ഈ ശിൽപങ്ങൾ ഇനി ജോൺസെൻറ സ്മാരകങ്ങൾ...
text_fieldsവേലൂർ: അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട രാജെൻറ കോഴിക്കോട് കക്കയത്തെ പ്രതിമ കണ്ട് നാട്ടുകാർ അതിശയിച്ചുപോയി. അത്രമേൽ സാമ്യവും പുതുമയുമുള്ളതായിരുന്നു ആ പ്രതിമ.
എൺപതുകൾ പാതി പിന്നിട്ട കാലമായിരുന്നു അത്. ശനിയാഴ്ച നിര്യാതനായ ജോൺസൺ വേലൂർ എന്ന കലാകാരെൻറ ഉയർച്ചയുടെ ആരംഭമായിരുന്നു അക്കാലം. പതിയെ പ്രശസ്തിയിലെത്തിയ ജോൺസേൻറതായി പിന്നീട് അനേകം ശ്രദ്ധേയ പ്രതിമകൾ പിറന്നു.
തൃശൂർ ജില്ല പഞ്ചായത്തിനുവേണ്ടി നിർമിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറ അർധകായ പ്രതിമ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് കാമ്പസിലെ ബുദ്ധ പ്രതിമ, വേലൂർ ഗവ. ആർ.എസ്.ആർ.വി ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ ഗാന്ധി പ്രതിമ, തൃശൂർ ജൂബിലി മിഷൻ ആശുപത്രി ജങ്ഷനിലെ ട്രാഫിക് ഐലൻഡിലെ മതസൗഹാർദ ശിൽപം, വേലൂർ പള്ളി പരിസരത്തെ അർണോസ് പാതിരിയുടെ പ്രതിമ തുടങ്ങിയവ അക്കൂട്ടത്തിൽപെട്ടതാണ്. ചിത്ര-ശിൽപ കലാരംഗത്ത് നൂതന പരീക്ഷണങ്ങൾക്ക് നേതൃത്വം കൊടുത്ത കലാകാരനായിരുന്നു ജോൺസൺ.
പേപ്പർ പൾപ്പിൽ തീർത്തവയായിരുന്നു ആദ്യ സൃഷ്ടികൾ. പിന്നീട് ഫൈബറിൽ ശിൽപങ്ങൾ നിർമിച്ചുതുടങ്ങി. അക്കാലത്തെ ആദ്യ പരീക്ഷണമായിരുന്നു അത്.
കഥകളി കിരീടം ഫൈബറിൽ നിർമിച്ചായിരുന്നു തുടക്കം. വീടിനു സമീപത്തെ ചരിത്രപ്രസിദ്ധമായ വെങ്ങിലശ്ശേരി മണിമലർക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുതിരവേലക്ക് ആദ്യമായി ലക്ഷണമൊത്ത കുതിരകളെ ഫൈബറിൽ വാർത്തെടുത്തു. കൂടാതെ പള്ളികൾ, ക്ഷേത്രങ്ങൾ, സ്കൂളുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ മരം, വെട്ടുകല്ല്, സിമിൻറ്, കളിമണ്ണ്, ഫൈബർ എന്നിവയിലെല്ലാം ശിൽപങ്ങൾ നിർമിച്ചിട്ടുണ്ട്.
കേരള ലളിതകല അക്കാദമിയുടെതടക്കം നിരവധി ചിത്ര-ശിൽപ പ്രദർശനങ്ങളിലും പങ്കാളിയായി. കാലടി സംസ്കൃത സർവകലാശാലയിൽ ശിൽപകല അധ്യാപകനായിരുന്ന ജോൺസൺ വേലൂരിലെ സാംസ്കാരിക രംഗത്തെ സ്ഥിരസാന്നിധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.