അച്ഛന്റെ ഓർമകൾക്ക് മകന്റെ സമ്മാനം...
text_fieldsകാറഡുക്ക: മഞ്ചേശ്വരം എസ്.എ.ടി ഹൈസ്കൂളിൽനിന്ന് ഇങ്ങ് കാറഡുക്കയിലേക്ക് അച്ഛന്റെ ഓർമകൾക്ക് സമ്മാനമായി ഒരധ്യാപകനെത്തി. തന്റെ ശിഷ്യരുമായി ചിത്രരചനാമത്സരത്തിന് വന്നതായിരുന്നു കുമ്പളയിലെ ജയപ്രകാശ് ഷെട്ടി മാഷ്. മഞ്ചേശ്വരം എസ്.എ.ടി ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനാണ്.
1961ൽ യു.പി മാഷായി ആദ്യ പോസ്റ്റിങ്ങിൽ പിതാവ് ദൂമണ്ണ ഷെട്ടി ബേള പഠിപ്പിച്ച സ്കൂളിലേക്കാണ് ഇന്ന് ശിഷ്യരുമൊത്ത് പിതാവിന്റെ ഓർമകൾ തുളുമ്പുന്ന സ്കൂൾ വരാന്തയിലൂടെ അദ്ദേഹം നടന്നുവന്നത്.
പിതാവിന്റെ ഓർമകൾക്ക് മുന്നിൽ നിറംചാലിച്ച് കുഞ്ഞു കാൻവാസിൽ സ്വന്തം കൈപ്പടയിൽ ചിത്രംവരച്ച് പ്രധാനാധ്യാപകനായ സഞ്ജീവയെ അദ്ദേഹം ഏൽപിച്ചു. അതിന് സാക്ഷ്യംവഹിക്കാൻ ഡി.ഡി.ഇ നന്ദികേശനും റിട്ട. എ.ഇ.ഒ യതീഷ്കുമാർ റൈയുമെത്തിയപ്പോൾ മാഷിന് ഏറെ സന്തോഷമായി. കാലം ബാക്കിവെച്ചൊരു നിയോഗമാണിതെന്ന് ജയപ്രകാശ് മാഷ് വികാരാധീനനായി പറഞ്ഞു.
പല കലോത്സവങ്ങളിലും ലഹരിബോധവത്കരണത്തിന്റെ ഭാഗമായി പങ്കെടുക്കുകയും കുട്ടികളിൽ അവബോധം വരുത്താൻ ചിത്രംവരക്കുകയും ചെയ്യാറുണ്ട് ഇദ്ദേഹം. എന്നാൽ, ഇത്തവണ മത്സരത്തിന്റെ തിരക്കിലായതിനാൽ അതിനു പറ്റാത്തതിലുള്ള വിഷമത്തിലാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മകനും നാലാം ക്ലാസിൽ പഠിക്കുന്ന മകളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ വിദ്യ.
ചിത്രകലയിലെ അധ്യാപനം മാത്രമല്ല ജയപ്രകാശ് മാഷിെന്റ ജീവിതവഴി. മികച്ചൊരു കർഷകൻ കൂടിയാണിദ്ദേഹം. കുറഞ്ഞ സ്ഥലത്ത് വലിയ കൃഷി പരീക്ഷിച്ച് മികച്ച ഫലമുണ്ടാക്കി. ഒപ്പം സാമൂഹികപ്രവർത്തനവും. കലയുടെ ഉത്സവത്തിൽ കഥകൾ ഒരുപാട് പറയാനുണ്ടായിരുന്നു മാഷിന്. അടുത്ത കലോത്സവത്തിന് ലഹരിക്കെതിരെയുള്ള വരയുടെ മുന്നൊരുക്കത്തിലാണ് മാഷ്. നാളത്തെ തലമുറ ലഹരിമോചനത്തിന് പ്രയത്നിക്കണമെന്ന സന്ദേശവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.