യാത്രക്കിടെ അബോധാവസ്ഥയിലായ വയോധികയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ
text_fieldsമുണ്ടക്കയം: യാത്രക്കിടെ ശാരീരിക അസ്വസ്ഥത ഉണ്ടായ വയോധികയുമായി കെ.എസ്.ആർ.ടി.സി ബസ് ചീറിപ്പാഞ്ഞത് സർക്കാർ ആശുപത്രിയിലേക്ക്. ശനിയാഴ്ച ഉച്ചക്ക് 2.20ന് ചെമ്മണ്ണാർ ബോർഡ് െവച്ച കെ.എസ്.ആർ.ടി.സി ബസ് മുണ്ടക്കയത്ത് ദേശീയപാതയിൽ നിന്ന് തിരിഞ്ഞ് ആശുപത്രി റോഡിലേക്ക് കയറിയപ്പോൾ കാഴ്ചക്കാർ കരുതിയത് വഴിതെറ്റിയതാണെന്നാണ്. എന്നാൽ, ഹോണടിച്ച് ലൈറ്റ് ഇട്ട വന്ന ബസ് മുണ്ടക്കയം ആശുപത്രിയിലാണ് നിർത്തിയത്.
ജീവനക്കാർ ഓടിയെത്തി രോഗിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. മണർകാട് പള്ളിയിൽപോയി കട്ടപ്പനയിലേക്ക് മടങ്ങിയതായിരുന്നു വീട്ടമ്മയും മാതാവും മകളും. ചിറ്റടി ജങ്ഷനിലെത്തിയപ്പോഴാണ് വയോധികയായ മാതാവിന് തളർച്ച അനുഭവപ്പെട്ടത്. ഇവരെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഉടൻ ബസ് കണ്ടക്ടർ പത്തനംതിട്ട പ്രമാടം സ്വദേശി കെന്തലയിൽ അരുൺ എസ്. ധരൻ, ഡ്രൈവർ ആർപ്പൂക്കര കൊച്ചുപറമ്പിൽ കെ.എ. പ്രമോദ് എന്നിവർ യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. രക്തസമ്മർദം കുറഞ്ഞ യാത്രക്കാരിക്ക് മറ്റ് പ്രശ്നങ്ങളിെല്ലന്ന് ഉറപ്പാക്കിയശേഷമാണ് ബസ് യാത്ര തുടർന്നത്. ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലെ ആത്മസംതൃപ്തിയിലാണ് തങ്ങളെന്ന് ഡ്രൈവറും കണ്ടക്ടറും ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.