ഇനി കുഞ്ഞാമന് എതിരില്ല; എതിരാളികളും
text_fieldsതിരുവനന്തപുരം: ‘‘മൂന്നാം ക്ലാസിൽ, കുട്ടികൾക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അധ്യാപകനുണ്ടായിരുന്നു. അദ്ദേഹം എന്നെ പേര് വിളിക്കില്ല. പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്കെഴുതി ‘പാണൻ പറയെടാ’ എന്നുപറയും.
സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു: ‘‘സാർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്നു വിളിക്കണം’’. ‘‘എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ’’ എന്നു ചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു. അയാൾ നാട്ടിലെ പ്രമാണിയാണ്. എവിടെയാ പുസ്തകം എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം. അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അമ്മയോട് കാര്യം പറഞ്ഞു, അവർ പറഞ്ഞു: ‘‘നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോനേ, നന്നായി വായിച്ചു പഠിക്കൂ’’. അന്ന് ഞാൻ സ്കൂളിലെ കഞ്ഞികുടി നിർത്തി. ഇനി എനിക്കു കഞ്ഞി വേണ്ട. എനിക്കു പഠിക്കണം. ‘‘ആ അധ്യാപകന്റെ മർദനം ജീവിതത്തിലെ വഴിത്തിരിവായി. കാരണം കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി’’ -‘എതിര് -ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം’ എന്ന ആത്മകഥയിൽ ഡോ.എം. കുഞ്ഞാമൻ എഴുതി.
ഒരു മനുഷ്യൻ ജാതിയുടെ പേരിൽ എത്ര ക്രൂരമായി അവഗണിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കുഞ്ഞാമൻ. ഒടുവിൽ അത്തരം അവഗണനകൾക്കെതിരായ മറുപടി 74ാം വയസ്സിൽ ആത്മഹത്യക്കുറിപ്പിലെ നാലുവരിയിലൊതുക്കുമ്പോൾ പുരോഗമന കേരളത്തിന് ഇനിയും കുഞ്ഞാമന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാനാകില്ല. ‘ജാതിവ്യവസ്ഥയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തിലൂടെ പി.കെ. ബാലകൃഷ്ണൻ പറഞ്ഞുവെച്ച ജാതി കേരളത്തിന്റെ തുടർച്ചയായിരുന്നു കുഞ്ഞാമന്റെ ‘എതിര്’. ബാലകൃഷ്ണൻ വിവരിച്ചത് ഭൂതകാല ചരിത്രമായിരുന്നെങ്കിൽ കുഞ്ഞാമന്റേത് വർത്തമാനകാല അനുഭവമാണ്. 14 വയസ്സുള്ളപ്പോൾ ജന്മി ഗൃഹത്തിൽ പട്ടിക്കൊപ്പം മണ്ണിൽ കുഴിച്ച് കഞ്ഞികുടിച്ചു വളർന്ന ബുദ്ധി, കലിക്കറ്റ് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയപ്പോൾ കേരളം അഭിമാനംകൊണ്ടു. റാങ്ക് കിട്ടിയപ്പോൾ കുഞ്ഞാമനെ അനുമോദിക്കാൻ മന്ത്രിമാരായ എം.എൻ. ഗോവിന്ദൻനായരും ടി.കെ. ദിവാകരനുമൊക്കെ പങ്കെടുത്ത സമ്മേളനം പാലക്കാട്ട് നടന്നു. പക്ഷേ, അന്ന് കിട്ടിയ സ്വർണമെഡൽ പാലക്കാട്ട് നിന്ന് വാടാനംകുറിശ്ശിയിലെ വീട്ടിലെത്തിയതിന്റെ പിറ്റേന്നുതന്നെ പണയം വെച്ചു. 10 ദിവസം കഴിഞ്ഞ് വിൽക്കുകയും ചെയ്തു. കുടുംബാംഗങ്ങളുടെ ചോരയും നീരും വറ്റിപ്പോയ ഉണക്ക ശരീരങ്ങൾക്ക് മുന്നിൽ ആ സ്വർണമെഡൽ അദ്ദേഹത്തിന് കാര്യമായി അനുഭവപ്പെട്ടിട്ടില്ല. ‘‘തലച്ചോറല്ല, വയറാണ് പ്രധാന അവയവം. ഭക്ഷണം കഴിക്കാത്തവന് അഭിമാനം എന്നൊന്നില്ല” -കുഞ്ഞാമൻ പറഞ്ഞിട്ടുണ്ട്.
റാങ്ക് കിട്ടിയിട്ടും കുഞ്ഞാമന് ജോലി ലഭിക്കാൻ രണ്ടുവർഷം കാത്തുനിൽക്കേണ്ടി വന്നു. സി.ഡി.എസിൽ ഗവേഷണ വിദ്യാർഥിയായിരിക്കുമ്പോൾ കേരള സർവകലാശാലയിൽ ലെക്ചറർ തസ്തികക്ക് അപേക്ഷിച്ചു. 32 അപേക്ഷകരിൽ ഒന്നാം റാങ്ക് കുഞ്ഞാമനായിരുന്നു. എന്നിട്ടും നിയമിച്ചില്ല. മറ്റൊരാളെ നിയമിച്ചു. സംഭവം പത്രവാർത്തയായപ്പോൾ സർവകലാശാല ഇക്കണോമിക്സ് വകുപ്പിൽ സൂപ്പർ ന്യൂമററി സംവരണ തസ്തികയുണ്ടാക്കിയാണ് കുഞ്ഞാമനെ നിയമിച്ചത്. ചണ്ഡാളൻ സിംഹാസനത്തിന് പിറകിലൂടെ മാത്രം വരണം എന്ന അധീശനിയമം പാലിക്കപ്പെട്ടാണ് ഒടുവിൽ കുഞ്ഞാമൻ കേരള സർവകലാശാലയിൽ അധ്യാപകനായത്.
തുടക്ക കാലത്തു കുറച്ചൊക്കെ ആഭിമുഖ്യം പുലർത്തിയ കമ്യൂണിസ്റ്റ് പാർട്ടികളെ പിന്നീട് അദ്ദേഹം നിരന്തരമായി ചോദ്യം ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഭരണം ലഭിച്ചിട്ടും അവർ അധഃസ്ഥിതരോട് നീതി കാട്ടിയില്ലെന്ന് പറയാൻ കുഞ്ഞാമന് യാതൊരു മടിയുമുണ്ടായില്ല. എ.കെ.ജി സെന്ററിലെത്തി ഇ.എം.എസിന്റെ മുന്നിൽ നടുനിവർത്തി കുഞ്ഞാമൻ പാർട്ടി നയങ്ങളെ വിമർശിച്ചു.
ദലിതർക്കു വേണ്ടി രാഷ്ട്രീയ സാമ്പത്തിക വികസന നയങ്ങൾ തീരുമാനിക്കാൻ പണ്ഡിതരെയും തമ്പുരാക്കന്മാരെയുമാണ് കേരളം തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ധിക്കാരികളെയും വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്നവരെയും അദ്ദേഹം സ്വീകരിച്ചു. നിലപാടുകളിൽ ഉറച്ചുനിന്നപ്പോൾ തേടിയെത്തിയ പല പദവികളും അദ്ദേഹം തൂത്തെറിഞ്ഞു. മായാവതിയുടെ പാർട്ടി വാഗ്ദാനം ചെയ്ത രാജ്യസഭാംഗത്വം വരെയുണ്ടായിരുന്നു അതിൽ.
2021ൽ ‘എതിരി’ന് കേരള സാഹിത്യ അക്കാദമി മികച്ച ആത്മകഥക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ഏറ്റുവാങ്ങാൻ തയാറായില്ല. ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ആ പുരസ്കാരം തിരസ്കരിച്ചു. ഒടുവിൽ ജീവിതവും. കെ.ആർ. നാരായണനുശേഷം ഒന്നാം റാങ്ക് നേടിയ ആദ്യ മലയാളി ദലിത് വിദ്യാർഥി. 27 വർഷം കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ അധ്യാപകൻ. മഹാരാഷ്ട്രയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ പ്രഫസർ, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുവൻ നിയന്ത്രിക്കുന്ന യു.ജി.സിയുടെ ഉന്നതാധികാര സമിതിയിൽ അംഗം. എന്നിട്ടും അദ്ദേഹം കേരളത്തിൽ വൈസ് ചാൻസലർ പദവിയിൽനിന്ന് എന്തുകൊണ്ട് തഴയപ്പെട്ടെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ചരിത്രവും കേരളം ഭരിച്ച സർക്കാറുകളും ജാതി ബോധവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.