നാടിന് അഭിമാനമായി ജിതിൻ സ്കൈ ഡൈവിങ്ങിൽ
text_fieldsബാലുശ്ശേരി: 43,000 അടി ഉയരത്തിൽ വിമാനത്തിൽനിന്ന് സ്കൈ ഡൈവ് നടത്തി ഏഷ്യൻ റെക്കോഡ് നേടി ബാലുശ്ശേരി പനായി സ്വദേശി എം.വി. ജിതിൻ. നിലവിലുള്ള 30,000 അടി സ്കൈ ഡൈവിങ്ങിന്റെ റെക്കോഡ് തകർത്താണ് ജിതിൻ ഏഷ്യൻ റെക്കോഡ് കരസ്ഥമാക്കിയത്.
അമേരിക്കയിലെ ടെന്നിസ് സ്റ്റേറ്റിൽ ജൂലൈ ഒന്നിന് അവിടത്തെ സമയം രാവിലെ 7.30നാണ് ഡൈവിങ് നടന്നത്. 43,000 അടി ഉയരത്തിൽനിന്ന് ചാടി ഭൂമിയിൽ ലാൻഡ് ചെയ്യാൻ ആകെ ഏഴുമിനിറ്റ് സമയമെടുത്തു. ഇതിൽ മൂന്ന് മിനിറ്റ് ഫ്രീ ഫാൾ ആയിരുന്നു. 5500 അടി ഉയരത്തിൽനിന്നാണ് പാരച്യൂട്ട് ഉയർത്തിയത്. പാരച്യൂട്ട് ഉയർത്തിയശേഷം ലാൻഡ് ചെയ്യാൻ നാലുമിനിറ്റ് സമയമെടുത്തു.
ഈ ഡൈവിങ്ങിൽ ഏറെ ദുർഘടമായ ഒരു കടമ്പകൂടി ജിതിൻ പിന്നിട്ടിട്ടുണ്ട്. 15,000 അടി ഉയരത്തിൽനിന്ന് ചാടുന്നതിന് മാത്രമേ സാധാരണ ഡൈവേഴ്സ് തങ്ങളുടെ രാജ്യത്തിന്റെ ദേശീയപതാക കൈത്തണ്ടയിൽ ധരിക്കാറുള്ളൂ. എന്നാൽ, 43,000 അടി ഉയരത്തിൽനിന്ന് ഡൈവ് ചെയ്യുമ്പോൾ കൈത്തണ്ടയിൽ ഇന്ത്യൻ പതാക ധരിക്കാൻകൂടി ജിതിൻ തയാറായത് രാജ്യത്തിനുതന്നെ അഭിമാനകരമായിരിക്കുകയാണ്.
കൈത്തണ്ടയിൽ പതാക ധരിച്ചതുമൂലം ഡൈവിങ്ങിൽ ഏറെ ദുർഘടങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതിശക്തമായ കാറ്റിൽ 360 ഡിഗ്രി വട്ടം കറങ്ങിയ ജിതിന് ദിശ നിർണയിച്ചെടുക്കുന്നതിന് വളരെ പാടുപെടേണ്ടതായി വന്നു. 14,000 അടി ഉയരം വരെയാണ് സാധാരണ സ്കൈ ഡൈവിങ് നടത്താറുള്ളത്.
43,000 അടി ഉയരത്തിൽനിന്ന് സ്കൈ ഡൈവിങ് നടത്താറുള്ളത് പ്രത്യേക പരിശീലനം നേടിയ സൈനികർ മാത്രമാണ്. ഹാലോ (ഹൈ ആൾട്ടിറ്റ്യൂഡ് ലോ ഓപണിങ്) ജംപിങ് എന്നറിയപ്പെടുന്ന ഈ സ്കൈ ഡൈവിങ് നടത്തുമ്പോൾ ട്രോപ്പിങ് പോയന്റിലെ താപനില മൈനസ് 70 സെൽഷ്യസ് ഡിഗ്രിയിലായിരിക്കും. അത്രയും ബുദ്ധിമുട്ടനുഭവിച്ചാണ് ജിതിൻ ഭൂമിയിൽ ലാൻഡ് ചെയ്തത്. വളരെ ചങ്കൂറ്റത്തോടെ ദൗത്യം പൂർത്തിയാക്കിയ ജിതിന് രാജ്യത്തിന്റെ ആദരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായ ജിതിൻ സ്കൈ ഡൈവിങ്ങിൽ പരിശീലനം നേടിയത് ജോലി സംബന്ധമായി ദുബൈയിലും യു.കെയിലും മാസങ്ങളോളം കഴിഞ്ഞിരുന്ന സമയത്താണ്. ഡൈവിങ് ദൗത്യം വിജയകരമായി നടത്തിയതിനുശേഷം യു.എസിൽനിന്ന് മകൻ വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചെന്നും ഇതുമായി ബന്ധപ്പെട്ട ഫോട്ടോകൾ അയച്ചുതന്നിട്ടുണ്ടെന്നും പിതാവ് മലയിലകത്തൂട്ട് വിജയൻ പറഞ്ഞു. ജിതിന്റെ ഭാര്യ ദിവ്യ എറണാകുളത്ത് എൻജിനീയറാണ്. മകൻ: സൗരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.