ആവേശത്തിമിർപ്പിനൊപ്പം കളിയുടെ ആഘോഷക്കാലം
text_fieldsസാധാരണക്കാരനായ ഒരു മലയാളിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരുപാട് നേട്ടങ്ങളെ സാക്ഷാത്കരിച്ചു കടന്നുപോയ ഫിഫ ലോകകപ്പിനെ കുറിച്ച് ഓർത്തെടുക്കാൻ ഒത്തിരി വിശേഷങ്ങളുണ്ട്. ഒറിജിനൽ ലോകകപ്പ് ട്രോഫിയും വിന്നേഴ്സ് ട്രോഫിയും തൊട്ടരികെ കാണാൻ കഴിഞ്ഞ അവിസ്മരണീയ മുഹൂർത്തങ്ങളോടെയായിരുന്നു അതിശയങ്ങളുടെ തുടക്കം.
ഇരുപതിനായിരത്തിൽ ഒരാളായി ഫിഫ ഒഫിഷ്യൽ വളന്റിയറാവുക എന്ന സ്വപ്നം പൂവണിഞ്ഞത് മറ്റുള്ളവരെപ്പോലെ എനിക്കും കിട്ടിയ മഹാഭാഗ്യം. നിരവധി രാജ്യങ്ങളിലെ വ്യത്യസ്ത ഭാഷ സംസാരിക്കുന്ന, വിഭിന്നമായ സംസ്കാരവും പാരമ്പര്യവുമുള്ള ആയിരങ്ങൾക്കിടയിൽ സേവനം ചെയ്യാൻ കഴിയുക എന്നത് തികച്ചും കൗതുകവും ആഹ്ലാദവും നിറഞ്ഞ കാര്യമായിരുന്നു. ഫാൻ സോണിൽ വളന്റിയറാകാൻ അവസരം കിട്ടിയതിനാൽ ആവേശത്തിലും ആരവങ്ങളിലും പൊതിഞ്ഞ ഒട്ടേറെ അസുലഭ നിമിഷങ്ങളാണ് ഈ ലോകകപ്പ് എനിക്ക് സമ്മാനിച്ചത്.
ആദ്യമായി സ്റ്റേഡിയത്തിൽ വെച്ച് ഒരു ലോകകപ്പ് വീക്ഷിച്ചത് അർജന്റീന-സൗദി മത്സരമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ ശ്രദ്ധേയമായ ആ മത്സരം എക്കാലവും ഓർമയിൽ തങ്ങിനിൽക്കുന്നതായി. ഏകദേശം 60 കിലോമീറ്റർ പരിധിയിൽ എട്ടു സ്റ്റേഡിയങ്ങൾ. ഒരു ദിവസം തന്നെ ഒന്നിലധികം മത്സരങ്ങൾ ഒരാൾക്ക് കാണാൻ കഴിയുന്നവിധം ഷട്ടിൽ ബസ് സർവിസുകളും മെട്രോ സംവിധാനവും.
ലോകകപ്പ് തുടങ്ങുന്നതിനും ഒരാഴ്ച മുമ്പേ തുടങ്ങിയ സൗജന്യ സർവിസുകൾ എന്നെയും അത്ഭുതപ്പെടുത്തി. കൃത്യമായ നിർദേശങ്ങളിലൂടെ ഒരാൾക്കുപോലും പ്രയാസമില്ലാത്തവിധം ഗതാഗത സംവിധാനങ്ങളെ ക്രമീകരിച്ചതും ഖത്തറിന്റെ ചരിത്രത്തിലെ പൊൻതൂവലായി മാറി. ഒരു മടിയും കൂടാതെ കിലോമീറ്ററുകൾ കാൽനടയായി നടന്ന് ഫാൻ സോണുകളിൽ ആളുകൾ എത്തുന്നതും ഏറെ ആവേശം നിറഞ്ഞ കാഴ്ചയായിരുന്നു.
നയനാനന്ദകരമായ വെടിക്കെട്ടും സാംസ്കാരിക വൈവിധ്യങ്ങൾ നിറഞ്ഞ, ദൃശ്യവിരുന്നുകളും വിനോദങ്ങളും. സംഗീതവിരുന്നൊരുക്കി ആടിയും പാടിയും ഒരു മാസം ആഘോഷത്തിമിർപ്പിലായിരുന്നു ഖത്തർ എന്ന ഈ കൊച്ചുരാജ്യം. കെട്ടിച്ചമച്ച ആരോപണങ്ങളെല്ലാം ഊതിവീർപ്പിച്ച ബലൂൺ മാത്രമായിരുന്നു എന്ന് അത്യുജ്ജ്വലവും മാതൃകാപരവുമായ സംഘാടനത്തിലൂടെ ഖത്തർ ലോകത്തിനു കാണിച്ചുകൊടുത്തു.
ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിഞ്ഞ കാലം കൂടിയായിരുന്നു ലോകകപ്പ് വേള. നാട്ടിൽനിന്നെത്തിയ ചങ്ങാതിമാർക്കും ബന്ധുക്കൾക്കും പുറമെ സൗദി, ബഹ്റൈൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ സുഹൃത്തുക്കൾ കളി കാണാൻ ഇവിടെയെത്തിയതും വർഷങ്ങൾക്കുശേഷം പലരെയും നേരിൽ കാണാൻ കഴിഞ്ഞതും ഈ വിശ്വമേളക്കാലം നൽകിയ മറ്റൊരു സന്തോഷം.
സംഘാടനത്തിലെ മികവും ഒരുക്കിവെച്ച വൈവിധ്യങ്ങളും ഏറെ പ്രശംസിക്കപ്പെടുന്ന ലോകകപ്പിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു. ഈ രാജ്യം പ്രവാസികൾക്ക് നൽകിയ അവസരങ്ങളും അംഗീകാരങ്ങളും പ്രതീക്ഷകളെക്കാൾ ഒരുപടി മുന്നിലായിരുന്നു. അമീർ കപ്പ്, അറബ് കപ്പ്, ഖത്തർ മ്യൂസിയം വളന്റിയർ എന്നിവയിലെല്ലാം സേവനം ചെയ്യാൻ അവസരം ലഭിച്ചത് നന്ദിയോടെ സ്മരിക്കുന്നു. കിട്ടിയ സമ്മാനങ്ങളെല്ലാം ഈ ലോകകപ്പിന്റെ ഓർമയായി എക്കാലവും സൂക്ഷിക്കണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.