കെ.ജി.കെ കുറുപ്പ്; അടിയന്തരാവസ്ഥക്കാലത്ത് രാജനെ കസ്റ്റഡിയിലെടുത്തെന്ന് ആദ്യം രേഖപ്പെടുത്തിയ പൊലീസ് ഓഫിസർ
text_fieldsകോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് റീജനൽ എൻജിനീയറിങ് കോളജ് വിദ്യാർഥി രാജനെ കസ്റ്റഡിയിലെടുത്തെന്ന് ആദ്യമായി ഔദ്യോഗിക തലത്തിൽ രേഖപ്പെടുത്തിയ പൊലീസ് ഓഫിസറാണ് തിങ്കളാഴ്ച ഓർമയായ റിട്ട. പൊലീസ് സൂപ്രണ്ട് കെ.ജി.കെ. കുറുപ്പ്.
ഏറെ കോളിളക്കമുണ്ടാക്കുകയും മുഖ്യമന്ത്രി കെ. കരുണാകരന് രാജിവെക്കേണ്ടി വരികയും ചെയ്ത രാജൻ കൊലക്കേസിൽപോലും നിർണായക തെളിവായി ആ രേഖപ്പെടുത്തൽ മാറിയെന്നതും ചരിത്രമാണ്. പൗരാവകാശങ്ങൾ റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥയിൽ 'പൊലീസ് രാജിന്റെ' ഭാഗമായി നക്സലൈറ്റുകളെന്ന് സംശയിക്കുന്നവരെയെല്ലാം വ്യാപകമായി കസ്റ്റഡിയിലെടുത്തിരുന്നു.
ആരോടും ഒന്നും പറയാതെ പൊലീസ് പിടിച്ചുകൊണ്ടുപോയ കരാള നാളുകൾ. ഇത്തരക്കാരെ പാർപ്പിക്കാനും ചോദ്യം ചെയ്യാനുമായി ജില്ലയിൽ കക്കയത്താണ് ക്യാമ്പൊരുക്കിയത്. മലബാർ സ്‍പെഷൽ പൊലീസിനെ നിയോഗിച്ച ക്യാമ്പിന്റെ ചുമതല ഡി.ഐ.ജി ജയറാം പടിക്കലിനായിരുന്നു.
അടിയന്തരാവസ്ഥക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകൾക്കുനേരെ നക്സലൈറ്റ് ആക്രമണമുണ്ടായി. അതിനാൽത്തന്നെ കസ്റ്റഡിയിലെടുക്കുന്നവരോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത്. ആരൊക്കെ പിടിയിലായി എന്നുപോലും ആർക്കും അറിയില്ല.
എന്നാൽ, ഈ സമയം കസ്റ്റഡിയിലുള്ളവരുടെ പൂർണ വിവരങ്ങൾ അറിയാവുന്നവരിൽ ചുരുക്കംപേരിലൊരാളായിരുന്നു കുറുപ്പ് എന്നാണ് അന്നത്തെ സഹപ്രവർത്തകരായ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.
സംസ്ഥാന സ്‍പെഷൽ ബ്രാഞ്ചിന്റെ (രഹസ്യാന്വേഷണ വിഭാഗം) ജില്ലയിലെ ഡിവൈ.എസ്.പിയായിരുന്നു അന്ന് അദ്ദേഹം. അതിനാൽ വിവരങ്ങൾ നേരിട്ട് അന്വേഷിച്ച് റിപ്പോർട്ടാക്കി ഡി.ഐ.ജിക്ക് കൈാമാറേണ്ട ചുമതല വഹിച്ചത് അദ്ദേഹമാണ്. കുറുപ്പ് അയക്കുന്ന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഐ.ജി അടുത്ത ദിവസം മുഖ്യമന്ത്രി കെ. കരുണാകരനെ ധരിപ്പിക്കുകയായിരുന്നു പതിവെന്നും ആദ്യകാല ഉദ്യോഗസ്ഥർ പറയുന്നു.
കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു പിന്നിൽ നക്സലൈറ്റായ ഒരു രാജനുണ്ടെന്ന് വിവരമുണ്ടായിരുന്നു. ഈ സംശയത്തിലാണത്രെ ചാത്തമംഗലത്തെത്തി രാജനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, മുഖ്യമന്ത്രി കെ. കരുണാകരനെ വേദിയിലിരുത്തി പരിഹസിച്ച് പാട്ടുപാടിയതിലുള്ള വിരോധമാണ് രാജനെ കസ്റ്റഡിയിലെടുക്കാൻ കാരണമായതെന്നും പറയപ്പെടുന്നു.
1976 മാർച്ച് ഒന്നിന് പുലർച്ച 6.30ന് രാജനെ കസ്റ്റഡിയിലെടുത്ത് ക്യാമ്പിലെത്തിക്കുകയായിരുന്നു. പിന്നീട് ക്രൂരമർദനത്തിനൊടുവിൽ കൊല്ലപ്പെട്ട വിവരവും ഔദ്യോഗിക തലത്തിൽ തിരുവനന്തപുരത്തറിയിച്ചതും കുറുപ്പ് എന്ന പൊലീസ് ഓഫിസറാണ്.
എന്നാൽ, രാജൻ കസ്റ്റഡിയിലുള്ള വിവരം ഇദ്ദേഹം റിപ്പോർട്ട് ചെയ്തെങ്കിലും ഇത് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടവർ അറിയിച്ചിരുന്നോ എന്നതിൽ സംശയമുണ്ട്. ഒരുപക്ഷേ, പറഞ്ഞില്ലായിരിക്കാം, അതാണ് നിയമസഭയുടെ മുമ്പാകെ കസ്റ്റഡിയിലെടുത്തില്ലെന്ന് അദ്ദേഹം പറയാനിടയായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ കരുണാകരന്റെ രാജിയും പിന്നീടുണ്ടായി. പഴയ മദിരാശി സംസ്ഥാനത്തിൽ 1950ൽ സബ് ഇൻസ്‌പെക്ടറായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് സംസ്ഥാന പുനഃസംഘടനക്കുശേഷം കേരള പൊലീസ് സേനയുടെ ഭാഗവുമായ കുറുപ്പിന് രാഷ്ട്രപതിയുടെ ഉൾപ്പെടെ മെഡലുകൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.