കരാട്ടെ കുടുംബം
text_fieldsദുബൈ മുഹൈസിന ലുലു വില്ലേജിന് സമീപത്തെ ഹക്കീമിെൻറ വീട്ടിലേക്ക് കയറിച്ചെന്ന് 'കന്നന്തിരിവ്'കാണിക്കുന്നവർ സൂക്ഷിക്കണം, കത്രികപ്പൂട്ടിട്ട് പൂട്ടാൻ മെയ്വഴക്കമുള്ള നാല് കരാട്ടെക്കാരാണ് ഇവിടെയുള്ളത്. നാലാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഹയ മുതൽ 48കാരനായ ഹക്കീം വരെ ഉൾപെട്ട സമ്പൂർണ കരാട്ടെ കുടുംബത്തിന് പക്ഷേ ഇതുവരെ തങ്ങളുടെ കരാട്ടെ ഷോ ആർക്കുനേരെയും പ്രയോഗിക്കേണ്ടി വന്നിട്ടില്ല
ബ്ലാക് ബെൽറ്റ് കുടുംബം
ഹക്കീമും മക്കളായ അഹ്മദ് ഹാദിയും മുഹമ്മദ് ഹനീനും ബ്ലാക്ക് ബെൽറ്റ്, മൂന്നാമത്തെ മകൾ ഫാത്തിമ ഹയ ഗ്രീൻ ബെൽറ്റ്.. ഇതാണ് കുടുംബത്തിെൻറ കരാട്ടെ ചിത്രം. ഇളയ മകൻ അഞ്ച് വയസുകാരൻ ഹാഷിം ഹൈദറും വൈകാതെ കരാട്ടെയിലേക്ക് പിച്ചവെച്ച് തുടങ്ങാനുള്ള ഒരുക്കത്തിലാണ്. 27 വർഷമായി യു.എ.ഇയിലുള്ള ഹക്കീമിന് കരാട്ടെ കേവലമൊരു അഭ്യാസമല്ല. മറിച്ച്, ആരോഗ്യ സംരക്ഷണത്തിനും ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കുന്നതിനുമുള്ള ഉപാസന തന്നെയാണ്.
ചെറുപ്പം മുതലെ ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കുന്നതിൽ തൽപരനായ ഇദ്ദേഹം 12ാം വയസിൽ കളരിത്തറയിൽ പയറ്റിത്തുടങ്ങിയതാണ്. പിന്നീട് ജിംനേഷ്യത്തിലേക്ക് േചക്കേറി. ഇപ്പോഴും ദിവസവും പ്രഭാതനമസ്കാരം കഴിഞ്ഞ് ജിമ്മിൽ പോകും. ദേര അൽ തനീൻ കരാട്ടെ സെൻററിൽ മുഹമ്മദ് ആഷിഖിെൻറ കീഴിൽ പരിശീലിച്ച് രണ്ടര വർഷം മുൻപാണ് ബ്ലാക്ക് ബെൽറ്റ് എടുത്തത്. കഴിഞ്ഞയാഴ്ചയാണ് രണ്ടാമൻ അഹ്മദ് ഹാദി ബ്ലാക്ക് ബെൽറ്റ് നേടിയത്.
ഔവർ ഓൺ ഇംഗ്ലീഷ് സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിയാണ്. രണ്ട് മാസം മുൻപ് ബ്ലാക്ക് ബെൽറ്റ് നേടിയ മൂത്ത മകൻ ഹനീൻ മെഡിക്കൽ പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ്. രണ്ട് പേരും മികച്ച ഫുട്ബാൾ താരങ്ങളുമാണ്. യു.എ.ഇയിലെ പ്രമുഖ ഫുട്ബാൾ ക്ലബുകൾക്ക് വേണ്ടി ബൂട്ടണിയാൻ അവസരം ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ നടന്ന സി.ബി.എസ്.ഇ കായിക മേളയിൽ മികച്ച ഗോൾകീപ്പറായി ഹാദിയെ തെരഞ്ഞെടുത്തിരുന്നു.
യു.എ.ഇ കരാട്ടെ ഫെഡറേഷെൻറ ഹുമിത്തെ ഫൈറ്റിങിൽ ഹാദിയും 'കത്താ' വിഭാഗത്തിൽ ഹനീനും സമ്മാനം നേടി. പെരുമ്പിലാവ് അൻസാറിൽ നാലാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ഹയ അടുത്തിടെയൊണ് ഗ്രീൻ ബെൽറ്റ് എടുത്തത്. രണ്ടാം ക്ലാസ് വരെ ദുബൈയിൽ പഠിച്ച ഹയ ഇവിടെയെത്തിയാണ് ഗ്രീൻ ബെൽറ്റ് സ്വീകരിച്ചത്. ഭാര്യ സജീന കരാട്ടേയിലേക്ക് പ്രവേശിച്ചിട്ടില്ലെങ്കിലും ലേഡീസ് ജിമ്മിൽ വർക്കൗട്ട് ചെയ്യാറുണ്ട്. തൃശൂർ പെരുമ്പിലാവ് കോട്ടൂൽ സ്വദേശിയായ ഹക്കീം ദുബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ പി.ആർ.ഒയാണ്. കരാട്ടെ പഠിച്ചവർക്ക് അത് പ്രയോഗിക്കേണ്ട ആവശ്യം വരാറില്ല എന്നാൽ, സ്വഭാവ രൂപവത്കരണത്തിൽ അത് ചെറുതല്ലാത്ത പങ്ക് വഹിക്കുമെന്നാണ് ഹക്കീമിെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.