കാൽപന്തുകളിയിൽ നാട്ടിൻപുറത്തിന്റെ കരുത്തായി ഇസ്മായില്‍
text_fieldsപെരുമ്പാവൂര്‍: പ്രായം 62 ആയിട്ടും പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശി പി.എം. ഇസ്മായില്‍ ഫുട്ബാളില്‍ നാട്ടിന്‍പുറത്തെ വിസ്മയമാണ്. സ്കൂള്‍ പഠനകാലത്ത് തുടങ്ങിയ കാല്പന്ത് കളിയോടുള്ള അഭിനിവേശം പെരുമ്പാവൂരില്‍ ഇത്തവണ നടന്ന മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ക്യാപ്റ്റനായതുവരെ എത്തിനില്‍ക്കുന്നു. യുവ ഫുട്ബാളറും മകനുമായ സലീമിന്റെ ടീമിനൊപ്പവും ചിലപ്പോള്‍ മകന്റെ എതിര് ടീമിലും കളിക്കാറുണ്ട്.
കണ്ടന്തറ പ്രീമിയര്‍ ലീഗ് സീസണ്-5ല്‍ പ്രായത്തെ മറികടന്നുള്ള ഇദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. എട്ടോളം വമ്പന്‍ ടീമുകള്‍ ഏറ്റുമുട്ടിയ ടൂര്‍ണമെന്റില്‍ സോക്കര്‍ എഫ്.സി കുറുവപ്പാടം ടീമിന്റെ പ്രതിരോധനിരക്ക് നേതൃത്വം നല്‍കിയത് ഇസ്മായിലായിരുന്നു.
ഫൈനലില്‍ സ്വന്തം ടീം കപ്പടിച്ചെങ്കിലും അന്നേദിവസം ഗോവയില്‍ നടന്ന ആറാമത് നാഷനല്‍ മാസ്റ്റേഴ്സ് ഗെയിംസില്‍ കേരളത്തിനായി പങ്കെടുത്തതുകൊണ്ട് ഫൈനലില്‍ കളിക്കാനായില്ല. മാസ്റ്റേഴ്സ് ഗെയിംസില്‍ മൂന്നാം സ്ഥാനവുമായാണ് ഗോവയില്‍ നിന്ന് ഇസ്മായിലും കൂട്ടരും തിരിച്ചെത്തിയത്. 80കളിലും 90കളിലും പെരുമ്പാവൂര്‍ മേഖലയില്‍ സെവന്‍സ് ഫുട്ബാളിലെ മുടിചൂടാമന്നന്മാരായിരുന്ന മോഡേണ്‍ കണ്ടന്തറ ടീമില്‍ ദീര്‍ഘകാലം ക്യാപ്റ്റനായിരുന്നു.
ബേയ്സ് പെരുമ്പാവൂര്‍, മോഡേണ്‍ കണ്ടന്തറ, ആശ്രമം സെവന്‍സ്, മിലാന് അല്ലപ്ര, ഗോള്‍ഡന്‍സ്റ്റാര്‍ പെരുമ്പാവൂര്‍ തുടങ്ങി പെരുമ്പാവൂരിലെയും സമീപ പ്രദേശങ്ങളിലെയും ഒട്ടനവധി ക്ലബുകൾക്ക് വേണ്ടിയും വടക്കന്‍ കേരളത്തിലെ നിരവധി ടൂര്‍ണമെന്റുകളിലും ഇദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. നിവിന്‍ പോളി നായകനായ ‘മിഖായേല്‍’ എന്ന സിനിമയില്‍ ഫുട്ബാള്‍ കളിക്കാരനായി ഇസ്മായില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.