കാൽ തളർന്നാലും തളരില്ല മനസ്സ്
text_fieldsകൂറ്റനാട്: മുചക്ര വാഹനത്തിൽ ഖത്തർ ലോകകപ്പ് സ്റ്റേഡിയത്തിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി കുഞ്ഞാൻ (40) ചാലിശ്ശേരിയിൽ കളിമുറ്റത്തെത്തിയത് കായിക പ്രേമികൾക്ക് ആവേശം പകർന്നു. ഞായറാഴ്ച ചാലിശേരി സോക്കർ അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് അവസാന സെമി ഫൈനൽ മത്സരത്തിൽ വിശിഷ്ടാതിഥിയായി ടീമംഗങ്ങളെ പരിചയപ്പെടാനാണ് കുഞ്ഞാൻ എത്തിയത്.പെരിന്തൽമണ്ണ താഴേക്കോട് കിഴക്കേക്കര വീട്ടിൽ മുഹമ്മദ് കുട്ടി-കദീജ ദമ്പതികളുടെ മകൻ കുഞ്ഞാന് രണ്ട് വയസിലാണ് പോളിയോ ബാധിച്ച് കാലിന്റെ ചലനശേഷി നഷ്ടമായത്. ചെറുപ്രായത്തിൽ കാൽപന്തുകളിയോട് പ്രണയം തോന്നിയ ഇദ്ദേഹത്തിന് ഫുട്ബാൾ ജീവനു തുല്യമാണ്.
പരിമിതികൾ മറികടന്ന് 38ാം വയസ്സിൽ ഇരുചക്ര വാഹനത്തിൽ ഫിഫ ലോകകപ്പിൽ ഖത്തർ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ജർമനി-സ്പെയിൻ, ബ്രസീൽ-കൊറിയ മത്സരങ്ങൾക്കുമുമ്പ് ടീമിനൊപ്പം മൈതാനത്തിറങ്ങുകയും ഇഷ്ട താരം നെയ്മറിനോടൊപ്പം ബ്രസീൽ ടീമംഗങ്ങളെയും നേരിൽക്കണ്ടതോടെ കുഞ്ഞാൻ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ സൂപ്പർ താരമായി. ഖത്തറിൽ 13 മത്സരങ്ങൾ നേരിട്ട് കാണുകയും ചെയ്തു.
നാട്ടിലെത്തിയശേഷം ഫുട്ബാൾ ടൂർണമെന്റുകളുടെ ഉദ്ഘാടകനായും വിശിഷ്ടാതിഥിയായും തിരക്കിലാണ് കുഞ്ഞാൻ. നവമാധ്യമങ്ങളിൽ സജീവമായ കുഞ്ഞാന് നിറയെ ആരാധകരുമുണ്ട്. സംഘാടക സമിതി ചെയർമാൻ വി.വി. ബാലകൃഷ്ണൻ , കൺവീനർ എം.എം. അഹമ്മദുണ്ണി, ട്രഷറർ ജ്യോതിദേവ് എന്നിവർ ചേർന്ന് കുഞ്ഞാനെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.