കരാട്ടേയാണ് ഇവർക്ക് എല്ലാം
text_fieldsകണ്ണൂർ: കരാട്ടേയിൽ അഞ്ചാമത് ഡാൻ ബ്ലാക്ക് ബെൽറ്റ് കിട്ടുന്നവർക്ക് ജപ്പാനിൽ നൽകുന്ന സ്ഥാനപ്പേരാണ് റെൻഷി. നെഞ്ചോടു ചേർത്ത ഈ വാക്ക് മനസ്സിൽക്കണ്ട് മൂത്ത മകൾക്ക് പേരിട്ടു -റിൻഷി. കരാട്ടേ അധ്യാപകർക്ക് നൽകുന്ന പരമോന്നത പദവിയാണ് ഹൻഷി. ഈ വാക്കിൽനിന്ന് രണ്ടാമത്തെ മകന് അൻഷിർ എന്നും പേരിട്ടു. ചെറിയ മാറ്റങ്ങളോടെ മൂന്നാമത്തെ മകൾക്ക് അൻഷിദയെന്നും പേരു നൽകി. ബ്ലാക്ക് ബെൽറ്റുകാരായ മൂന്നു മക്കളും അങ്ങനെ പേരുകൊണ്ടും അടിമുടി കരാട്ടേക്കാർ.
മക്കൾ ഇങ്ങനെയെങ്കിൽ മാതാപിതാക്കളും ബ്ലാക്ക് ബെൽറ്റുകാർ ആയിരിക്കുമെന്നുറപ്പ്. ആയോധന കലയായ കരാട്ടേയാണ് ഇവർക്ക് ജീവനും ജീവിതോപാധിയും. കണ്ണാടിപ്പറമ്പ് അമീർ മൻസിലിൽ പുളിക്കൽ അമീർ-റഷീദ ദമ്പതികളുടെ കുടുംബത്തിന് കരാട്ടേയാണ് എല്ലാം. മക്കൾക്കു പുറമെ പേരമക്കളും കരാട്ടേ വഴിയിലാണ്.
പത്താം വയസ്സിൽ തുടങ്ങിയതാണ് അമീറിന്റെ കരാട്ടേ ജീവിതം. പരേതരായ അബ്ദുല്ല -നഫീസയുടെ ഏക മകൻ. 2009ൽ ജപ്പാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തു. കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജേതാവ്. ദേശീയ-അന്തർദേശീയ മീറ്റുകളിലായി അമ്പതോളം ബഹുമതികൾ. എട്ട് ഡാൻ ബ്ലാക്ക്ബെൽറ്റുകാരനാണ് ഈ 52കാരൻ.ഭാര്യ റഷീദ ഫസ്റ്റ് ഡാൻ ബ്ലാക്ക്ബെൽറ്റുകാരി. പത്താം ക്ലാസ് മുതൽ കരാട്ടേ പരിശീലനത്തിലുണ്ട്. കുറെക്കാലം പരിശീലക. മൂത്തമകൾ റിൻഷി ഫിഫ്ത്ത് ഡാൻ ബ്ലാക്ക്ബെൽറ്റുകാരി. അഞ്ചാം വയസ്സുമുതൽ പരിശീലനത്തിലുണ്ട്.
ഒട്ടേറെ പുരസ്കാരങ്ങൾ. നിലവിൽ എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ ഇൻസ്ട്രക്ടർ. റിൻഷിയുടെ മൂത്ത മകൾ ഏഴ് വയസ്സുകാരി ജെൽവ ലിയാന രണ്ടുവർഷമായി കളിക്കളത്തിലുണ്ട്. ബ്രൗൺ ബെൽറ്റാണ്. ഇളയവൾ മൂന്നുവയസ്സുകാരി ഫാത്തിമയും കരാട്ടേ കുപ്പായമിട്ട് തുടങ്ങി. ഫോർത്ത് ഡാൻ ബ്ലാക്ക്ബെൽറ്റാണ് അൻഷിറിന്. കണ്ണൂരിലെ സ്വാശ്രയ കോളജിൽ കരാട്ടേ പരിശീലകനാണ്. ഫസ്റ്റ് ഡാൻ ബ്ലാക്ക്ബെൽറ്റുകാരിയായ ഇളയ മകൾ അൻഷിദ കമ്പിൽ മാപ്പിള എച്ച്.എസ്.എസിൽ പരിശീലക. കുടുംബസമേതം പുലർച്ചെ എഴുന്നേറ്റ് പരിശീലനം തുടങ്ങും. ഇതിനായി വീടിനോട് ചേർന്ന് ഷെഡും ഒരുക്കിയിട്ടുണ്ട്. ഒപ്പം കുടുംബസമേതം കുറെ പുരസ്കാരങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.