നാടകത്തെ പ്രണയിച്ച് കൃഷ്ണൻ
text_fieldsചെറുവത്തൂർ: ജീവിതത്തോട് മല്ലിടുമ്പോഴും നാടകത്തെ പ്രണയിച്ച് കൃഷ്ണൻ. അമ്പതോളം നാടകങ്ങളിൽ വേഷമിട്ട പിലിക്കോട് ചൂരിക്കൊവ്വലിലെ കെ. കൃഷ്ണനാണ് ജീവിത സായാഹ്നത്തിലും നാടകത്തെ പ്രണയിച്ച് കഴിയുന്നത്. നർമം ചാലിച്ച നിരവധി കഥാപാത്രത്തിലൂടെ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ കലാകാരൻ 1972 മുതൽ നാടക രംഗത്ത് സജീവമാണ്.
പിലിക്കോട് കാലിക്കടവിലെ പഞ്ചായത്ത് സ്റ്റേജിൽ റെഡ് സ്റ്റാർ കലാസമിതിയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയിരുന്ന പല നാടകങ്ങളിലും ഹാസ്യ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത് ഇദ്ദേഹമായിരുന്നു. കേട്ടും പറഞ്ഞുമാണ് ഇദ്ദേഹം സംഭാഷണങ്ങൾ മന:പാഠമാക്കിയിരുന്നത്. അഭിനയ മികവ് കൊണ്ട് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഇദ്ദേഹത്തെ തേടി പല നാടക ട്രൂപ്പുകളും എത്തിയിട്ടുണ്ട്.
ക്ലബ്ബുകളുടെ ഓണാഘോഷങ്ങളിലെ 'ബഡായി പറച്ചിൽ' മത്സരത്തിലെ ഒന്നാം സ്ഥാനക്കാരനുമാണ്. റെഡ് സ്റ്റാർ കലാസമിതി, രമ്യ ഫൈൻ ആർട്സ് സൊസൈറ്റി, ദേശം ആർട്സ് ക്ലബ് തുടങ്ങിയവയുടെ രൂപവത്കരണത്തിൽ മുഖ്യപങ്കു വഹിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷം നാടകത്തിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് ഈ 68കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.