Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅംബേദ്കർ ഉറങ്ങിയ വീട്...

അംബേദ്കർ ഉറങ്ങിയ വീട് സംരക്ഷിക്കാൻ പോരാടിയ മലയാളി

text_fields
bookmark_border
joseph maliakkal
cancel
camera_alt

ജോസഫ്​ മാളിയേക്കൻ

അധികാരം പലവിധ മുഖങ്ങളില്‍ മാറിമറിഞ്ഞു പോയ അഭിനവ ഡല്‍ഹിയാണിത്. തലയെടുപ്പി​െൻറ തലസ്ഥാനം. ഇന്ത്യന്‍ രാഷ്​ട്രീയ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനടക്കുമ്പോള്‍ ഓര്‍മകള്‍ ഡല്‍ഹി സിവില്‍ ലൈന്‍ മെട്രോ സ്‌റ്റേഷന് അപ്പുറം 26-ആലിപ്പൂര്‍ റോഡിലേക്ക് എത്തിനില്‍ക്കുന്നു. ആഡംബരത്തി​െൻറ മുഖപടമണിഞ്ഞു നില്‍ക്കുന്ന ഒബ്‌റോയ് മെയ്ഡന്‍സ് ഹോട്ടല്‍. അതിനോട് ഇടതുവശം ചേര്‍ന്ന് തലസ്ഥാനത്തിന് ചേരുംവിധം അത്ര തലയെടുപ്പിലല്ലാത്ത ഒരു വീട്ടുവളപ്പി​െൻറ കറുത്ത ചായമടിച്ച ഗേറ്റുകള്‍ അടച്ചിട്ടിരിക്കുന്നു. പച്ചപ്പ് മാഞ്ഞുതുടങ്ങിയ പുല്‍ത്തകിടിയും പൂക്കളില്ലാത്ത ഉദ്യാനവുമുള്ള ആ വീട് നീണ്ടകാലം മറ്റൊരു വാര്‍ത്തയിലേക്കും കടന്നുകയറി നില്‍ക്കാതെ വിസ്മൃതിയുടെ പുറമ്പോക്കിലെന്നപോലെ നില്‍ക്കുകയായിരുന്നു. അവിടെയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന് നിവര്‍ന്ന നട്ടെല്ലുപോലെ ഒരു ഭരണഘടന രൂപപ്പെടുത്തി നല്‍കിയ ഡോ. ഭീം റാവു അംബേദ്കര്‍ എന്ന ചരിത്രപുരുഷന്‍ ത​െൻറ അവസാന നാളുകള്‍ കഴിച്ചുകൂട്ടിയതും അന്ത്യശ്വാസം വലിച്ചതും.

മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം അവിടെ പഴമയെ പാടെ തുടച്ചുകളഞ്ഞ് ഒരു പുതിയ കെട്ടിടം ഉയര്‍ന്നിട്ടുണ്ട്. ഒരുപക്ഷേ, പാര്‍ലമെൻറിനു​ പുറത്ത് രാജ്യതലസ്ഥാനത്തുള്ള ഒരു സുപ്രധാന അംബേദ്കര്‍ സ്മാരകം എന്നു തന്നെ പറയാം. പക്ഷേ, ചരിത്രവും വര്‍ത്തമാനകാല രാഷ്​ട്രീയവും ആ മഹാനായ മനുഷ്യനോട് ചെയ്ത വലിയൊരു നെറികേട് അവിടെ അക്ഷരരൂപത്തില്‍ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. രാജ്യത്തി​െൻറ ഭരണഘടന ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കറെ ആ നിലക്കല്ല, മറിച്ച് ഒരു നരവംശ ശാസ്ത്രജ്ഞന്‍ എന്ന നിലയിലാണ് ആ സ്മൃതിമന്ദിരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഭരണഘടന ശില്‍പി എന്ന നിലയിലും ആജീവനാന്തം ഇന്ത്യയിലെ ജാതിവിവേചനങ്ങള്‍ക്കെതിരെ പോരാടിയ വ്യക്തി എന്ന നിലയില​ുമുള്ള അംബേദ്കറുടെ ജീവിത ചരിത്രത്തെ പാടെ അവഗണിച്ച് നരവംശ ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍ എന്നു മാത്രമാണ് അവിടെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരല്‍പം ജാഗ്രതയോടെ ഒന്നോര്‍ത്തുനോക്കിയാല്‍ ഒരുകാര്യം വ്യക്തമാകും. അംബേദ്കര്‍ എന്ന മനുഷ്യനെ ഇന്ത്യന്‍ നവോത്ഥാന ചരിത്രത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് കേവലം നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായി വരുംതലമുറക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള ഈ നീക്കം അത്രമേല്‍ ഗൂഢമായി ആസൂത്രണം ചെയ്തതു തന്നെയാണ്.

വീട്ടിലേക്കു വന്ന വഴി

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്ന ഡോ. ബാബ സാ​ഹബ് അംബേദ്കര്‍ ഡല്‍ഹി ആലിപ്പൂര്‍ റോഡിലെ ഈ വീട്ടിലേക്ക് വന്നതിനു പിന്നില്‍ വേദനിപ്പിക്കുന്ന ഒരു ചരിത്രമുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ നെടുവീര്‍പ്പുകള്‍ക്കിടയില്‍നിന്ന്​ അറിവി​െൻറ കൈപിടിച്ച് അധികാരത്തി​െൻറ നടുത്തളംവരെ എത്തിയ അംബേദ്കറെ ജാതിയുടെയോ കുലത്തി​െൻറയോ പേരിലുള്ള അവഗണനകളും വേട്ടയാടലുകളും മാറ്റിനിര്‍ത്തിയിരുന്നില്ല. ബ്രിട്ടീഷ് ശില്‍പിയായ ല്യൂട്ടന്‍സ് ആസൂത്രണം ചെയ്ത തലസ്ഥാന നഗരത്തില്‍ പേരെടുത്തു പറയാനുള്ള അടയാളപ്പെടുത്തലുകളോ വിശേഷണങ്ങളോ ഇല്ലായിരുന്നെങ്കിലും അംബേദ്കറിനും മന്ത്രിയെന്ന നിലയില്‍ ഒരു ഔദ്യോഗിക വസതി ലഭിച്ചു. ഒന്നാം നമ്പര്‍ തിലക് മാര്‍ഗില്‍ ഒരു മന്ത്രിഭവനം. പക്ഷേ, ആ ഔദ്യോഗിക വസതിയിലെ അംബേദ്കറുടെ വാസത്തിന് ദീര്‍ഘകാലം ആയുസ്സുണ്ടായില്ല.

ബി.ആർ. അംബേദ്​കർ

ഹിന്ദു കോഡ് ബില്ലി​െൻറപേരില്‍ നെഹ്‌റു മന്ത്രിസഭയുമായി ഇടഞ്ഞ അംബേദ്കര്‍ നിയമ മന്ത്രിപദം രാജി വെച്ചു. അവിടെയാണ് അവഗണനകള്‍ തുടങ്ങുന്നത്. മന്ത്രിപദം രാജിവെച്ച അംബേദ്കറെ ഉടൻ ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിപ്പിക്കാനാണ് അധികൃതര്‍ തിടുക്കം കാട്ടിയത്. രാജ്യത്തിന് ഒരു ഭരണഘടന സൃഷ്​ടിച്ചു നല്‍കുന്നതിന് നെടുനായകത്വം വഹിച്ച മനുഷ്യന് അങ്ങനെ രാജ്യതലസ്ഥാനത്ത് തലചായ്ക്കാന്‍ ഒരിടമില്ലാതായി. സ്വാതന്ത്ര്യാനന്തര കാലമായിരുന്നെങ്കിലും രാജഭരണത്തി​െൻറ നിഴലുകള്‍ പാടെ മാഞ്ഞുതുടങ്ങാത്ത ഒരു ഇന്ത്യയായിരുന്നു അന്നുണ്ടായിരുന്നത്. അത്രയൊന്നും സമ്പന്നന്‍ അല്ലാത്ത രാജസ്ഥാനിലെ സിരോഹിയിലെ രാജാവിന് ഡല്‍ഹിയില്‍ ഒരു വിശ്രമ ഗേഹമുണ്ടായിരുന്നു. ഒരു രാജഭവനത്തി​െൻറ കെട്ടും മട്ടുമൊന്നുമില്ലെങ്കിലും മൂന്നേക്കര്‍ വിസ്തൃതിയില്‍ സാമാന്യം ഭേദപ്പെട്ട ഒരു വീട്. സിരോഹി രാജാവ് തലസ്ഥാനത്തെ ത​െൻറ വീട് ബഹുമാനാര്‍ഥം അംബേദ്കറിന് താമസത്തിന് വിട്ടുകൊടുത്തു. അങ്ങനെയാണ് തലസ്ഥാനത്തി​െൻറ തണലില്‍ അംബേദ്കര്‍ക്കും ഒരു വാസസ്ഥലം ഉണ്ടായത്. ഭാര്യ സവിതയോടൊപ്പം അംബേദ്കര്‍ ഇവിടേക്ക് താമസംമാറ്റി. ഇവിടെവെച്ചാണ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചത്. 'ദ ബുദ്ധ ആന്‍ഡ് ഹിസ് ധര്‍മ' എന്ന പുസ്തകം എഴുതിയതും ഇവിടെവെച്ചാണ്. 1956 ഡിസംബറില്‍ അന്ത്യശ്വാസം വലിച്ചു ജീവിതം ചരിത്രത്തോട് ചേര്‍ത്തുവെക്കുംവരെ അംബേദ്​കര്‍ താമസിച്ചതും ഈ വീട്ടിലായിരുന്നു.

വിസ്മൃതിയുടെ ചരിത്രം

സ്വാതന്ത്ര്യത്തിനുശേഷം രാജഭരണത്തി​െൻറ പ്രതാപകാലം കൊഴിഞ്ഞുപോയതോടെ സിരോഹി രാജകുടുംബത്തിനും സാമ്പത്തിക പ്രതിസന്ധികളുണ്ടായി. ഇടക്കാല ആശ്വാസത്തിനാകണം ഡല്‍ഹിയില്‍ അംബേദ്കര്‍ക്കു താമസിക്കാന്‍ വിട്ടുകൊടുത്ത വീട് രാജകുടുംബം വ്യവസായികളായ ജിന്‍ഡാല്‍ ഗ്രൂപ്പിന് വിറ്റു. അവരാകട്ടെ, തങ്ങളുടെ കൈവശമെത്തിയ ഉടന്‍ തന്നെ അംബേദ്കര്‍ താമസിച്ചിരുന്ന പഴയ വീട് പാടെ പൊളിച്ചുകളഞ്ഞ് തങ്ങള്‍ക്ക് താമസിക്കാന്‍ ഒരാഡംബര ഭവനം പണികഴിപ്പിക്കുകയും ചെയ്തു.

അംബേദ്കര്‍ എന്ന പ്രതീകത്തെ ചരിത്രവും ജനതയും നെഞ്ചേറ്റിനില്‍ക്കുന്നുണ്ടെങ്കിലും കാലാകാലങ്ങളില്‍ മാറിമാറിവന്ന ഭരണകൂടങ്ങള്‍ വിസ്മൃതിയുടെ പുറത്തുതന്നെ നിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. ഇഷ്​ടക്കാര്‍ക്കും പ്രിയതോഴര്‍ക്കും ആകാശംമുട്ടെ സ്മാരകങ്ങളും സ്മരണികകളും ഉണ്ടായപ്പോള്‍ അംബേദ്കര്‍ അന്ത്യശ്വാസംവലിച്ച വസതിയുടെ വിധിപോലും ഇന്ത്യയില്‍ മറവിയുടെ വന്‍കരയില്‍ മറ്റൊരാളുടെ വീടായി ഒറ്റപ്പെട്ടുനില്‍ക്കാനായിരുന്നു. ഒടുവില്‍ ചില സുമനസ്സുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും നിതാന്ത പരിശ്രമങ്ങളുടെ അനന്തരഫലമായാണ് ആ വീട് സര്‍ക്കാര്‍ 2003ല്‍ ഏറ്റെടുക്കുന്നതും പേരിനൊരു മ്യൂസിയമാക്കി മാറ്റുന്നതും. പിന്നീട്​ 15 വർഷത്തിനു​ ശേഷമാണ്​ മ്യൂസിയം പൊളിച്ച്​ അവിടെ 2018ൽ മോദിസർക്കാർ ബഹുനില കെട്ടിടം സ്ഥാപിച്ചത്​.

അംബേ്​ദകർ താമസിച്ച വീട്

മറവികളില്ലാത്ത മലയാളി മനസ്സ്​

അധികമാരാലും തിരിച്ചറിയപ്പെടാതെപോയ ആ പ്രതിഭയുടെ അവസാനകാല വിശ്രമഗേഹത്തെ അംബേദ്കര്‍ സ്മരണ എന്നനിലയില്‍ തിരിച്ചുപിടിച്ചു കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ക്കു പിന്നില്‍ ഒരു മലയാളി മനസ്സുമുണ്ട്. കലുഷിതകാല ഇന്ത്യയിലെ നീറുന്ന നെഞ്ചിനു നടുവില്‍നിന്ന് കണ്ണീരും ചോരയും പുരണ്ട വാര്‍ത്തകള്‍ വായനക്കാരില്‍ എത്തിച്ച ജോസഫ് മാളിയേക്കന്‍ എന്ന ഡല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍. പത്രപ്രവര്‍ത്തനത്തില്‍നിന്ന്​ ഔദ്യോഗികമായി വിരമിച്ചെങ്കിലും ജനാധിപത്യബോധ ജീവിതത്തില്‍ സജീവമായി തുടരുന്ന അദ്ദേഹം പല പതിറ്റാണ്ടുകള്‍ക്കിടയില്‍ മാറിമാറിവന്ന ഇന്ത്യന്‍ ഭരണകൂടങ്ങള്‍ എങ്ങനെയാണ് അംബേദ്കറെയും അദ്ദേഹത്തി​െൻറ ഓര്‍മകളെയും തമസ്‌കരിക്കാന്‍ ശ്രമിച്ചതെന്ന് അനുഭവങ്ങളുടെയും അറിവി​െൻറയും വെളിച്ചത്തില്‍ വിശദീകരിക്കുമ്പോള്‍ അംബേദ്കറെ പരിധിക്കുപുറത്തു നിര്‍ത്താന്‍ ശ്രമിച്ചവരുടെ പട്ടികയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ െനഹ്‌റു മുതല്‍ എല്ലാ നേതാക്കളുമുണ്ടെന്ന് ജോസഫ് മാളിയേക്കന്‍ പറയുന്നു.

രാജ്യംതന്നെ പ്രത്യക്ഷമായും പരോക്ഷമായും അംേബദ്കറെ പടിക്കുപുറത്ത് നിര്‍ത്തുകയാണുണ്ടായത്. 1956ല്‍ മരിച്ച ഭരണഘടന ശിൽപിക്ക് രാജ്യതലസ്ഥാന നഗരിയില്‍ ഒരു സ്മാരകം ഉയര്‍ന്നത് 62 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അവസാനകാലത്ത് താമസിച്ച വീട് സംരക്ഷിക്കണമെന്നും സ്മാരകമാക്കണമെന്നും ആവശ്യപ്പെട്ട് നീണ്ട പോരാട്ടമാണ് ജോസഫ് മാളിയേക്കന്‍ ഉൾപ്പെടെയുള്ളവര്‍ നടത്തിയത്. അനാഥമായി കിടക്കുന്ന വീടിനെ കുറിച്ച് 'ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കി. അതോടൊപ്പം ആര്‍.എല്‍. കൈന്‍ എന്ന വ്യക്തിയുമായി ചേര്‍ന്ന് അംബേദ്കര്‍ വിഹാര്‍ മഞ്ച് എന്ന സംഘടനയുണ്ടാക്കി. അംബേദ്​കർ താമസിച്ച വീട്​ സർക്കാർ ഏറ്റെടുത്ത്​ സ്​മാരകമായി നിലനിർത്തണമെന്നാവശ്യപ്പെട്ട്​ ഭരണാധികാരികൾക്ക്​ 1988 മുതൽ നിരന്തരം കത്തുകൾ അയച്ചു. എന്നാല്‍, ഭരണഘടന ശിൽപിയായ ഒരു വ്യക്തി അവിടെ താമസിച്ചെന്ന് തെളിയിക്കണമെന്ന മറുപടിയാണ് സര്‍ക്കാറിെൻറ ഭാഗത്തുനിന്നു ലഭിച്ചത്. പിന്നീട്​ പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ഭവനം ജിന്‍ഡാല്‍ ഗ്രൂപ്പി​െൻറ കൈയില്‍നിന്ന്​ ഏറ്റെടുക്കുന്ന നടപടികള്‍ നീട്ടിക്കൊണ്ടുപോയി.

ഒടുവില്‍ വീട് ഏറ്റെടുക്കാന്‍ 10 കോടി രൂപ പാസായതായി 1996 മാര്‍ച്ച് ഏഴിന് അന്നത്തെ ക്ഷേമമന്ത്രിയായിരുന്ന സീതാറാം കേസരി ലോക്‌സഭയില്‍ പറയുകയുണ്ടായി. എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഭൂമി ഏറ്റെടുക്കല്‍ നീട്ടിവെച്ചതോടെ ഫണ്ട് ലാപ്‌സായി. പിന്നെയും ഇതിനായുള്ള പോരാട്ടങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ 2003ൽ ആണ്​ കേന്ദ്ര സര്‍ക്കാര്‍ ജിന്‍ഡാല്‍ ഗ്രൂപ്പില്‍നിന്ന് ഭവനം ഏറ്റെടുത്ത് ഒരു മ്യൂസിയം ആക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

ഡൽഹിയിലെ അംബേദ്കർ സ്​മാരകം

പേരിനൊരു മ്യൂസിയം

അടിക്കുറിപ്പുകളില്ലാത്ത ചിത്രങ്ങള്‍, സൂക്ഷിപ്പുകാരനില്ലാത്ത മുറികള്‍... അവഗണനയുടെ പുറമ്പോക്കിലാണ് ഇന്നും തലസ്ഥാനത്തെ അംബേദ്കര്‍ സ്മാരകം. ചരിത്രം മാഞ്ഞുപോകാതിരിക്കാന്‍ ചില മനുഷ്യർ നടത്തിയ പോരാട്ടങ്ങൾക്കൊടുവിലാണ്​ അംബേദ്കറുടെ ഓര്‍മകള്‍ ഉറങ്ങുന്ന ഭവനം സര്‍ക്കാര്‍ ദശാബ്​ദങ്ങള്‍ക്കു ശേഷമെങ്കിലും ഏറ്റെടുക്കുന്നത്. എന്നാല്‍, ആ ഓര്‍മകളെ ഒരുതരത്തിലും ഉണര്‍ത്താനുള്ള ഒരു ശ്രമങ്ങളും പിന്നീട് ഉണ്ടായില്ലെന്നു മാത്രമല്ല, പാടെ അവഗണിക്കുകയും ചെയ്തു. ഒടുവില്‍ പേരിനൊരു മ്യൂസിയം എന്നപോലെ ആ ഭവനം ഇന്നും വിസ്മൃതിയില്‍ തന്നെ നില്‍ക്കുകയായിരുന്നു​െവന്ന് ജോസഫ് മാളിയേക്കന്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട്​ 15 വർഷത്തിന​ു​ ശേഷമാണ്​ നിലവിലെ രൂപത്തിലേക്ക്​ സ്​മൃതിമന്ദിരത്തെ മാറ്റാനായത്​. അംബേദ്​കർ പഠനങ്ങൾക്കോ ഗവേഷണങ്ങൾക്കോ ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ള ആരെയുമല്ല അദ്ദേഹത്തി​െൻറ സ്​മരണകളുടെ തലപ്പത്ത്​ നിയമിച്ചിരിക്കുന്നതെന്നും ജോസഫ്​ മാളിയേക്കൻ ചൂണ്ടിക്കാട്ടി.

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും എന്നും പ്രാധാന്യം കൊടുത്തിരുന്ന ത​െൻറ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍നിന്ന് ഏറെ പറയാനുണ്ട് ജോസഫ് മാളിയേക്കന്. ഇന്ത്യയില്‍ അംബേദ്കര്‍ എങ്ങനെ അവഗണിക്കപ്പെട്ടുവോ അതുപോലെ തന്നെയാണ് കേരളത്തി​െൻറ ചരിത്രത്തില്‍ അയ്യൻകാളി എന്ന സാമൂഹിക പരിഷ്‌കര്‍ത്താവിനെയും അവഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ''താനുൾപ്പെടെ പഠിച്ച മലയാള പാഠപുസ്തകങ്ങളിൽ എവിടെയും അയ്യൻകാളിയെ കണ്ടിട്ടില്ല. അംബേദ്​കറുടെ കാര്യത്തിലും ഇതുതന്നെയാണ്​ സംഭവിക്കുന്നത്​'' ​-അദ്ദേഹം കൂട്ടിച്ചേർത്തു.


അന്നത്തെ വീട്ടില്‍ അംബാസഡര്‍

നിയമമന്ത്രി ആയിരുന്ന കാലത്ത് അംബേദ്കര്‍ താമസിച്ചിരുന്ന വീട് മുഖംമിനുക്കി പ്രൗഢിയുടെ അടയാളങ്ങള്‍ ചൂടി ഇന്നും തലസ്ഥാനത്തുണ്ട്. താമസക്കാരന്‍ ഇന്ത്യയിലെ പോളണ്ട് അംബാസഡര്‍ ആദം ബുറാകോവ്‌സ്‌കി ആണ്. ബ്രിട്ടീഷ് വൈസ്രോയിയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായിരുന്ന കാലത്ത് അംബേദ്കര്‍ താമസിച്ചിരുന്ന പൃഥ്വിരാജ് റോഡിലെ വസതിയില്‍ ഇപ്പോള്‍ താമസിക്കുന്നത് ഇന്ത്യയിലെ ടര്‍ക്കിഷ് അംബാസഡര്‍ സാക്കിര്‍ ഒസ്‌കാന്‍ ടോറുണ്‍ലാര്‍ ആണ്.

ഇന്ന് തിലക് നഗര്‍ എന്നറിയപ്പെടുന്ന ഈ പ്രദേശം അംബേദ്കര്‍ താമസിക്കുന്ന കാലത്ത് ഹാര്‍ഡിങ്​ അവന്യൂ ആയിരുന്നു. അംബേദ്കര്‍ താമസിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതില്‍ അധികം മാറ്റമൊന്നും ഇവിടെ ഇപ്പോഴും വരുത്തിയിട്ടില്ല. അംബേദ്​കര്‍ ഉപയോഗിച്ചിരുന്ന മേശയും കസേരയുമെല്ലാം ഇവിടെയുണ്ട്. ഒഡിഷയിലെ കനിക രാജവംശത്തി​േൻറതായിരുന്നു ഈ വീട്. അവരുടെ കൈയില്‍നിന്ന്​ 1978ലാണ് പോളണ്ട് ഈ വസതി വാങ്ങുന്നത്. 1948 മുതല്‍ 1951 വരെയാണ് അംബേദ്കര്‍ ഇവിടെ താമസിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BR AmbedkarJournalistJoseph Maliakkal
News Summary - Journalist Joseph Maliakkal Revive the Ambedkar Home
Next Story