അയൺ ലേഡി
text_fields91 കിലോമീറ്റർ സൈക്ലിങ്, 21 കിലോ മീറ്റർ ഓട്ടം, 1.9 കിലോമീറ്റർ നീന്തൽ... ദുബൈയിലെ അയൺമാൻ മത്സരത്തിന്റെ ചുരുക്കം ഇതാണ്. പേര് മുതൽ പ്രാതിനിധ്യം വരെ പുരുഷൻമാർക്കായി എഴുതിച്ചേർക്കപ്പെട്ട മത്സരമാണ് അയൺമാൻ. അവിടെ സ്ത്രീകൾക്കെന്താണ് കാര്യം എന്നല്ലേ. ഉത്തരം കണ്ണൂർകാരി റീം ബക്കർ പറഞ്ഞുതരും.
സാഹസികതകൾ നിറഞ്ഞ അയൺമാൻ മത്സരത്തിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായി മാറയിരിക്കുകയാണ് റീം ബക്കർ. മത്സരത്തിൽ പങ്കെടുത്ത 24 മലയാളികൾക്കിടയിലെ ഏക വനിത. കനലൊരു തരി മതി എന്ന വാക്കുകൾ അന്വർഥമാക്കി പുരുഷകേന്ദ്രീകൃതമായ മത്സരത്തിന്റെ ഭാഗമായി വരവറിയിച്ചിരിക്കുകയാണ് ഈ കണ്ണൂരുകാരി.
ഓട്ടവും സൈക്ലിങും നീന്തലും സമ്മേളിക്കുന്ന മത്സരമാണ് അയൺമാൻ. ദുബൈയിലെ സ്വകാര്യ സ്കൂളിൽ ഉദ്യോഗസ്ഥയായ റീം യു.എ.ഇയിലെ വിവിധ ദീർഘദൂര ഓട്ട മത്സരങ്ങളിൽ പങ്കെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് അയൺമാനിലും ട്രാക്കിലിറങ്ങിയത്. സ്പാർട്ടൺ റേസിന്റെ സർട്ടിഫൈഡ് പരിശീലകയുമാണ് റീം.
ആത്മവിശ്വാസത്തിന്റെ കുതിപ്പ്
2018 ൽ നിരവധി പ്രവാസി വനിതകളെ പോലെ ജോലിയും കുടുംബ കാര്യങ്ങളും മാത്രമായി ഒതുങ്ങി കൂടിയിരുന്ന സാധാരണക്കാരിയായിരുന്നു റീം. തനിക്ക് താൻ തന്നെ നിശ്ചയിച്ച പരിധികളിൽനിന്ന് പറന്നുയരാൻ റീമിന് വേണ്ടിയിരുന്നത് അൽപം ആത്മവിശ്വാസവും ധൈര്യവുമായിരുന്നു. കുടുംബത്തിൽ നിന്ന് വേണ്ടുവോളം പിന്തുണ ലഭിച്ചത് കൊണ്ട് മാത്രമാണ് ഇന്ന് പലരും ഉറ്റ് നോക്കുന്ന ഉയരത്തിലേക്ക് റീമിന് എത്തിച്ചേരാൻ കഴിഞ്ഞത്. ഒരുപാട് പരിശീലനത്തിന് ശേഷമാണ് അയൺമാൻ മത്സരത്തിൽ റീം പങ്കെടുത്തത്. പരിശീലകൻ മോഹൻ ദാസിന്റെ നേതൃത്വത്തിൽ ആറുമാസത്തോളം കഠിനമായ പരിശീലനത്തിന് ശേഷമാണ് പുരുഷന്മാർക്കിടയിൽ മത്സരവീറോടെ പൊരുതാൻ തനിക്കായതെന്ന് റീം പറയുന്നു. ആദ്യമായാണ് റീം അയൺമാൻ മത്സരത്തിൽ പങ്കെടുക്കുന്നത്.
യാദൃശ്ചികമായാണ് സ്പോർട്സ് മേഖലയിലേക്ക് എത്തിപ്പെടുന്നത്. 2018 ൽ സ്തനാർബുദം ബാധിച്ച സുഹൃത്തിന് പ്രചോദനം പകരാൻ ദുബൈയിൽ നടന്ന പിങ്ക് റൺ റേസിൽ അഞ്ച് കിലോമീറ്റർ ഓടിയാണ് ഈ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. 2019ൽ വീണ്ടും പ്രചോദനം ഉൾക്കൊണ്ട് നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. അതേ വർഷം അവസാനം 42 കിലോമീറ്റർ ഫുൾ മാരത്തോൺ ഓടി പൂർത്തിയാക്കി. യൂറോപ്പിൽ പ്രസിദ്ധമായ സ്പാർട്ടൺ ഒബ്സ്റ്റിക്കിൾ കോഴ്സ് റേസിൽ പങ്കെടുക്കാനായതും അഭിമാനത്തോടെ ഓർത്തെടുക്കുന്നു.
അയൺമാൻ മത്സരം അത്ര നിസാരമല്ല. ദീർഘനാളത്തെ പരിശീലനമില്ലാതെ പങ്കെടുക്കാൻ കഴിയില്ല. 87 രാജ്യങ്ങളിൽ നിന്ന് എൺപതോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മലയാളി കൂട്ടായ്മയായ കേരള റൈഡേഴ്സിന്റെ ടീമിലെ 24 മലയാളികൾക്കിടയിൽ തിളങ്ങിനിന്ന പെൺനക്ഷത്രം തന്നെയാണ് റീം.
നീന്തലിനെക്കുറിച്ച് ഓർക്കുമ്പോൾ മൂന്ന് വയസ്സിൽ ഉല്ലാസ യാത്രക്കിടെ അബൂദബി കോർണിഷിൽ വച്ച് കടലിൽ വീണുണ്ടായ അപകടത്തെയാണ് റീം ഓർത്തെടുക്കുന്നത്. വെള്ളത്തെ പേടിയായിരുന്നു അന്ന്. എന്നാൽ, നിശ്ചയധാർഠ്യം കൊണ്ട് നീന്തലെന്ന പേടിസ്വപ്നവും കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞു. ഏകദേശം പത്ത് മാസം സമയമാണ് നീന്തൽ പഠിക്കാനെടുത്തത്.
കണ്ണൂർ ഓൻടെയിൻ റോഡിൽ സിറ്റാഡലിൽ സിദ്ദീഖ് ബക്കറിന്റെയും സീനത്തിന്റെയും മകളായ റീം വളർന്നത് അബൂദബിയിലാണ്. മൂന്ന് സഹോദരൻമാരുണ്ട്. ഭർത്താവ് നൗഷർവാൻ പൂർണ്ണ പിന്തുണയാണ് നൽകുന്നത്. 15 വയസ്സുകാരൻ മെഹദിയുടെയും 8 വയസ്സുകാരൻ ഈസയുടെയും അമ്മയാണ് ഈ അയൺലേഡി.
ഉറച്ച തീരുമാനവും നിശ്ചയധാർഡ്യവും സ്വയം അർപ്പിക്കുന്ന വിശ്വാസവുമുണ്ടെങ്കിൽ ഏതൊരു സ്ത്രീക്കും ജീവിതത്തിൽ അയൺലേഡികളാകാം. ഓരോരുത്തരുടെയും പരിധി നിശ്ചയിക്കുന്നത് അവനവൻ തന്നെയാണ്. ആ പരിധികൾ തകർത്തെറിഞ്ഞാൽ അസാധ്യമെന്ന് കരുതിയ പലതും എത്തിപ്പിടിക്കാനാകും എന്ന് റീം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.