ഭൂമിക്കടുത്തെത്തി വ്യാഴം; കാമറയിൽ പകർത്തി ശൈഖ് ഹംദാൻ
text_fieldsദുബൈ: ഫോട്ടോഗ്രഫിയോട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനുള്ള ഇഷ്ടം പ്രസിദ്ധമാണ്. വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും സഞ്ചരിക്കുമ്പോൾ സ്വന്തം കാമറയിൽ നിരവധി ചിത്രങ്ങൾ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പങ്കിടാറുമുണ്ട്.
കഴിഞ്ഞദിവസം അതിശയിപ്പിക്കുന്ന ഒരു വിഡിയോയാണ് അദ്ദേഹം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഭൂമിക്കടുത്തെത്തിയ വ്യാഴത്തെ പകർത്തിയാണ് ഇൻസ്റ്റഗ്രാം റീലിലൂടെ പങ്കുവെച്ചത്.
59 വർഷത്തിനിടെ ഭൂമിയുമായി വ്യാഴം ഏറ്റവും അടുത്തെത്തിയ സന്ദർഭമായിരുന്നു കഴിഞ്ഞദിവസത്തേത്. ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിൽ തിളങ്ങുന്ന ഗ്രഹത്തിന്റെ ചിത്രമാണ് പകർത്തിയത്. 'ബുർജ് ഖലീഫ ഗ്രഹങ്ങളുടെ രാജാവിനെ കണ്ടുമുട്ടുന്നു!' എന്നാണ് വിഡിയോ ദൃശ്യത്തിന് അടിക്കുറിപ്പായി ചേർത്തത്.
നിരവധി പേരാണ് ചിത്രം അത്ഭുതകരമാണെന്ന് അഭിപ്രായപ്പെടുകയും പങ്കുവെക്കുകയും ചെയ്തിട്ടുള്ളത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഭൂമിയുടെ ഇത്രയും അടുത്തെത്തിയത് അവസാനമായി 1963ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.