട് മെറ്റീരിയൽ ബ്രാൻഡ് എഷാർ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
ഇറാൻ, അർജന്റീന, നേപ്പാൾ, തുർക്കി എന്നിവിടങ്ങളിൽ നടന്ന എക്സിബിഷനുകളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. പാവറട്ടി സർ സയ്യിദ് ഇംഗ്ലീഷ് സ്കൂളിൽ അധ്യാപകനാണ്. നെടുമ്മാട്ടുമ്മൽ സുധാകരൻ - തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ആതിര. മകൾ: ഇശൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.