അമ്മമാർക്ക് തെരുവിലിറങ്ങേണ്ട; നിയമം തിരുത്തിയ ചന്ദ്രദാസ് കൂടെയുണ്ട്
text_fieldsആലപ്പുഴ: ഏങ്ങനെ ജീവിക്കുമെന്ന് പറഞ്ഞ് കരഞ്ഞുതളർത്ത ഒരമ്മ തന്റെ മുന്നിൽ വന്നതോടെയാണ് ആലപ്പുഴക്കാരൻ ചന്ദ്രദാസിന്റെ മനസ്സ് പിടഞ്ഞത്. ആശ്രിത നിയമനം നേടിയവർ ഉറ്റവരെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളത്തിന്റെ 25 ശതമാനം തിരിച്ചുപിടിക്കാനുള്ള നിയമഭേദഗതി ആ കണ്ണീരിനുള്ള ഉത്തരംകൂടിയാണ്. അതിന് കാരണക്കാരൻ ആലപ്പുഴ പഴവീട് നിയതയിൽ റിട്ട. റവന്യൂ ഇൻസ്പെക്ടർ കെ. ചന്ദ്രദാസാണ്. 2018ൽ റവന്യൂ വകുപ്പിൽ സീനിയർ ഇൻസ്പെക്ടറായിരിക്കെ ഓഫിസിൽ നിറകണ്ണുകളോടെ എത്തിയ ആ അമ്മയുടെ വാക്കുകളാണ് ഇതിന് നിമിത്തമായത്.
സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ മരണശേഷം മകന് ആശ്രിത നിയമനം ലഭിച്ചു. എന്നാൽ, ഇയാൾ വിവാഹം കഴിഞ്ഞ് മരുമകളുമായി ചേർന്ന് അമ്മയെ പുറത്താക്കി. കയറിക്കിടക്കാൻ വീടില്ല. ഇനി എന്തെങ്കിലും ചെയ്യാനാകുമോയെന്ന ചോദ്യത്തിനുള്ള മറുപടിക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. ഓച്ചിറ ക്ഷേത്രത്തിൽ നിരനിരായി ഇരുന്ന് ഭിക്ഷയാചിക്കുന്നവരുടെ കൂട്ടത്തിൽ മറ്റൊരമ്മയെയും കണ്ടു. കൈനീട്ടി യാചിക്കാൻ മടികാണിച്ച അവരുടെ മുന്നിലെത്തി കാര്യങ്ങൾ തിരക്കിയപ്പോൾ ഞെട്ടി. സർക്കാർ ഉദ്യോഗസ്ഥരായ മൂന്നുമക്കളുണ്ട്. സംരക്ഷിക്കേണ്ട ഇവർ കൈയൊഴിഞ്ഞതോടെ ക്ഷേത്രപരിസരത്താണ് താമസം. ചിലർ ഭക്ഷണവും വസ്ത്രവും നൽകി സഹായിക്കും. അപ്പോൾ മനസ്സിൽ ഉറപ്പിച്ചു, ഇനിയൊരു അമ്മമാരും തെരുവിലിറങ്ങരുത്.
ആശ്രിത നിയമനം നേടുന്നവർ ഉറ്റവരെ സംരക്ഷിക്കണമെന്ന ‘ആശ്രിത സംരക്ഷണ സമ്മതമൊഴി’ വാങ്ങിയാൽ മാത്രമേ സർവിസിൽ പ്രവേശിപ്പിക്കാവൂവെന്ന വ്യവസ്ഥ മുന്നോട്ടുവെച്ചായിരുന്നു ചന്ദ്രദാസിന്റെ തുടക്കം. ഒരു നിയമത്തിന്റ കരട് സ്വയം എഴുതിയുണ്ടാക്കി അന്നത്തെ ആലപ്പുഴ കലക്ടർ ടി.വി. അനുപമക്ക് സമർപ്പിച്ചു. കലക്ടർ അത് സർക്കാറിന് കൈമാറി. 2018 ഫെബ്രുവരിയിൽ നിയമം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. ആശ്രിത നിയമനമെന്ന സമാശ്വാസ തൊഴിൽദാന പദ്ധതി നടപ്പാക്കി 40 വർഷത്തിനു ശേഷമായിരുന്നു ആ നിർണായക ഉത്തരവ്. അതിനുശേഷമാണ് ആ ഉത്തരവ് ലംഘിച്ചാൽ എന്തുചെയ്യണമെന്ന് ചിന്തിച്ചത്.
ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 25 ശതമാനം പിടിച്ചെടുത്ത് ആശ്രിതർക്ക് നൽകണമെന്ന രണ്ടാമത്തെ നിർദേശവും സർക്കാറിന് മുന്നിൽവെച്ചു. കുറിപ്പിലെ ഗൗരവം തിരിച്ചറിഞ്ഞ് കലക്ടർ അനുപമ ഭരണപരിഷ്കാര കമീഷന് കൈമാറി. 2021ൽ റവന്യൂ ഇൻസ്പെക്ടറായി വിമരിച്ചിട്ടും നടപടിയിൽനിന്ന് പിന്മാറിയില്ല. 2022 ഏപ്രിൽ മുഖ്യമന്ത്രി ഇടപെട്ട് കരട് തയാറാക്കാൻ നിർദേശിച്ചു. ഒരുവർഷത്തിലേറെ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. വിവരാവകാശം വഴി പിന്തുടർന്ന് 2023 ജൂലൈ 14നാണ് ഉത്തരവിറങ്ങിയത്.
ഇതിന് പിന്നാലെ മുതിർന്നവരുടെ ഭൗതികസംരക്ഷണം മക്കൾതന്നെ ഒരുക്കാൻ നിയമം വേണമെന്ന ആവശ്യവും സർക്കാറിെൻറ അംഗീകാരത്തിന് സമർപ്പിച്ചു. ജന്മംനൽകി പഠിപ്പിച്ച് വലുതാക്കിയ മാതാപിതാക്കളെ മക്കൾ തിരിച്ചും പരിപാലിക്കാൻ ബാധ്യസ്ഥരാണ്. വൃദ്ധസദനങ്ങളിൽ ഏൽപിച്ച് മാസം കുറച്ച് തുകയും നൽകിയാൽ പോരെന്നും ആഹാരം, വസ്ത്രം, പാർപ്പിടം അടക്കമുള്ള ഭൗതികസാഹചര്യങ്ങൾ നൽകണമെന്നതാണ് നിയമത്തിലെ പ്രധാന ആവശ്യം. ഇതിനൊപ്പം രാജ്യത്തിന് പുറത്തുപോകുന്ന മക്കളിൽനിന്ന് നിശ്ചിത തുക ഈടാക്കി പഞ്ചായത്ത്-വാർഡ് തലത്തിൽ മാതാപിതാക്കളെ സംരക്ഷിക്കാൻ സാന്ത്വനപാലകരെ നിയമിക്കണമെന്നും നിർദേശമുണ്ട്. ചന്ദ്രദാസിെൻറ ഭാര്യ പ്രസന്നകുമാരി കെ.എസ്.ഇ.ബി റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയറാണ്. മുത്തൂറ്റ് എൻജീനിയറിങ് കോളജ് അധ്യാപിക പി. ആര്യയാണ് മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.