Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഒറ്റ സ്നാപ്പിൽ...

ഒറ്റ സ്നാപ്പിൽ ഒതുക്കാനാവുന്നതല്ല ജെ.പിയുടെ സഞ്ചാരങ്ങൾ

text_fields
bookmark_border
ഒറ്റ സ്നാപ്പിൽ ഒതുക്കാനാവുന്നതല്ല ജെ.പിയുടെ സഞ്ചാരങ്ങൾ
cancel

അതിശയ നഗരമായ ദുബൈയിൽ വേറിട്ട കാമറ കണ്ണുകളുമായി ഓടിനടക്കുന്ന ഫോട്ടോഗ്രഫറാണ്​ ജയപ്രകാശ് പയ്യന്നൂർ എന്ന ജെ. പി. ഫോട്ടോഗ്രാഫിയുടെ മർമ്മമറിയുന്ന ജെ.പി ഇന്ന് പ്രവാസ ലോകത്ത് ഏറെ തിരക്കുള്ള സ്റ്റിൽ ഫോട്ടോഗ്രാഫറാണ്. വൈവിധ്യമായ നിമിഷങ്ങൾ ഇദ്ദേഹത്തിന്‍റെ കാമറ ലെൻസിലൂടെ ഫോട്ടോയായി പുനർജനിക്കുമ്പോൾ ആരും അതിശയിച്ചു നിൽക്കും. അത്രത്തോളം പൂർണ്ണതയും മനോഹാരിതയുമാണ് ആ ചിത്രങ്ങൾക്ക്.

അതിനപ്പുറം 80ലധികം മലയാള സിനിമകൾക്ക് സ്റ്റിൽ ഫോട്ടോ ചലിപ്പിച്ച സെലിബ്രിറ്റി ഫോട്ടോഗ്രാഫർ കൂടിയാണ് ഈ കലാകാരൻ. വ്യത്യസ്ത കാഴ്ചകളും വേറിട്ട ജീവിതങ്ങളും പകർത്തിയുള്ള ജെ.പിയുടെ സഞ്ചാരങ്ങൾ ഒറ്റ സ്നാപ്പിൽ ഒതുക്കാനാവുന്നതല്ല. വിഷമതകളുടെ ലോകത്തിൽ നിന്ന് സ്വപ്രയത്നത്താൽ ഉയർന്ന് വന്നതാണ് ജയപ്രകാശിന്‍റെ കരിയർ. ഉപജീവനത്തിനായി നാട്ടിൽ ഒരു ചെറിയ പെട്ടിക്കട നടത്തി വരുന്ന കാലത്താണ് ഗൾഫിലുള്ള ബന്ധു ജെ.പിക്ക്​ കാമറ സമ്മാനിക്കുന്നത്. ആ കാമറയാണ് ഇദ്ദേഹത്തിന്‍റെ ജീവിതം മാറ്റിമറിച്ചത്. പിന്നെ അതിനൊപ്പമായിരുന്നു തുടർ ജീവിതം.

നാട്ടിലെ ഉത്സവങ്ങൾ, കല്യാണങ്ങൾ, വിവിധ ആഘോഷ ചടങ്ങുകൾ എന്നിവയിൽ എല്ലാം സാന്നിധ്യമറിയിച്ചു. ഇവിടങ്ങളിൽ ഏറ്റവും മനോഹരമായ ചിത്രങ്ങൾ പകർത്തി പതിയെ ജെ.പി ഈ രംഗത്ത് ചുവടുറപ്പിച്ചു. അതിനിടയിലാണ് മലയാള സിനിമയിലെ ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്ന് വരുന്നത്. സുനിൽ ഗുരുവായൂരുമായുള്ള പരിചയം വഴിയാണ് അഭ്രപാളിയിൽ സാന്നിധ്യം അറിയിക്കുന്നത്. ഒരിക്കൽ അദ്ദേഹം ഒരു കത്തെഴുതി. സംവിധായകൻ അനിൽ ബാബുവിന്‍റെ സിനിമയിലേക്ക് സ്റ്റിൽ കാമറമാനായി ക്ഷണിച്ചു കൊണ്ടുള്ളതായിരുന്നു ആ കത്ത്.

ക്ഷണം സ്വീകരിച്ച് ജയപ്രകാശ് തന്‍റെ ആദ്യത്തെ സിനിമയ്ക്ക് സ്റ്റിൽ ഫോട്ടോഗ്രാഫറുടെ കുപ്പായം അണിഞ്ഞു. വിവിധ മുഖങ്ങൾ മനോഹരമായി അടയാളപ്പെടുത്തുന്നതിലുള്ള മികവും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാനുള്ള സ്വഭാവ വിശേഷണങ്ങൾ കൊണ്ടും വെള്ളിത്തിരയിൽ ഈ ഫോട്ടോഗ്രാഫർക്ക് പുതിയ അവസരങ്ങൾ ഓരോന്നായി തേടിയെത്തി. സംവിധായകൻ കമലിന്‍റെ പതിനഞ്ചോളം സിനിമകളിൽ പ്രധാന ഫോട്ടോഗ്രാഫറുടെ റോളിൽ വർക്ക് ചെയ്തു. അതിനിടയിൽ ചെറിയ വേഷങ്ങളിൽ സിനിമകളിൽ മുഖം കാണിക്കുകയും ചെയ്തു.

നൂതനമായ ടെക്നോളജികൾ സിനിമ ഫോട്ടോഗ്രാഫിയിലേക്ക് കടന്ന് വരുന്ന സമയത്താണ് ജയപ്രകാശ് പയ്യന്നൂർ പ്രവാസ ലോകത്തേക്ക് കടൽ കടന്നത്. ഇവിടെയും അതിശയിപ്പിക്കുന്ന ചിത്രങ്ങൾക്ക് ജീവൻ പകർന്ന്​ ജെ.പി എല്ലാവർക്കും സ്വീകാര്യനായി. ഇന്ന് പ്രവാസ ലോകത്തെ പ്രമുഖ വ്യക്തികളുമായും കേരളത്തിലെ ഒട്ടുമിക്ക മലയാള സിനിമ നടന്മാരുമായും വളരെ ആഴത്തിലുള്ള സൗഹൃദങ്ങളുണ്ട് ഈ കാമറമാന്. ദുബൈയിലെത്തുന്ന സെലിബ്രിറ്റികളുടെ ഇഷ്ട ഫോട്ടോഗ്രഫറാണ്​ ജെ.പി. മറ്റുള്ളവർ കണ്ണ് കൊണ്ട് മാത്രം കാണുന്ന രൂപങ്ങൾ മനസ്സുകൊണ്ടും കൂടി കാണേണ്ടതാണെന്ന ബോധ്യപ്പെടുത്തുന്ന പൂർണ്ണതയാണ് ജയപ്രകാശ് പയ്യന്നൂരിന്‍റെ ഓരോ ക്ലിക്കുകളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Photographyjayaprakash payyannur
News Summary - story of jayaprakash, payyannur
Next Story