ആയിരത്തോളം വേദികളിൽ മാവേലിയായി ജോസ് ആന്റണി
text_fieldsറിയാദ്: പ്രവാസ ലോകത്തെ ഓണാഘോഷങ്ങളിലെ സ്ഥിരം മാവേലി വേഷമാണ് ജോസ് ആൻറണി. ഒന്നും രണ്ടുമല്ല ആയിരത്തോളം വേദികളിലാണ് മാവേലിയായി എഴുന്നള്ളിയത്. ദീർഘകാലമായി റിയാദിൽ പ്രവാസിയായ അദ്ദേഹം രണ്ട് പതിറ്റാണ്ടു മുമ്പാണ് ആദ്യമായി മാവേലി വേഷമണിയുന്നത്.
23 വർഷം മുമ്പ് റിയാദിലെ ഒരു ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഭാര്യ വല്ലി ജോസിനോടൊപ്പം ചെന്നതാണ് അദ്ദേഹം. അന്ന് പരിപാടിയിൽ മാവേലിയുടെ വേഷം കെട്ടാൻ നിശ്ചയിച്ചിരുന്ന ആൾക്ക് വരാൻ കഴിഞ്ഞില്ല. പകരക്കാരനായി വല്ലിയുടെയുടെയും സംഘാടകൻ രാജൻ കാരിച്ചാലിെൻറയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജിെൻറയും നിർബന്ധത്തിന് വഴങ്ങി മാവേലിയായതാണെന്നു ജോസ് പറയുന്നു.
മാവേലി വേഷമണിയാതെ പിന്നീട് ഒരു ഓണവും കഴിഞ്ഞുപോയിട്ടില്ല. ഇപ്പോൾ ആ വേഷത്തോട് ഒരു അഭിനിവേഷമാണെന്നും ജോസ് പറയുന്നു. ജനിച്ചതും വളർന്നതും ബംഗളൂരുവിലാണെങ്കിലും ജോസിെൻറ മാതാപിതാക്കൾ തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളാണ്. കലാരംഗത്ത് ഒരു മുൻപരിചയവും ഇല്ലാത്ത തന്നെ റിയാദ് ഒരു കലാകാരനാക്കി എന്ന് ജോസ് നിറപുഞ്ചിരിയോടെ പറയുന്നു. ഈ വേഷംകെട്ട് ഒരു നിമിത്തം എന്നതിനപ്പുറം പ്രവാസ ലോകത്തെ മലയാളി കുരുന്നുകൾക്ക് മാവേലിയേയും ഓണത്തെയും മനസ്സിലാക്കാൻ സഹായമാകുന്നു എന്നത് ഏറെ സന്തോഷം നൽകുന്നതായും ജോസ് പറയുന്നു.
റിയാദിൽ മെഡിക്കൽ മേഖലയിൽ 33 വർഷമായി ജോലി ചെയ്യുന്ന ജോസിനെ മാവേലിയായി അണിയിച്ചൊരുക്കുന്നത് ഭാര്യ വല്ലി ജോസാണ്. മാവേലിക്ക് ആവശ്യമായ എല്ലാ ആടയാഭരണങ്ങളും ഇവർ വർഷാവർഷം വാങ്ങാറുണ്ട്. ആരെയും മോഹിപ്പിക്കുന്ന ആഭരണങ്ങൾ നാട്ടിൽനിന്നുമാണ് കൊണ്ടുവരുന്നത്. ആയിരത്തിലധികം വേദികൾ താണ്ടിയ ജോസ് ആൻറണി ഇതിനായി ഒരു റിയാൽ പോലും പ്രതിഫലം വാങ്ങാറില്ല. പരിപാടികളുടെ മികവ് കൂട്ടാൻ തെൻറ വേഷത്തിന് കഴിയുമെങ്കിൽ അതിലാണ് സന്തോഷമെന്നും പറയുന്നു.
നിരവധി ഓണ വിഡിയോ ആൽബങ്ങളിലും നാടകങ്ങളിലും ജോസ് ആൻറണി മാവേലിയുടെ വേഷം കെട്ടി അഭിനയിച്ചിട്ടുണ്ട്. ഭാര്യ വല്ലി ജോസ് റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമാണ്. ഇൻഫെർട്ടിലിറ്റി മേഖലയിൽ സേവനം ചെയ്യുകയാണ് ഇവർ ഇപ്പോൾ. ഏകമകൻ ജെഫ് ജോസ് കാനഡയിൽ ഉപരിപഠനം നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.