പ്രിയ താരത്തിന്റെ കളികാണാൻ അനിരുദ്ധ് യാത്ര തിരിക്കുന്നു
text_fieldsകൊച്ചി: കോവിഡ് കാലത്തിന്റെ ആശങ്കകൾക്ക് ഇടയിലാണ് 2021 ജൂലൈ 30ന് മാധ്യമം പത്രത്തിൽ കെ.വി. അനിരുദ്ധ് എന്ന സെറിബ്രൽ പാൾസി ബാധിച്ച വിദ്യാർഥിയുടെ വാർത്ത പ്രസിദ്ധീകരിക്കുന്നത്. സാമൂഹിക ബന്ധങ്ങൾ ഒന്നും ഇല്ലാതിരുന്ന കോവിഡ് കാലത്ത് തന്റെ രോഗാവസ്ഥയെ മറികടന്ന് അനിരുദ്ധ് വായിച്ച് കൂട്ടിയത് 58 പുസ്തകങ്ങളായിരുന്നു. ഇന്ന് അത് 114 പുസ്തകങ്ങൾ ആയി. ഇതേ രോഗാവസ്ഥയുള്ളതും അല്ലാത്തതുമായ നിരവധി പേർക്ക് പ്രചോദനമായിരുന്നു അനിരുദ്ധിന്റെ വാർത്ത.അനിരുദ്ധ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഏറെ നാളായി തന്റെ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു പ്രിയ താരമായ മെസിയുടെ കളി നേരിൽ കാണുകയെന്നത്.
ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ മെസി ബൂട്ട്കെട്ടി കളത്തിൽ ഇറങ്ങുമ്പോൾ ഗാലറിയിൽ ആവേശം പകരാൻ അനിരുദ്ധുമുണ്ടാവും. ഈ രോഗാവസ്ഥയിൽ വിഷമിച്ചിരിക്കാതെ ആഗ്രഹങ്ങൾ സാധിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു അനിരുദ്ധിന്റെ യാത്രയെ വിത്യസ്തമാക്കുന്നത് . സമാന രോഗം ബാധിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും അനിരുദ്ധിന്റെ ജീവിതം പ്രതീക്ഷകൾ നൽകുന്നതാണ്. നവംബർ 22ന് അനിരുദ്ധും കുടുംബവും ദോഹയിലേക്ക് യാത്രതിരിക്കും.
നവംബർ 24ന് നടക്കുന്ന പോർച്ചുഗൽ -ഘാന മത്സരമാണ് അനിരുദ്ധ് ആദ്യം കാണുന്നത്. നവംബർ 26ന് നടക്കുന്ന അർജന്റീന -മെക്സികോ പോരാട്ടത്തിൽ തന്റെ ഇഷ്ട താരത്തിന്റെ കളി കാണുക എന്നതാണ് ഏറ്റവും പ്രധാനം. അനിരുദ്ധിന്റെ അച്ഛൻ ഗോപകുമാർ പഠിപ്പിച്ച ഡി.സി മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ 2012-14 ബാച്ചിലെ എം.ബി.എ വിദ്യാർഥികളാണ് അനിരുദ്ധിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ കൂടെ നിൽക്കുന്നത്. മത്സരങ്ങളുടെ ടിക്കറ്റുകൾ എടുത്ത് നൽകിയതും ദോഹയിൽ താമസ സൗകര്യം ഒരുക്കി നൽകിയതും തിരുവനന്തപുരം സ്വദേശിയായ ലിജോ ടൈറ്റസ് ആണ്.
കളമശ്ശേരി എൻ.എ.ഡി. കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അനിരുദ്ധ്. കാസർകോട് നീലേശ്വരത്തിനടുത്ത് കൊല്ലംപാറ സ്വദേശിയായ ഗോപകുമാർ മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കളമശ്ശേരിയിൽ താമസിക്കുന്നത്. കൊച്ചിയിലെ ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയിലെ വിസിറ്റിങ് ഫാക്കൽറ്റിയാണ് ഗോപകുമാർ. കാഞ്ഞങ്ങാട്ട് സ്വദേശി കെ.വി. ധന്യയാണ് അനിരുദ്ധിന്റെ അമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.