അരങ്ങിൽ പൊള്ളുന്ന കാഴ്ചകളൊരുക്കി പ്രദീപ് കുമാർ കാവുന്തറ
text_fieldsനടുവണ്ണൂർ: കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകകൃത്തിനുള്ള പുരസ്കാരം പ്രദീപ്കുമാർ കാവുന്തറക്ക്. ഇത് എട്ടാംതവണയാണ് പ്രദീപിനെ തേടി മികച്ച നാടകകൃത്തിനുള്ള പുരസ്കാരം എത്തുന്നത്.
‘പണ്ട് രണ്ട് കൂട്ടുകാരികൾ’ എന്ന നാടകത്തിനാണ് അവാർഡ്. കോഴിക്കോട് രംഗമിത്രക്ക് വേണ്ടിയാണ് ഈ നാടകമെഴുതിയത്. നാടകം മാത്രമല്ല, ഇദ്ദേഹത്തിന്റെ തട്ടകം. സിനിമയിലും സീരിയലിലും ഈ കലാകാരൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയടുത്ത് ഇറങ്ങിയ ‘പടച്ചോനെ ങ്ങള് കാത്തോളി’ എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചത് ഇദ്ദേഹമാണ്.
സൂര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ആനന്ദരാഗത്തിന്റെ തിരക്കഥയും സംഭാഷണവും ഇദ്ദേഹത്തിന്റെതാണ്. പുരസ്കാരം ലഭിച്ച നാടകം സമകാലിക ലോകത്തിന്റെ നേർക്കാഴ്ചയാണ് അവതരിപ്പിക്കുന്നത്. വളർന്നുവരുന്ന വർഗീയാവസ്ഥകളെ ഹൃദയസ്പർശിയായി അരങ്ങിൽ അവതരിപ്പിച്ച നാടകമാണ് ‘പണ്ട് രണ്ട് കൂട്ടുകാരികൾ’.
ശാരദയും സാബിറയും എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെ സാമൂഹിക രാഷ്ട്രീയ നേരനുഭവങ്ങളെ പൊള്ളുന്ന കാഴ്ചാനുഭവങ്ങളായി അവതരിപ്പിക്കുകയാണ്. നാടകത്തിന്റെ കരുത്ത് ചോരാതെ വിഷയത്തിലൂന്നി ദൃശ്യവിസ്മയം തീർക്കുന്ന രചനാരീതിയും മനുഷ്യപക്ഷം ചേർന്നുള്ള പ്രമേയങ്ങളും നാടകപ്രേമികൾക്ക് എന്നും പ്രദീപ് കുമാർ കാവുന്തറയെ പ്രിയപ്പെട്ടവനാക്കുന്നു.
കോഴിക്കോട് സങ്കീർത്തനക്കായി ചിറക്, അമ്പലപ്പുഴ സാരഥിക്കായി രണ്ടു ദിവസം, കൊല്ലം ആവിഷ്കാരക്കായി സാധാരണക്കാരൻ എന്നിവയും ഇദ്ദേഹത്തിന്റെ പുതിയ നാടകങ്ങളാണ്. എട്ടാം തവണയും അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നാടിന്റെ അകമാണ് നാടകത്തിലൂടെ താൻ പറയുന്നതെന്നും പ്രദീപ് കുമാർ കാവുന്തറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.