അയ്യപ്പന്റെ പട്ടങ്ങൾക്ക് പകിട്ടേറെ
text_fieldsആലപ്പുഴ: ആകാശത്ത് പാറിപറക്കുന്ന വ്യത്യസ്തങ്ങളായ വർണപ്പട്ടങ്ങൾക്ക് പിന്നിൽ ആലപ്പുഴക്കാരൻ അയ്യപ്പന്റെ കൈയൊപ്പുണ്ട്. ഓണക്കാലത്ത് ‘കച്ചവടം’ പൊടിപൊടിക്കാൻ ആലപ്പുഴ പഴവീട് ചെല്ലാട്ട് ലൈൻ ‘ധൻചിൽ’ വാടകവീട്ടിൽ വിശ്രമമില്ലാതെയാണ് പ്ലാസ്റ്റിക് പട്ടങ്ങളുടെ നിർമാണം. ചെറുപ്രായത്തിൽ പട്ടത്തിനോട് തോന്നിയ ‘പ്രണയം’ ജീവതോപാധിയായി മാറിയെന്നതാണ് സത്യം. വർണക്കടലാസിൽ തിളങ്ങുന്ന പ്ലാസ്റ്റിക് പട്ടമാണ് ഏറെയും നിർമിക്കുന്നത്. ഓണക്കാലത്ത് വിവിധ കടകളിലേക്ക് വിൽപനക്ക് മാത്രം 1500 എണ്ണമാണ് നൽകിയത്.
പച്ച, ചുവപ്പ്, നീല, സ്വർണ നിറങ്ങളിൽ പുതുമയും കാഴ്ചഭംഗിയുമുള്ള പട്ടങ്ങൾക്ക് മാജിക്, പോക്കറ്റ്, ചിത്രശലഭം, മച്ചാൻ, ഒറ്റ എന്നീ പേരുകളുണ്ട്. വാനിലേക്കുയർന്നശേഷം കോണിൽ പതിച്ച സ്റ്റിക്കർ വിട്ടുപോയി പേപ്പറുകൾ പൊഴിയുന്നതാണ് മാജിക് പട്ടത്തിന്റെ സവിശേഷത. ഷർട്ടിന്റെ പോക്കറ്റിന്റെ രൂപത്തിൽ കോണിന്റെ ഇരുവശത്തും ചതുരാകൃതിയിൽ തീർത്ത പോക്കറ്റുകളിൽ മിനുക്കം നിറയുന്ന പോക്കറ്റ് പട്ടം. വവ്വാലിന്റെ രൂപസാദൃശ്യമുള്ള മച്ചാൻപട്ടവും ചതുരാകൃതിയിലുള്ള ഒറ്റപ്പട്ടവുമാണ് ഏറ്റവും കൂടുതൽ ചെലവാകുന്നത്. പട്ടത്തിന്റെ നടുവിൽ ചിത്രശലഭം ഉള്ളതാണ് മറ്റൊന്ന്.
ഓരോന്നും മാർക്കറ്റിൽ വിൽക്കുന്നത് 30 രൂപക്കാണ്. കടക്കാർക്ക് 15രൂപക്കാണ് നൽകുന്നത്. 25 എണ്ണത്തിന്റെ കെട്ടുകളിൽ അഞ്ച് നിറമുണ്ടാകും. മാർക്കറ്റിലെ 20ലധികം കടക്കാർക്ക് സ്ഥിരമായി നൽകുന്നുണ്ട്. ഇതിനൊപ്പം പെരുന്നാൾ ആഘോഷത്തിന് എത്തുന്ന കച്ചവടക്കാരുടെ പട്ടം വിൽപനയും തകൃതിയാണ്. ന്യൂസ് പേപ്പറിന്റെ സാധാരണ പട്ടവും നിർമിക്കാറുണ്ട്. ഉടക്കിയാൽ നശിക്കുന്നതിനാൽ ആരും ചോദിച്ചെത്താറില്ല. ഓണത്തിന്റെ രണ്ടുമാസം മുമ്പാണ് പട്ടത്തിന്റെ വിൽപന തുടങ്ങിയത്. ഓണപ്പരീക്ഷ കഴിയുന്നതോടെ ആവശ്യക്കാരുടെ എണ്ണം കൂടും. കുട്ടികൾ മുതൽ പ്രായഭേദമന്യേ ആളുകൾ ചോദിച്ചെത്തുന്ന ‘പട്ടം’ സീസണില്ലാതെ കച്ചവടം ചെയ്യാനാകുമെന്നതാണ് പ്രത്യേകത. ആലപ്പുഴ കടപ്പുറത്ത് പട്ടം പറത്തൽ അനുവദിക്കാത്തത് നേരിയ തിരിച്ചടിയായിട്ടുണ്ട്. കുട്ടികളെ ആകർഷിക്കാൻ തീർക്കുന്ന ഓരോപട്ടത്തിന്റെയും നിർമാണത്തിന് സഹായിയായി ഭാര്യ ശാന്തിയും കൂടെയുണ്ട്. മക്കൾ: രേവതി എസ്. പിള്ള, ആശ എസ്. പിള്ള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.