കെ.എസ്.ആർ.ടി.സി കുതിച്ചു; ജീവന്റെ വിലയുള്ള ഏഴുകിലോമീറ്റർ
text_fieldsചെറുപുഴ: സമയം ബുധനാഴ്ച രാവിലെ ഒമ്പത്. നിറയെ യാത്രക്കാരുമായി പയ്യന്നൂര്‍ -കോഴിച്ചാല്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്. ചെറുപുഴ ഭാഗത്തെ സ്കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരും ബാങ്കുകളിലെയും സര്‍ക്കാര്‍ ഓഫിസുകളിലെയും ജീവനക്കാരുമടക്കം കൃത്യസമയത്ത് എത്തേണ്ടവരാണ് ബസിൽ കൂടുതലും.
ബസ് പാടിയോട്ടുചാല്‍ ടൗണ്‍ വിട്ടപ്പോൾ പൊടുന്നനെയാണ് യാത്രക്കാരനായ ബാങ്കുദ്യോഗസ്ഥൻ കുഴഞ്ഞുവീണത്. കണ്ടക്ടർ പി.വി. നിഷ കാര്യം അറിയിച്ചപ്പോൾ ഡ്രൈവർ പി.കെ. സുഭാഷിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായി.
ഗുരുതരാവസ്ഥ മനസ്സിലാക്കിയ യാത്രക്കാരും ബസ് ജീവനക്കാരോട് സഹകരിക്കാന്‍ തയാറായതോടെ ബസ് കുതിച്ചു. ചികിത്സ ഉറപ്പാക്കാന്‍ ബസ് നിർത്താതെ ഓടിയത് ഏഴു കിലോമീറ്ററാണ്. അഞ്ചു സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസ് ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലേക്ക് കുതിച്ചെത്തി. ബസില്‍നിന്ന് രോഗിയെ ഇറക്കി ചികിത്സ ഉറപ്പാക്കിയപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്. മറ്റു യാത്രക്കാര്‍ക്ക് ഓഫിസുകളിലെത്തേണ്ടതിനാല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ സഹപ്രവര്‍ത്തകരെ വിവരമറിയിച്ചശേഷം ബസുമായി ജീവനക്കാര്‍ യാത്ര തുടര്‍ന്നു.
തിരക്കേറിയ സമയത്തായിരുന്നിട്ടും യാത്രക്കാര്‍ സഹകരിച്ചതിനാലാണ് ഒരാളുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. പയ്യന്നൂര്‍ പെരുമ്പ സ്വദേശിയാണ് ഡ്രൈവറായ പി.കെ. സുഭാഷ്. കണ്ടക്ടറായി ഡ്യൂട്ടിയിലുണ്ടായിരുന്നത് പയ്യന്നൂരുകാരി പി.വി. നിഷയും. ആശുപത്രിയിലെത്തിച്ച ബാങ്കുദ്യോഗസ്ഥന് അപകടനില തരണംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.