വണ്ടൂരിന്റെ ആധാരമെഴുത്തിന് അരനൂറ്റാണ്ടിന്റെ കൈവഴക്കവുമായി ‘കുഞ്ഞു’
text_fieldsവണ്ടൂർ: കുഴിക്കാടൻ സാക്കിർ ഹുസൈൻ എന്ന കുഞ്ഞു ആധാരമെഴുതാൻ തുടങ്ങിയിട്ട് 50 വർഷം പിന്നിടുകയാണ്. 1970ൽ സ്കൂൾ പഠനത്തോടൊപ്പം പിതാവ് കുഴിക്കാടൻ മുഹമ്മദിന്റെയും എളാപ്പ കുഴിക്കാടൻ അലവിക്കുട്ടിയുടേയും കൂടെ സർക്കാർ ഓഫിസുകളിലേക്ക് ആളുകൾക്ക് ആവശ്യമുള്ള ഫോം പൂരിപ്പിച്ചു കൊടുത്തായിരുന്നു തുടക്കം. പിന്നീട് വണ്ടൂർ-മഞ്ചേരി റോഡിലെ കരുമാരപ്പറ്റ ബിൽഡിങ്ങിൽ ആധാരമെഴുത്തുകാരനായിരുന്ന പിതാവിന്റെ ഗുരുക്കന്മാരുകൂടിയായിരുന്ന ചാത്തോലി മരക്കാർ ഹാജിയുടേയും കൊളക്കാട്ട് മാധവൻനായരുടേയും ശിഷ്യനാവുകയും കുറഞ്ഞകാലം കൊണ്ടുതന്നെ കൈയ്യെഴുത്തിലും പകർപ്പെഴുത്തിലും മികവു തെളിയിക്കുകയും ചെയ്തു.
തുടർന്ന് എം.ഡി.എ, (എം.എസ്.എ) പാസാവുകയും 1976ൽ കേരള സ്റ്റേറ്റ് ലൈസൻസ് ലഭിക്കുകയും ചെയ്തു. അതോടെ ചെറുപ്രായത്തിൽ തന്നെ ആധാരം എഴുതി തയാറാക്കാനുള്ള ലൈസൻസ് ലഭിച്ച എഴുത്തുകാരനായി.
വണ്ടൂരിലെ പൂർവിക ആധാരമെഴുത്ത് കുടുംബാംഗം എന്നതിനപ്പുറം ആളുകളേറെ വിശ്വാസമർപ്പിക്കുന്നതിനാലും 68ാം വയസ്സിലും സാക്കിർ ഹുസൈൻ തിരക്കേറിയ ആധാരമെഴുത്തുക്കാരനായി തുടരുകയാണ്. ജോലി എന്നതിനപ്പുറം നാനാതുറകളിലുള്ള ആളുകളുമായി സമ്പർക്കം പുലർത്തുന്നതിൽ നിർവൃതി കണ്ടെത്തൽകൂടിയാണ് ആധാരമെഴുത്തു ജോലി തുടരാൻ വണ്ടൂരുകാരുടെ കുഴിക്കാടൻ കുഞ്ഞുവിന് പ്രചോദനമേകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.