രാജ്യത്തിന്റെ പിറവിക്കും വളർച്ചക്കും സാക്ഷിയായി കമറുദ്ദീൻ
text_fieldsറാസൽഖൈമ: യു.എ.ഇ ദേശീയ ദിനമാഘോഷിക്കുമ്പോൾ, രാജ്യത്തിന്റെ പിറവിയും വളർച്ചക്കും സാക്ഷിയായ ആത്മനിർവൃതിയിലാണ് യു.എ.ഇയില്‍ 54 വര്‍ഷങ്ങള്‍ക്കുമുമ്പ് വന്നണഞ്ഞ തൃശൂര്‍ സ്വദേശി കമറുദ്ദീന്. ബോംബെയില്‍നിന്ന് പുറപ്പെട്ട ലോഞ്ച് ഖോര്ഫക്കാന് തീരമണയുമ്പോള്‍ പ്രായം 15 മാത്രമായിരുന്നുവെന്ന് കമറുദ്ദീന് പറയുന്നു. യു.എ.ഇ രൂപവത്കരിക്കുന്നതിനെക്കുറിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ് അന്ന്.
1971ല്‍ യു.എ.ഇ രൂപവത്കരിച്ചെങ്കിലും റാസല്‍ഖൈമ ചേരുന്നത് 1972ലാണ്. വികസനത്തിന്റെ നെറുകയിലേക്കുള്ള യു.എ.ഇയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്നും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചക്കൊപ്പം ഓരോ ദേശീയ ദിനാഘോഷത്തിന്റെയും വര്‍ണശബളിമയും വര്‍ധിച്ചുവെന്ന് അദ്ദേഹം ഓർക്കുന്നു. ഇന്ന് കാണുന്ന ആഘോഷപ്പൊലിമയൊന്നും ആദ്യ നാളുകളിലെ ദേശീയ ദിനാഘോഷങ്ങള്ക്കുണ്ടായിരുന്നില്ലെന്നും കമറുദ്ദീൻ ഓർക്കുന്നു.
ഖോര്‍ഫുക്കാനില്‍ വന്നിറങ്ങിയ ശേഷം ആദ്യം ഷാര്‍ജയിലേക്കും അവിടെനിന്ന് റാസല്ഖൈമയിലുമെത്തുകയായിരുന്നു ഇദ്ദേഹം. അക്കാലത്ത് മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ അധികമൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ എല്ലാവരുമായും കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നു. കുഗ്രാമ പ്രതീതിയിലായിരുന്നു റാസല്‍ഖൈമ. ഇന്നത്തെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തായിരുന്നു ഭരണാധികാരികളുടെയും കുടുംബാംഗങ്ങളുടെയും ഭവനങ്ങള്‍.
ദേശീയ ദിനം പോലുള്ള വിശേഷാവസരങ്ങളുടെ ആഘോഷവും ഇവിടെ കേന്ദ്രീകരിച്ചായിരുന്നു. യു.എ.ഇയിലെത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാട്ടില്‍ നിന്ന് പോസ്റ്റല്‍ വഴി ഇന്ത്യയുടെ പാസ്പോര്‍ട്ട് ലഭിച്ചതെന്ന് കൗതുകപ്പെടുത്തുന്ന ഓര്‍മയാണെന്നും കമറുദ്ദീന് പറഞ്ഞു. തൃശൂര്‍ വടക്കേക്കാട് കുമ്പളത്തറയില്‍ മുഹമ്മദലിയാണ് പിതാവ്. മാതാവ്: ബീപാത്തു കുട്ടി. ശൈലജയാണ് ഭാര്യ. ദിന്‍ഷാദ്, ദിനീഷ, ഷിഹാബ് എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.