കാർത്തികിനെ ചേർത്തുപിടിച്ച എസ്.പി.ബി
text_fieldsസംഗീതത്തിെൻറ കാര്യത്തിൽ മാത്രമല്ല, ലാളിത്യംകൊണ്ടും സ്നേഹംകൊണ്ടും ജനമനസ്സുകളിൽ സ്ഥാനം പിടിച്ചയാളാണ് എസ്.പി. ബാലസുബ്രഹ്മണ്യം. അദ്ദേഹത്തിെൻറ സ്നേഹലാളനക്ക് ദുബൈയിൽ ഒരു ഉദാഹരണമുണ്ട്. കാർത്തിക് കുമാർ. ജന്മനാ ഓട്ടിസം ബാധിച്ച കാർത്തിക് കുമാറിനെ ചേർത്തുപിടിച്ചും ഒപ്പം പാടാൻ അവസരം നൽകിയും എസ്.പി.ബി കാണിച്ച മനസ്സലിവാണ് കാർത്തികിെൻറ ജീവിതത്തിൽ വഴിത്തിരിവായത്.
ദുബൈയിലെ ഓട്ടിസം സ്കൂളായ അൽനൂർ സ്പെഷൽ സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ചെന്നൈ സ്വദേശിയായ കാർത്തിക് എസ്.പി.ബിയുടെ നിരവധി ഗാനങ്ങൾ സ്േറ്റജുകളിൽ പാടുമായിരുന്നു. വിവിധ ഭാഷകളിലെ ഇരുനൂറിലധികം ഗാനങ്ങൾ ഹൃദിസ്ഥമാക്കിയ കാർത്തികിെൻറ കഴിവിനെ കുറിച്ചു കേട്ടറിഞ്ഞ എസ്.പി ദുബൈയിൽ എത്തിയപ്പോൾ കാർത്തികിനെ സന്ദർശിച്ചു.
അവെൻറ കഴിവിനെ പ്രശംസിക്കുകയും കൂടെ പാടാൻ അവസരം നൽകുകയും ചെയ്തു. ഓട്ടിസം ബാധിതനായ ബാലെൻറ ജീവിതം ഇതോടെ മാറിമറിഞ്ഞു. യു.എ.ഇയിലെ അറിയപ്പെടുന്ന ഗായകനായി കാർതിക് മാറി. യു.എ.ഇയിലെ സ്കൂൾ പരിപാടികളിലും എസ്.പി.ബിയുടെ ഗാനങ്ങൾ കാർത്തികിെൻറ ശബ്ദത്തിൽ ഒഴുകിയെത്തി. ഇതോടെ എസ്.പി.ബി കുടുംബ സുഹൃത്തുമായി. ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിലെയും ദുബൈ ഇന്ത്യൻ സ്കൂളിലെയും വേദികളിൽ നിരവധിതവണ എസ്.പി.ബിയുടെ ഗാനങ്ങൾ സംഗീതമഴ പെയ്യിച്ചു.
അൽ നാസർ ക്ലബിലെ തമിഴ് സംഗീത പരിപാടികളിലും കാർത്തിക് സ്ഥിരം ഗായകനായി. എസ്.പി.ബി കാർത്തികിനെ പ്രത്യേകം പരിചയപ്പെടുത്തിയായിരുന്നു സ്റ്റേജിലേക്ക് ക്ഷണിച്ചത്. 2019ലെ സീ ടി.വി തമിഴ് സംഗീത റിയാലിറ്റി ഷോയിൽ രണ്ടാം റണ്ണർ അപ് കാർത്തികായിരുന്നു. തമിഴ് സിനിമയിലും പാടാൻ കാർത്തികിന് അവസരം ലഭിച്ചു. വിദേശ രാജ്യങ്ങളിലെ റേഡിയോ പരിപാടികൾ ഓൺലൈനിലൂടെ നടത്തി ജീവിക്കുന്ന തെൻറ മകനെ ഗായകനാക്കിയതിൽ എസ്.പി.ബിയോടുള്ള കടപ്പാട് പറഞ്ഞാൽ തീരാത്തതാണെന്ന് കാർത്തികിെൻറ പിതാവ് കുമാർ പറഞ്ഞു. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് കാർത്തിക് ഇപ്പോൾ.
''നികത്താനാവാത്ത നഷ്ടം''
ദുബൈ: എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ വിയോഗം സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവർ പറഞ്ഞു.
വിവിധ ഇന്ത്യൻ ഭാഷകളിൽ നാദമാധുര്യം പകർന്ന എസ്.പി.ബി സംഗീതത്തിന് നൽകിയ സംഭാവനകൾ അമൂല്യമാണ്. മലയാളത്തിലും നിരവധി ഗാനങ്ങൾ പാടിയ അദ്ദേഹം മാപ്പിളപ്പാട്ടിനും തെൻറ സ്വരസൗന്ദര്യം പകർന്നിട്ടുണ്ട്. ഭാഷ- ദേശങ്ങൾക്കപ്പുറം സ്നേഹച്ചരട് തീർക്കാൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ ഗാനങ്ങൾക്ക് സാധിച്ചു എന്നതാണ് പ്രത്യേകതയെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.