വരവേഗം തുടർന്ന് ജിതേഷ്ജി; പത്ത് മിനിറ്റിൽ 100 പ്രശസ്തരുടെ ചിത്രങ്ങൾ
text_fieldsപന്തളം: റെക്കോഡുകൾ പുതുക്കി സൂപ്പർ സ്പീഡി കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി. ഇരുകൈയും ഒരേസമയം ഉപയോഗിച്ച് പത്ത് മിനിറ്റിൽ 100 ൽ പരം പ്രശസ്തരുടെ ചിത്രങ്ങൾ വരക്കുന്ന ജിതേഷ്ജിക്ക് ‘ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിങ് ചിത്രകാരൻ’ എന്ന നിലയിൽ യു. എസ്.എ ബുക്ക് ഓഫ് വേൾഡ് റെക്കോഡ് ലഭിച്ചു.
ഇതിന് മുമ്പ് മൂന്ന് ഗിന്നസ് ലോക റെക്കോർഡ് ഇവന്റുകളിലുൾപ്പെടെ നിരവധി ലോക റെക്കോഡുകളിൽ ഉൾപ്പെട്ടിട്ടുള്ള ഡോ. ജിതേഷ്ജി3000 ത്തിലേറെ പ്രശസ്തവ്യക്തികളെ ഓർമയിൽ നിന്ന് വരയ്ക്കുന്ന ‘സൂപ്പർ മെമ്മറൈസർ പെർഫോമിംഗ് ചിത്രകാരൻ’ എന്ന നിലയിൽ അന്താരാഷ്ട്ര ഖ്യാതി നേടിയ മലയാളിയാണ്. 2008 ലെ അഞ്ചുമിനിറ്റിൽ 50 പ്രശസ്തവ്യക്തികളുടെ ചിത്രങ്ങൾ എന്ന തന്റെ തന്നെ വേഗവര റെക്കോഡാണ് പത്തുമിനിറ്റിൽ 100 ലേറെ വ്യക്തികളെ വരച്ച് തിരുത്തിയത്.
ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. 200 ലക്ഷത്തിലേറെ ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ വേഗവരയിലൂടെ നേടിയ ആദ്യചിത്രകാരൻ എന്ന പ്രത്യേകതയുമുണ്ട്.
അമേരിക്കൻ പ്രസിഡന്റുമാരായ എബ്രഹാം ലിങ്കൺ, ജോർജ് വാഷിംഗ്ടൺ, വില്യം ഹോവാർഡ് താഫ്റ്റ്, ജോർജ് ഡബ്ലിയു. ബുഷ്, ബറാക്ക് ഒബാമ, ഡോണൾഡ് ട്രംപ് തുടങ്ങി ഒരു ഡസനിലേറെ അമേരിക്കൻ പ്രസിഡന്റുമാരും മൈക്കൾ ജാക്സൻ, ചാർളി ചാപ്ലിൻ, ചെഗുവേര, ഗാന്ധിജി, ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, സ്വാമി വിവേകാനന്ദ, അഡോൾഫ് ഹിറ്റ്ലർ, മദർ തെരേസ തുടങ്ങി നൂറിൽപരം ലോകപ്രശസ്തവ്യക്തികളെയും ഇരുകൈകളും ഉപയോഗിച്ച് വെറും പത്തുമിനിറ്റിനുള്ളിൽ ജൂറിക്കുമുന്നിൽ വരച്ചുതീർക്കുകയായിരുന്നു.
300 ലേറെ വർഷങ്ങളുടെയും 366 ദിവസങ്ങളുടെ പ്രസക്തിയും പ്രത്യേകതകളും ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങളും ഓർമയിൽ നിന്ന് പറയാൻ ഇദ്ദേഹത്തിന് കഴിയും. ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം സ്ഥാപകനായ ഇദ്ദേഹം പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറ് വാർഡിലാണ് സ്ഥിരതാമസം. ഭാര്യ: ഉണ്ണിമായ. മക്കൾ: ശിവാനി, നിരഞ്ജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.