പരമ്പരാഗത തോൽപ്പാവക്കൂത്തിന്റെ പൊരുൾതേടി ജപ്പാൻ സംഘം
text_fieldsഒറ്റപ്പാലം: പരമ്പരാഗത തോൽപ്പാവക്കൂത്തിന്റെ പൊരുൾതേടി ജപ്പാനിൽനിന്ന് പാവകളി സംഘം കൂനത്തറയിലെത്തി. ജപ്പാനിലെ ടോക്യോ നഗരത്തിലെ ടവക്കസിൽ നിന്നാണ് കൊയാനോ (44), നവ്ക (38 ) എന്നിവർ കൂത്താചാര്യൻ രാമചന്ദ്ര പുലവരുടെ കൂനത്തറയിലെ വീട്ടിലെത്തിയത്.
പാരമ്പര്യ തനിമയുള്ള തോൽപ്പാവകൂത്ത് അവതരണം നേരിൽ കാണാനും പാവനിർമാണത്തെ കുറിച്ച് പഠിക്കാനും ഇവർ തിരഞ്ഞെടുത്തത് ദേവിക്ഷേത്രങ്ങളിൽ കൂത്താവതരണം നടക്കുന്ന പൂരക്കാലമാണ്. ആധുനിക രീതിയിലുള്ള ജപ്പാനിലെ പാവകളിയും പരമ്പരാഗത ചിട്ടവട്ടങ്ങളിലുള്ള കേരളത്തിലെ തോൽപ്പാവക്കൂത്തും സമന്വയിപ്പിച്ചുള്ള പുതിയൊരു കലാരൂപമാണ് ഇവരുടെ ലക്ഷ്യം.
ചിനക്കത്തൂർ പൂരം, കാവശ്ശേരി പാവക്കൂത്ത് മഹോത്സവം, കോഴിമാംപറമ്പ് പൂരം, ഓങ്ങലൂർ കടപ്പറമ്പത്ത് കാവ് എന്നിവയുമായി ബന്ധപ്പെട്ട തോൽപ്പാവക്കൂത്ത് അവതരണം ഇതിനകം ഇരുവരും നിരീക്ഷിച്ചു. കമ്പരാമായണത്തിലെ തോൽപ്പാവക്കൂത്തിന് ആശ്രയിക്കുന്ന ഈണങ്ങളും തോൽപ്പാവകളുടെ നിർമാണവും ഇവർ അഭ്യസിച്ചുവരികയാണ്. ഒരാഴ്ച്ചത്തെ പരിശീലനവും നിരീക്ഷണവുമാണ് ലക്ഷ്യമിടുന്നത്.
ജപ്പാനിലെ പാവനാടക കലാരൂപവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ് കോയാനോ, സാഹിത്യകാരിയാണ് നവ്ക. തൃശൂരിലെ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമേളയിൽ നേരത്തേ പങ്കെടുത്ത വ്യക്തിയാണ് കൊയാനോ. നവ്കയുടെ ഇന്ത്യയിലെ ആദ്യസന്ദർശനമാണിത്. കേരളത്തനിമയുള്ള ഭക്ഷണങ്ങളോടും ഇവർക്ക് പ്രിയമാണുള്ളതെന്ന് രാമചന്ദ്ര പുലവരുടെ മകൻ രാജീവ് പുലവർ പറഞ്ഞു. വാണിയംകുളം, ഷൊർണൂർ ബി.ഇ.എം.എൽ.പി സ്കൂളുകളിലെ വിദ്യാർഥികൾക്കായി ഇവർ ജപ്പാനിലെ പാവനാടകം അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.