ഖാലിദ് അൽ അമേരി; ഒരു സ്നേഹനിർഭരമായ സ്വാധീനം
text_fieldsസാമൂഹിക മാധ്യമ ഇടപെടലിലൂടെ ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഇമാറാത്തി ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി മലയാളിക്കിന്ന് സുപചിരിതനാണ്. മമ്മൂട്ടി എന്ന മഹാനടനുമുന്നിൽ മനോഹരമായിരുന്ന് സംസാരിക്കുന്ന അഭിമുഖകാരനായും, കടത്തനാട് മീനാക്ഷിയമ്മക്കൊപ്പം കളരിപ്പയറ്റ് നടത്തിയും, തൃശൂർ പൂരമെന്ന മഹാമേളയെ ലോകത്തിന് പരിചയപ്പെടുത്തിയും ആ ഇമാറാത്തി മലയാളിയെ അൽഭുതപ്പെടുത്തി. ലോക സഞ്ചാരം നടത്തുന്ന ഒരു വ്ലോഗറായി മാത്രമല്ല, ചരിത്രത്തോളം പഴക്കമുള്ള അറബ് നാടും കേരളവും തമ്മിലെ ഇഴയടുപ്പത്തെ അടയാളപ്പെടുത്തുന്ന പുതുകാലത്തെ മനോഹര ജീവിതാവിഷ്കാരമായാണ് ഖാലിദ് അടയാളപ്പെടുത്തപ്പെടുന്നത്. യു.എ.ഇയും ഇന്ത്യയുമായുള്ള പാരസ്പര്യത്തെ ശക്തിപ്പെടുത്തിയ സാമൂഹിക മാധ്യമ ഇടപെടലുകൾ അദ്ദേഹത്തിന്റേതായി നിരവധിയുണ്ട്.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഖാലിദ് പകർത്തിയ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് പ്രേക്ഷകരിലേക്കാണ് എത്തിയത്. പലതവണ കേരളം സന്ദർശിച്ച അദ്ദേഹം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഭക്ഷണ വൈവിധ്യങ്ങളും ഓണമടക്കം മലയാളത്തിലെ ആഘോഷങ്ങളും ലോകത്തിന് മുന്നിൽ എത്തിച്ചു.
സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദം നേടിയ അദ്ദേഹം മാധ്യമ പ്രവർത്തകനായാണ് കരിയർ ആരംഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഖാലിദ് അൽ അമീരി, യു.എ.ഇയിൽ തന്നെയുള്ള കാഴ്ചകളും രീതികളും പരിചയപ്പെടുത്തിയാണ് വ്ലോഗിങ് തുടങ്ങിയത്.
പിന്നീട് സാമൂഹികവും സാംസ്കാരികവുമായ സന്ദേശങ്ങൾ ഉയർത്തിക്കാട്ടുന്ന നിരവധി വിഡിയോകളിലൂടെ പ്രശസ്തനായി. പ്രളയകാലത്ത് കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിഡിയോ ചെയ്തിരുന്നു. യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തെ കുറിച്ചും ഖാലിദ് ചെയ്ത വിഡിയോകൾ ശ്രദ്ധനേടുകയുണ്ടായി.
വളർന്നത് മലയാളിയെ അറിഞ്ഞ്
മമ്മൂക്കയും തലശ്ശേരി ബിരിയാണിയും പൊറോട്ടയും എല്ലാ മലയാളികളോളം തന്നെ സ്വകാര്യ ഇഷ്ടങ്ങളായി കൊണ്ടുനടക്കുകയാണ് ഇമാറാത്തി സോഷ്യൽമീഡിയ താരം ഖാലിദ് അൽ അമീരി. ലോകത്താകമാനം ആരാധകരുണ്ടെങ്കിലും മലയാളിയും മലയാളിയുടെ ഇഷ്ടങ്ങളും എന്നും സ്പെഷ്യലാണ് അമീരിക്ക്. അതുകൊണ്ടാണ് മമ്മൂട്ടിയെ അതിഭംഗിയായി അഭിമുഖം നടത്തി ഒന്നുകൂടി കേരളക്കരയുടെ ഇഷ്ടം അരക്കിട്ടുറപ്പിച്ചത്.
യു.എ.ഇയുടെ വളർച്ചയിലും സാംസ്കാരിക-സാമ്പത്തിക പുരോഗതിയിലും മലയാളി സമൂഹത്തിന്റെ സ്വാധീനവും സംഭാവനയും ചെറുതല്ലെന്ന് അമീരി തുറന്നുപറയുന്നു. വ്യത്യസ്ത സംസ്കാരങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന മനോഹരമായ സമൂഹമാണ് യു.എ.ഇയിലുള്ളത്. അവിടുത്തെ ഏറ്റവും വലിയൊരു വിഭാഗമാണ് മലയാളികളെന്നും താൻ മലയാളികൾക്കൊപ്പം വളർന്ന വ്യക്തിയാണെന്നും വളരെ അഭിമാനത്തോ
ടെയാണ് അമീരി പറഞ്ഞുവക്കുന്നത്. ഈ രാജ്യത്തിന്റെ തൊഴിൽമേഖലയിലും വിദ്യാഭ്യാസത്തിലും സംസ്കാരത്തിലുമെല്ലാം മലയാളികൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മലയാളികളോടൊപ്പമാണ് ഞങ്ങൾ വളർന്നത്. അതിനാലാണ് അവരുടെ സ്നേഹവും സംസ്കാരവും ഇത്രയേറെ ആസ്വദിക്കുന്നത്. മലയാള രുചികളും ഏറെ ഇഷ്ടമാണ്. മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ കഴിയുന്നത് തന്നെ അഭിമാനകരമാണ് -ഖാലിദ് ‘ഗൾഫ് മാധ്യമ’ത്തോട് മനസുതുറന്നു.
മലയാള സിനിമകളോട് ഒരുപാടിഷ്ടം
ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ലൂസിഫർ, ആവേശം, ആയിശ തുടങ്ങി ഈയടുത്ത് ഇറങ്ങിയ മലയാള സിനിമകളെല്ലാം ഖാലിദ് കണ്ടിട്ടുണ്ട്. ആയിശ സിനിമയിലെ നായിക മഞ്ജുവാര്യരെ പരിചയപ്പെട്ടിരുന്നു. അവരൊരു ഗംഭീര നടിയാണെന്നും മലയാളികളുടെ പ്രിയ നടിയെക്കുറിച്ച് അദ്ദേഹം ആവേശത്തോടെ പറയുന്നു.
മലയാള സിനിമകളോട് ഇഷ്ടം മാത്രമല്ല, അതിന്റെ പുതിയ കാലത്തെ വളർച്ചയിൽ അഭിനന്ദനവും അറിയിക്കുന്നുണ്ട് ഖാലിദ്. ഈ വർഷം ഗംഭീര സിനിമകളാണ് മലയാളത്തിൽ ഇറങ്ങിയത്. ആടുജീവിതം വളരെ മികച്ച സിനിമയാണ്. വളരെ ബുദ്ധിമുട്ടുള്ള വേഷമാണ് അതിൽ പൃഥ്വിരാജ് കൈകാര്യം ചെയ്തിരിക്കുന്നത്. ശരീരവും മനസുമെല്ലാം അതിനുവേണ്ടി അദ്ദേഹം മാറ്റിയെടുത്തു. അത്തരം സിനിമകൾ തിനിക്കൊരുപാടിഷ്ടമാണ് -ഖാലിദ് പറയുന്നു.
നല്ല ഉള്ളടക്കവും സുഖകരമായ കഥപറച്ചിലുമാണ് ഇന്ത്യൻ സിനിമയെ, പ്രത്യേകിച്ച് മലയാള സിനിമയെ മികച്ചതാക്കുന്നതെന്നാണ് ഖാലിദിന്റെ അഭിപ്രായം. മികവ് കാണിക്കുന്ന മലയാള സിനിമയെ ലോകം മുഴുവൻ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാൻ മലയാള സിനിമക്ക് കഴിയുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
പേടിച്ചു ചെയ്ത മമ്മൂക്ക അഭിമുഖം
മലയാളി ആഘോഷമാക്കിയ മമ്മൂട്ടിയുമായുള്ള അഭിമുഖത്തിൽ വളരെ ആഹ്ലാദവാനാണ് ഖാലിദ്. കരിയറിൽ വളരെയധികം നേട്ടങ്ങൾ കൈവരിച്ച മനുഷ്യനോടാണ് സംസാരിക്കുന്നതെന്ന് അറിയാമായിരുന്നതിനാൽ അൽപം ടെൻഷനും പേടിയുമുണ്ടായിരുന്നു. എന്നാൽ ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചിട്ടും വളരെ എളിമയുള്ള മനുഷ്യനാണ് മമ്മൂട്ടിയെന്നാണ് ഖാലിദിന്റെ അനുഭവസാക്ഷ്യം. ജീവിതത്തെയും പ്രൊഫഷനേയും വെല്ലുവിളികളേയും കുറിച്ചെല്ലാം അഭിമുഖത്തിനിടെ മമ്മൂക്ക നൽകിയ ഉത്തരങ്ങൾ വളരെ ലളിതമായിരുന്നു. ലോകത്തെയും ജീവിതത്തെയും ജോലിയേയും കുറിച്ച് അദ്ദേഹം ചിന്തിക്കുന്ന രീതിയും സമീപനവും വളരെ വ്യത്യസ്തമാണ്.
വളരെ പ്രതിബദ്ധതയുള്ള ഒരു വ്യക്തിത്വം. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും ഇപ്പോഴും പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴും നിങ്ങളെയും എന്നെയും മറ്റെല്ലാവരെയും പോലെ സാധാരണ മനുഷ്യനാണ്. സാധാരണക്കാരനെപോലെ തന്നെ ചിന്തിക്കുന്നു. ഇപ്പോഴും സ്വപ്നങ്ങളും വെല്ലുവിളികളും ആഗ്രഹങ്ങളും ഉള്ള മനുഷ്യനാണ് മമ്മൂട്ടി -ഖാലിദ് പറയുന്നു.
തലശ്ശേരി ബിരിയാണി പ്രേമം!
കേരളീയ ഭക്ഷണവും അറബ് ഭക്ഷണവും ഒരുപോലെ ഇഷ്ടപ്പെടുന ഖാലിദിന് ബിരിയാണിയാണ് ഏറ്റവും ഇഷ്ടപ്പെട്ട കേരളീയ ഭക്ഷണം. അതിൽതന്നെ തലശ്ശേരി ബിരിയാണിയോട് പ്രത്യേക ഇഷ്ടമാണ്. ‘സുബിനേളജി’ എന്ന പേരിൽ സേഷ്യൽമീഡിയയിൽ പ്രശസ്തനായ സുബിൻ ആണ് കേരളത്തിലെത്തിയപ്പോൾ
ഖാലിദിന്റെ ഇഷ്ടരുചികളിലേക്ക് തലശ്ശേരി ബിരിയാണിയെ കൂട്ടിച്ചേർക്കാൻ കാരണക്കാരനായത്. മലയാളിയുടെ ‘ദേശീയ ഭക്ഷണം’ പൊറോട്ടയും ഖാലിദിന് പ്രിയപ്പെട്ടതാണ്. കുഞ്ഞായിരിക്കുമ്പോൾ പിതാവിന്റെ കൂടെ കഫ്തീരിയയിൽ പോയി കീമ പെറോട്ടയും, ബീഫും പൊറോട്ടയും കഴിക്കുമായിരുന്നെന്ന് ഓർത്തെടുക്കുന്നു. മലയാളികളോടുള്ള പ്രത്യേക ഇഷ്ടത്തിന് മലയാള രുചികൾ വലിയ കാരണമായെന്നും ഖാലിദ് പറയുന്നു.
സന്ദർശനത്തിനും വീഡിയോ ഷൂട്ടിനും മറ്റുമെല്ലാമായി ഇന്ത്യയിൽ പലയിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിനോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് അദ്ദേഹത്തിന്. കേരളം എപ്പോഴും തനിക്ക് സ്പെഷ്യലാണ്. അതിനൊരു കാരണം, ഇന്ത്യയിൽ താൻ ആദ്യം സന്ദർശിച്ചത് കേരളമാണെന്നതാണ്. കേരളത്തിലുടനീളം ഞാൻ യാത്രചെയ്തു. അവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. അവിടെയുള്ള തേയിലത്തോട്ടങ്ങളും കുന്നുകളും മലകളും സന്ദർശിച്ചു. ലോകത്താകമാനം പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. അവരെല്ലാം ചിന്തിക്കുന്നത് ഇന്ത്യ ഒരൊറ്റ സ്വഭാവത്തിലുള്ള ഒരേ ഒരു ഭാഷ സംസാരിക്കുന്ന രാജ്യമാണെന്നാണ്. എന്നാൽ അങ്ങനെയല്ല- വ്യത്യസ്ത നഗരങ്ങൾ, സംസ്ഥാനങ്ങൾ, ഭക്ഷണം, ഭാഷകൾ, സംസ്കാരങ്ങൾ, ചരിത്രം.. എന്നിങ്ങനെ ഇന്ത്യ വ്യത്യസ്തമാണ്. അതിനാൽതന്നെ ഓരോ തവണ ഇന്ത്യ സന്ദർശിക്കുമ്പോഴും വളരെ വ്യത്യസ്ത അനുഭവങ്ങളാണ് ലഭിക്കാറെന്നും ലോക സഞ്ചാരികൂടിയായ ഖാലിദ് വാചാലനാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.