Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightജോബിയുടേത്​...

ജോബിയുടേത്​ കൈക്കരുത്തിൻെറ വിജയം

text_fields
bookmark_border
ദുബൈയില്‍ നടന്ന വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ജോബി മാത്യു മെഡലുമായി
cancel
camera_alt

ദുബൈയില്‍ നടന്ന വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ജോബി മാത്യു മെഡലുമായി

ദുബൈയില്‍ നടന്ന വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 59 കിലോഗ്രാം പുരുഷ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ കേരളത്തിന്‍റെ ജോബി മാത്യുവിന് പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും കഠിനാധ്വാനത്തിലൂടെ അതിജീവിച്ചതിന്‍റെ നീണ്ട കഥകൾ പറയാനുണ്ട്. പ്രതിസന്ധികളിലും കഠിന പരിശ്രമമാണ് ജോബിയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍. പരീക്ഷണങ്ങളെ ദൃഢനിശ്ചയത്തോടെ നേരിട്ടത്തിന്‍റെ കൈ കരുത്ത്. ആഗസ്റ്റ് 29, ഇന്ത്യയുടെ ദേശീയ കായിക ദിനത്തിലാണ് തന്‍റെ 29ാമത്തെ ലോകമെഡല്‍ നേട്ടം കൈവരിക്കാനായത് എന്നതിൽ ജോബി ഏറെ സന്തുഷ്ടനാണ്. ഈ വർഷം ഒക്ടോബറില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിലേക്കും ജോബി മാത്യു യോഗ്യത നേടി.

60% ശാരീരിക വെല്ലുവിളികളോടെ ജനിച്ച വ്യക്തിയാണ് ജോബി. ജന്മനാ ലഭിച്ച ചെറിയ കാലുകളില്‍ തളച്ചിടപ്പെടേണ്ടിയിരുന്ന ജീവിതം നിശ്ചയദാര്‍ഢ്യത്തിന്‍റെ കൈകരുത്തിൽ ലോകവിജയികളുടെ നിരയിലേക്കുയര്‍ത്തിയ പോരാളിയാണ് ഇദ്ദേഹം. മൂന്നരയടി ഉയരക്കാരനായ ഇദ്ദേഹത്തോട് സംസാരിക്കുന്നവർക്ക് പ്രതിസന്ധികളെ മറികടക്കാനുള്ള ആത്മവിശ്വാസം വന്നുചേരും. തന്‍റെ പ്രകടനങ്ങളിലൂടെയും വാക്കുകളിലൂടെയും പോസിറ്റിവ് എനര്‍ജിയാണ് ഇദ്ദേഹം പ്രസരിപ്പിക്കുന്നത്. ശാരീരീരിക പരിമിതികൾ ഉണ്ടെങ്കിലും പൊതു വിഭാഗത്തിൽ മത്സരിച്ചും നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. 13 സ്വർണ മെഡലുകൾ, ഒമ്പതു വെള്ളി മെഡലുകൾ, ഏഴ്​ വെങ്കല മെഡലുകൾ എന്നിവയാണ് ഇതുവരെ നേടിയത്.

2005, 2008, 2012, 2014 വര്‍ഷങ്ങളിലെ ലോക ആംറെസ്ലിങ് ചാമ്പ്യന്‍, 2013ൽ അമേരിക്കയിൽ നടന്ന ലോക ഡ്വാര്‍ഫ് ഗെയിംസില്‍ അഞ്ചു സ്വര്‍ണ മെഡലുകള്‍, 2017 ൽ കാനഡയിൽ നടന്ന ലോക ഡ്വാര്‍ഫ് ഗെയിംസില്‍ ആറ് മെഡലുകൾ എന്നിവയടക്കം ബാഡ്മിന്‍റണ്‍, ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ എന്നിവയിലൊക്കെയായി 29 അന്താരാഷ്ട്ര മെഡലുകള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നു ഈ കായികതാരം. ഈ നേട്ടങ്ങള്‍ക്ക് കൈകൊടുക്കുന്നതിന് മുമ്പ് കഷ്ടപ്പാടിന്‍റെ ഒരുപാട് പുഴകള്‍ നീന്തിക്കടന്നൊരു ജീവിതകാലം ജോബിയുടെ മനസ്സില്‍ തെളിഞ്ഞ് വരും. കോട്ടയം പൂഞ്ഞാറിന് സമീപത്തെ അടുക്കത്ത് നെല്ലുവേലില്‍ എന്ന ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ജോബിയുടെ ജനനം. അച്ഛന്‍ എന്‍.കെ. മാത്യു നേരത്തേ മരിച്ചിരുന്നു. അമ്മ ഏലിക്കുട്ടിയും സഹോദരി സിസ്റ്റര്‍ സ്മിത മരിയയും അടങ്ങിയ കുടുംബം.

‘‘ദിവസം 12 കിലോമീറ്റര്‍ നടക്കണമായിരുന്നു പഠനകാലത്ത്. കൈകുത്തിയാണ് നടക്കുന്നത്. മഴ പെയ്താല്‍ കുട പിടിക്കാന്‍പോലും പറ്റില്ല. റോഡ് വരെയത്തൊന്‍ നദികള്‍ നീന്തിക്കടക്കണം. പാലം ഉണ്ടെങ്കിലും തെങ്ങിന്‍റെ ഒറ്റത്തടികൊണ്ടുള്ളതായതിനാല്‍ അതില്‍ കയറാന്‍ അദ്ദേഹത്തിനാവില്ല. പിന്നെ, അധികം വെള്ളമില്ലാത്ത ഭാഗം കണ്ടത്തെിയാണ് നദികള്‍ നീന്തിക്കടക്കുക. ബസ്സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും മേലാകെ നനയുകയും അഴുക്കാകുകയും ചെയ്യും. അവിടെനിന്ന് വീണ്ടും കുളിച്ച് വസ്ത്രം മാറിയാണ് സ്കൂളിലേക്കും കോളജിലേക്കുമൊക്കെ പോയിരുന്നത്. പതിനായിരം തവണ കൈകുത്തി ചാടിയാല്‍ എത്തുന്ന ദൂരമായിരുന്നു വീട്ടില്‍നിന്ന് ബസ്സ്റ്റോപ്പിലേക്ക് ഉണ്ടായിരുന്നത്.

ക്രിക്കറ്റും ഫുട്ബാളുമൊക്കെ കൂട്ടുകാര്‍ കളിക്കുന്നത് കാണുമ്പോൾ കളിയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. കളികഴിഞ്ഞ് വരുന്ന കൂട്ടുകാരോട് പഞ്ചഗുസ്തി പിടിച്ചാണ് അത് അടക്കിയിരുന്നത്. കാലില്ലാത്ത ഇദ്ദേഹത്തിന് കൈകള്‍ക്ക് വല്ലാത്ത കരുത്തുണ്ടെന്ന് കൂട്ടുകാരെയൊക്കെ തോല്‍പിച്ചപ്പോള്‍ മനസ്സിലായി. 1983ല്‍ കോട്ടയം ജില്ല സ്കൂള്‍ സ്പോര്‍ട്സ് മീറ്റില്‍ ഭിന്നശേഷി കാറ്റഗറിയില്‍ ത്രോബാളിലും ഓട്ടത്തിലും സ്വര്‍ണം നേടി. കോളജ് കാലത്ത് ആംറെസ്ലിങ്ങിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കി പരിശീലനം തുടര്‍ന്നു. ആദ്യമായി ജിമ്മില്‍ പോയപ്പോള്‍ പക്ഷേ, അവിടത്തെ ട്രെയിനര്‍ പരിശീലിപ്പിക്കാന്‍ സമ്മതിച്ചില്ല. ഭിന്നശേഷിക്കാരനായതിനാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയായിരുന്നു കാരണം. ഒരുമാസത്തോളം നിരന്തരമായി അവിടെ പോയി അതെല്ലാം കണ്ടുപഠിച്ചു. പിന്നെ കൈകൊണ്ട് ചെയ്യാന്‍ കഴിയുന്ന പരിശീലനങ്ങൾ ചെയ്തുതുടങ്ങി. താമസിയാതെ അവിടത്തെ എല്ലാ ഉപകരണങ്ങളും കൈകാര്യം ചെയ്യാമെന്ന രീതിയിലേക്കെത്തിപ്പെട്ടു. അങ്ങനെ 1992 മുതല്‍ തുടങ്ങിയ നിരന്തര പരിശീലനങ്ങൾ ഇന്നും തുടരുന്നു. ഒപ്പം വിജയങ്ങളുടെ നീണ്ട നിരയും മെഡൽ നേട്ടങ്ങളും.

കൈകളാല്‍ ഗിയറും ക്ളച്ചും ബ്രേക്കും ഒക്കെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ നവീകരിച്ച കാര്‍ ഓടിക്കുന്ന മികവുറ്റ ഡ്രൈവര്‍ കൂടിയാണ് ജോബി. ‘ലഹരി മുക്ത ഭാരതം’ എന്ന സന്ദേശവുമായി കഴിഞ്ഞ മെയ് മാസം സ്വന്തമായി വാഹനമോടിച്ച് കുടുംബ സമേതം ജമ്മുകാശ്മീരിലേക്ക് യാത്ര നടത്തിയിരുന്നു. അഞ്ച് ദിവസം കൊണ്ട് ജമ്മുവിലെത്തി ശ്രീനഗറിൽ നടന്ന പഞ്ചഗുസ്തി ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് മടങ്ങിയത്. മകൻ ജ്യോതിസും മത്സരത്തിൽ പങ്കെടുത്തിരുന്നു.

ഭാരത് പെട്രോളിയത്തിലെ മാനേജരും സ്‌പോട്‌സ് പേഴ്‌സണുമായ ജോബി. പാലാ, അടുക്കം സ്വദേശിയായ ഇദ്ദേഹം ആലുവയിലാണ് ഇപ്പോൾ താമസം. നാഷണല്‍ പാരാ പവര്‍ ലിഫ്റ്റിങിന്‍റെ ഔദ്യോഗിക കോച്ചായ ജെപി സിങ് ആണ് ജോബിയുടെ കോച്ച്. മത്സരത്തില്‍ ആദ്യാവസാനം പ്രോത്സാഹനവുമായി ഒപ്പം നിന്നത് യു.എ.ഇയിലെ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനും മലയാളിയുമായ ജോയ് തനങ്ങാടനാണ്. ഇന്ത്യന്‍ പാരാലിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് ദീപ മാലികിന്റെ സമയോചിതമായ ഇടപെടലുകള്‍ പ്രോത്സാഹനവും ഈ നേട്ടത്തിന്റെ പിന്നിലെ പ്രധാന പ്രോത്സാഹനങ്ങളിലൊന്നാണ്. ജോബിക്ക് പ്രചോദനവും കൂട്ടുമായി കാലടി സംസ്കൃത സര്‍വകലാശാല, സെന്‍റർ ഫോർ കമ്പാരിറ്റിവ് ലിറ്ററേച്ചറിൽ നിന്നും ‘മോഹിനിയാട്ടത്തില്‍ കാലുകള്‍ക്കുള്ള പ്രാധാന്യം’ എന്ന വിഷയത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ ഡോ. മേഘ എസ്. പിള്ള കൂടെയുണ്ട്. കളമശ്ശേരി രാജഗിരി പബ്ലിക് സ്ക്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ജ്യോതിസും രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യുത് എന്നിവർ മക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:succesHandwork
News Summary - Jobi- success of handwork
Next Story